Accident | ഇരട്ടമരണം ഉരുവച്ചാല്‍ ഗ്രാമത്തെ നടുക്കി; റോഡില്‍ പൊലിഞ്ഞത് മുത്തച്ഛന്റെയും പേരമകന്റെയും ജീവന്‍
May 13, 2023, 09:51 IST
മട്ടന്നൂര്‍: (www.kasargodvartha.com) മുത്തച്ഛന്റെയും പേരക്കുട്ടിയുടെയും മരണം ഉരുവച്ചാല്‍ കയനി ഗ്രാമത്തെ നടുക്കത്തിലാഴ്ത്തി. തുടര്‍ചയായ റോഡപകടങ്ങളാണ് കണ്ണൂരില്‍ നടന്നുവരുന്നത്. ഉരുവച്ചാല്‍ മഞ്ചേരിപൊയിലിലെ ചോടോന്‍ അരവിന്ദാക്ഷന്റെയും പേരക്കുട്ടി ഷാരോണിന്റെയും മരണവാര്‍ത്തയാണ് പുലര്‍കാലെ കയനിഗ്രാമത്തെ തേടിയെത്തിയത്.
വെളളിയാഴ്ച പുലര്‍ചെ 3.45 മണിയോടെ മെരുവമ്പായിയിലുണ്ടായ അപകടമാണ് ഇരുവരുടെയും ജീവന്‍ കവര്‍ന്നത്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയിമടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. അരവിന്ദാക്ഷന്റെ മകന്‍ അനീഷിന്റെ ഭാര്യ ശില്‍പയും മകള്‍ ആരാധ്യയും ദുബൈയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനാല്‍ വിമാനത്താവളത്തിലേക്ക് ഇവരെ കൂട്ടിക്കൊണ്ടു പോയതായിരുന്നു. ഇവരെ കൂട്ടിക്കൊണ്ടു മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച ടവേര വാന്‍ നിയന്ത്രണംവിട്ട് മെരുവമ്പായി പാലത്തിന് സമീപത്തെ കലുങ്കിലിടിച്ചത്.
കലുങ്കിലിടിച്ചുകയറിയ വാഹനത്തില്‍ നിന്നും യാത്രക്കാരെ കൂത്തുപറമ്പില്‍ നിന്നുമെത്തിയ അഗ്നിശമന സേനാവിഭാഗവും നാട്ടുകാരുമാണ് ആശുപത്രിയിലെത്തിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് അരവിന്ദാക്ഷനും കുടുംബവും വിമാനതാവളത്തിലേക്ക് പോയത്. വാഹനം അപകടത്തില്‍പ്പെട്ടതായും കുട്ടിയുള്‍പെടെ രണ്ടു പേര്‍ മരിച്ചതായുമുളള വാര്‍ത്ത നടുക്കത്തോടെയാണ് ഉരുവച്ചാല്‍ ഗ്രാമമറിഞ്ഞത്. വീട്ടിലേക്കുളള വഴിയില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമുളളപ്പോഴാണ് ഇരുവരുടെയും ജീവന്‍ ദുരന്തത്തില്‍ പൊലിഞ്ഞത്.
അപകടവിവരമറിഞ്ഞ് നാട്ടുകാര്‍ സംഭവസ്ഥലത്തും ആശുപത്രിയിലും ഓടിയെത്തിയിരുന്നു. മരിച്ച അരവിന്ദാക്ഷന്‍ നീര്‍വേലി സ്‌കൂളിലെ പ്യൂണായിരുന്നു. ഷാരോണ്‍ കുഴിക്കല്‍ എല്‍.പി സ്‌കൂളില്‍ നിന്നും പാസായി ആറാം തരത്തില്‍ ചേരാനിരിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പെടെ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്. മരണമടഞ്ഞ കുഴിക്കല്‍ മഞ്ചേരി പൊയില്‍ അരവിന്ദാക്ഷന്‍(65) പേരമകന്‍ ഷാരോണ്‍ (16) എന്നിവര്‍ കൊല്ലപ്പെടുകയും ടവേര ഡ്രൈവര്‍ അഭിഷേക്, അരവിന്ദാക്ഷന്റെ ഭാര്യ സ്വയംപ്രഭ(55), മകന്‍ ഷിനു(40), ധനുഷ (30), ശില്‍പ(34), ആരാധ്യ(12)സിദ്ദാര്‍ഥ്, സൗരവ് എന്നിവര്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kannur, Kerala, Accident, Injured, Accident, Road, Death, Hospital, Treatment, Kannur: Two including 10 year old boy died in road accident.