Bomb | ന്യൂമാഹിയില്‍ റോഡരികില്‍നിന്ന് ബോംബ് കണ്ടെത്തി
പൊട്ടിയത് ഏറുപടക്കമെന്ന് പൊലീസ്
തലശ്ശേരി-മാഹി ബൈപാസിന്റെ സര്‍വീസ് റോഡരികിലാണ് കണ്ടെത്തിയത്.
മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ ഒരു വീടിനുനേരെ ബോംബേറുണ്ടായിരുന്നു.
കണ്ണൂര്‍: (KasargodVartha) പ്രദേശവാസികളെ ആശങ്കയിലാക്കി വീണ്ടും ബോംബ് കണ്ടെടുത്തു. ന്യൂ മാഹി പെരിങ്ങാടിയില്‍ തലശ്ശേരി-മാഹി ബൈപാസിന്റെ സര്‍വീസ് റോഡരികിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. ശനിയാഴ്ച (22.06.202) കൂത്തുപറമ്പിലും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു.
അതിനിടെ പാനൂര്‍ ചെണ്ടയാട് റോഡില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിഭ്രാന്തിയിലാക്കി. പൊട്ടിയത് ഏറുപടക്കമെന്നാണ് സംഭവസ്ഥലത്തെത്തിയ പൊലീസ് പറയുന്നത്. എന്നാല്‍ ആരാണ് ഇത് എറിഞ്ഞ് പൊട്ടിച്ചതെന്ന് വ്യക്തമല്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പ്രദേശത്തെ ഒരു വീടിന് നേരെ മാസങ്ങള്‍ക്ക് മുമ്പ് ബോംബേറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ വയോധികന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചത് ബോംബ് രാഷ്ട്രീയത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിരുന്നു. എരഞ്ഞോളിയിലെ വേലായുധന്‍ എന്ന 80 കാരനാണ് തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലെത്തിയപ്പോള്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചത്. ഈ സംഭവത്തിന് പിന്നാലെ വ്യാപക പരിശോധനയ്ക്ക് ഡിഐജി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബോംബ് കണ്ടെത്തിയത്.
സമീപകാലത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണോ സംഭവമെന്ന് പരിശോധിക്കുന്നുണ്ട്. കൂത്തുപറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂര്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും തിരച്ചില്‍ നടത്തിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള അഞ്ച് ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.