Police Booked | റിയാസ് മൗലവി വധക്കേസ് വിധി: 'ഫേസ്‌ബുകിൽ പ്രകോപനപരമായ കമന്റിട്ടു'; കണ്ണൂരിൽ ഒരാൾക്കെതിരെ പൊലീസ് കേസ്
* പൊലീസ് അന്വേഷണമാരംഭിച്ചു
കണ്ണൂർ: (KasargodVartha) റിയാസ് മൗലവി വധക്കേസിൽ കോടതി വിധിയുമായി ബന്ധപ്പെട്ട് ഫേസ്‌ബുകിലിട്ട പോസ്റ്റിന് താഴെ പ്രകോപനപരമായ കമന്റിട്ടുവെന്നതിന് ഒരാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മഹ്‌മൂദ് പറമ്പന്‍മാരകത്ത് എന്ന ഉപയോക്താവിനെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മാർച് 31ന് ജംശീദ് പള്ളിപ്രം എന്നയാള്‍ ഫേസ്ബുകില്‍ പോസ്റ്റ് ചെയ്ത റിയാസ് മൗലവിയുടെ ഫോടോയ്‌ക്കും കുറിപ്പിനും താഴെ മഹ്‌മൂദ് പറമ്പന്‍മാരകത്ത് മന:പൂർവം നാട്ടിൽ കലാപം സൃഷ്ടിക്കുന്നതും ലഹളയും വ്യക്തികൾക്കു ശല്യമുണ്ടാക്കുന്ന വിധത്തിലുമുള്ള കമൻറ് പോസ്റ്റ് ചെയ്തുവെന്നാണ് കേസ്.
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം കണ്ണൂര്‍ സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷന്‍ എസ്ഐ സുഭാഷ് ചന്ദ്രനാണ് ഐപിസി 153, കേരള പൊലീസ് ആക്ട് 120(ഒ) വകുപ്പുകള്‍ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്.