Investigation | ദുരൂഹമായി പാനൂർ സ്ഫോടനം; പൊലീസ് അന്വേഷണം തുടരുന്നു; വിഷയം വടകരയിൽ തിരഞ്ഞെടുപ്പ് വിഷയമാക്കി പ്രതിപക്ഷം; സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം, പാർടിക്ക് യാതൊരു ബന്ധവുമില്ലെന്നും വിശദീകരണം
* സ്‌ഫോടനമുണ്ടായ സ്ഥലത്ത് പൊട്ടാത്ത ബോംബ് കണ്ടെടുത്തിട്ടുണ്ട്
കണ്ണൂർ: (KasargodVartha) പാനൂരിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. സ്‌ഫോടനമുണ്ടായ സ്ഥലത്ത് പൊട്ടാത്ത ബോംബ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്‌ഫോടകവസ്തുക്കളും കണ്ടെത്തി. ബോംബ് സ്‌ക്വാഡ് എത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. ബോംബ് നിർമാണ സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നുവെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്.
പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. പരുക്കേറ്റ വിനീഷ്, വിനോദ്, അശ്വന്ത് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ പുലർച്ചെ ഒരു മണിയോടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ബോംബാണ് നിർമിച്ചതെങ്കിൽ എന്തിന് വേണ്ടിയെന്നതടക്കമുള്ള കാര്യങ്ങൾ ദുരൂഹമായി തുടരുകയാണ്. ഇക്കാര്യങ്ങളിലൊക്കെ പൊലീസ് അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
അതിനിടെ പാനൂരിലെ ബോംബ് സ്ഫോടനം വടകരയിൽ പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ബോംബ് വെച്ച് എന്ത് സ്വാധീനമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി ശാഫി പറമ്പിൽ പറഞ്ഞു. ബോംബ് കയ്യിലിരുന്ന് പൊട്ടിയിട്ടില്ലായിരുന്നുവെങ്കിൽ ആർക്കെതിരെ ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ പാനൂര്‍ സ്‌ഫോടനവുമായി സിപിഎമിന് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ടി പാനൂര്‍ ഏരിയാ കമിറ്റി അറിയിച്ചു. മരിച്ച ഷെറിനും പരുക്കേറ്റ വിനീഷും സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലുള്‍പ്പെടെ പ്രതികളാണ്. അന്നു തന്നെ പാര്‍ടി ഇവരെ തള്ളിപ്പറഞ്ഞതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സിപിഎമിനെതിരെ ബോധപൂര്‍വം പ്രചാരണം നടത്തുകയാണെന്നും നേതാക്കൾ വിശദീകരിച്ചു. പാനൂര്‍ സ്ഫോടനത്തില്‍ പൊലീസ് സമഗ്രഅന്വേഷണം നടത്തണമെന്ന് സിപിഎം നേതാവ് ടി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജനങ്ങളെ ഭിന്നിപ്പിച്ച് തിരഞ്ഞെടുപ്പില്‍ ജയിക്കാനാണ് യുഡിഫ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.