E-Sports Center | കേരളത്തിലെ ആദ്യത്തെ ഇ-സ്‌പോര്‍ട്‌സ് കേന്ദ്രം തലശ്ശേരിയില്‍ സ്ഥാപിക്കുമെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍
തലശ്ശേരി: (KasargodVartha) കേരളത്തിലെ ആദ്യത്തെ ഇ-സ്‌പോര്‍ട്‌സ് കേന്ദ്രം തലശ്ശേരിയിലെ വി ആര്‍ കൃഷ്ണയ്യര്‍ മെമോറിയല്‍ മുന്‍സിപല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുമെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍ അറിയിച്ചു. ഞാന്‍തലശ്ശേരി സ്റ്റേഡിയം കോംപ്ലക്‌സില്‍ രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം സെന്ററും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ (SKF) -ന്റെ ആഭിമുഖ്യത്തില്‍ ഹെല്‍തി കിഡ്‌സ് പ്രോഗ്രാമും ആരംഭിക്കുന്നതാണ്. ഇതിനായി എംഎല്‍എ തുകയില്‍നിന്നും 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ജൂലൈ 13-ന് സംസ്ഥാന സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഉള്‍പെടെയുള്ള വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തും. നിയമസഭാ സ്പീകറുടെ ചേംബറില്‍ സ്പീകര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങള്‍ സ്പീകര്‍ അറിയിച്ചത്.
യോഗത്തില്‍, സ്‌പോര്‍ട്‌സ് വകുപ്പുമന്ത്രി വി. അബ്ദു റഹ് മാന്‍, കിഫ്ബി ജി എം ഷൈല, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ വിഷ്ണുരാജ്, എസ് കെ എഫ് സി ഇ ഒ അജയകുമാര്‍, സ്‌പോര്‍ട്‌സ് വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി സത്യപാലന്‍, സ്പീകറുടെ പ്രൈവറ്റ് സെക്രടറി മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രടറി അര്‍ജുന്‍ എസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.