Problem | അപേക്ഷകർക്ക് ഇരിപ്പിടമില്ലാതെ പയ്യന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രം; പുറത്ത് വെയിലത്തും മഴയിലും നിൽക്കേണ്ട അവസ്ഥ; ദുരിതം
● കുട്ടികളും മുതിർന്നവരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.
● അടുത്ത വർഷം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുമെന്ന് അധികൃതർ.
● അധികൃതർ ഇടപെടൽ ആവശ്യമാണ്.
പയ്യന്നൂർ: (KasargodVartha) പാസ്പോർട്ടിനും, അനുബന്ധകാര്യങ്ങൾക്കുമായി അതിരാവിലെ ട്രെയിനുകളിലും മറ്റു വാഹനങ്ങളിലുമായി പയ്യന്നൂരിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തുന്നവർക്ക് പുറത്ത് ഇരിപ്പിടം ഇല്ലാത്തത് ദുരിതമാവുന്നതായി പരാതി. കൈകുഞ്ഞുമായി എത്തുന്ന സ്ത്രീകളും, അതേപോലെ മുതിർന്ന പൗരന്മാരുമാണ് ഏറെയും ബുദ്ധിമുട്ടുന്നത്.
ഇവർക്ക് ഓഫീസിന് പുറത്ത് വെയിലത്ത് വരി നിൽക്കേണ്ട അവസ്ഥയുണ്ട്. പാതയോരത്തും മറ്റുമാണ് മിക്കവരും കാത്തുനിൽക്കുന്നത്. പലരും അവശത കൊണ്ട് കെട്ടിടങ്ങളുടെ മതിലിലും ചാരി നിൽക്കുന്നതും കാണാം. പാസ്‌പോർട് സേവ കേന്ദ്രം പയ്യന്നൂരിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ഇതാണ് അവസ്ഥ.
ഇതിനിടെ മൊഗ്രാൽ ദേശീയവേദി വൈസ് പ്രസിഡണ്ട് എംജിഎ റഹ്‌മാൻ വിവരം പാസ്പോർട്ട് ഓഫീസറെ നേരിൽ കണ്ടു ബോധ്യപ്പെടുത്തുകയും ചെയ്തു. അപേക്ഷകർക്ക് നൽകിയ സമയത്ത് ഓഫീസിൽ എത്താനായാൽ ഇത്തരത്തിൽ കാത്തുനിൽക്കേണ്ടി വരില്ലെന്നും, ഓഫീസിനകത്ത് കയറാമെന്നും ഓഫീസർ പറഞ്ഞു.
സമയം തെറ്റി വരുന്നവർക്കും, അപേക്ഷകർ വളരെ നേരത്തെ തന്നെ വരുന്നതുമാണ് ഇത്തരത്തിൽ കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുന്നതെന്നാണ് വിശദീകരണം. അടുത്തവർഷം ഓഫീസ് പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുമ്പോൾ പുറത്ത് ഇരിപ്പിടവും മറ്റും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചതായി എംജിആർ റഹ്‌മാൻ പറഞ്ഞു.
എല്ലാ സമയത്തും ട്രെയിൻ സർവീസ് ഇല്ലാത്തതിനാൽ കാസർകോട് നിന്നടക്കം ദൂരദേശങ്ങളിൽ നിന്നും പലരും നേരത്തെ തന്നെ പയ്യന്നൂരിൽ എത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പൊരിവെയിലിലും മഴക്കാലത്ത് മഴയിലും നിൽക്കേണ്ടി വരുന്നത് അപേക്ഷകർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യം പരിഹരിക്കുന്നതിനായി അധികൃതർ ഉടൻ തന്നെ ഇടപെടേണ്ടതിന്റെ ആവശ്യകതയാണ് ഉയർന്നു വരുന്നത്.
#Payyanur, #PassportOffice, #Kerala, #India, #seatingissue, #government, #complaint