Photo Exhibition | നവരാത്രി: ചിറക്കല്‍ കോവിലകത്ത് നടന്ന പെരുംകളിയാട്ട തെയ്യങ്ങളുടെ ചിത്ര പ്രദര്‍ശനമൊരുങ്ങുന്നു
കണ്ണൂര്‍: (KVARTHA) ചിറക്കല്‍ കോവിലകത്ത് നടന്ന പെരുംകളിയാട്ട തെയ്യങ്ങളുടെ ചിത്ര പ്രദര്‍ശനമൊരുങ്ങുന്നു. രണ്ടാം ദസറ എന്നറിയപ്പെടുന്ന കണ്ണൂര്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ചിറക്കല്‍ കോവിലകം ചാമുണ്ഡിക്കോട്ടം തിരുമുറ്റത്താണ് പെരും കളിയാട്ടം ചിത്ര വഴക്കം എന്നു പേരിട്ട ഫോടോ പ്രദര്‍ശനം.
മാതൃഭൂമി മുന്‍ ചീഫ് ഫോടോഗ്രാഫറും റോയിടേഴ്സ്, ഗെറ്റി ഇമേജസ് അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജെന്‍സികള്‍ക്കുവേണ്ടി ചിത്രമെടുക്കുന്ന സ്പോര്‍ട്സ് ഫോടോഗ്രാഫറും ചലച്ചിത്ര രംഗത്ത് ചീഫ് അസോസിയേറ്റ് ഡയറക്ടറുമായും പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഛായഗ്രാഹകന്‍ എ കെ ബിജുരാജാണ് 45 വര്‍ഷത്തിന് ശേഷം 2023 ഏപ്രിലില്‍ നടന്ന ചിറക്കല്‍ കോവിലകംചാമുണ്ഡി കോട്ടം പെരുംകളിയാട്ടം ഫോടോ പ്രദര്‍ശനം നടത്തുന്നത്.
പെരും കളിയാട്ടത്തിലെ മുപ്പത്തൈവര്‍ തെയ്യങ്ങളുടെ ഉറഞ്ഞാട്ടങ്ങളും അനുഷ്ഠാന ചടങ്ങുകളുമാണ് 101 ചിത്രങ്ങളിലൂടെ നവരാത്രി സന്ധ്യയില്‍ പുനര്‍ജനിക്കുന്നത്. 2023 ഒക്ടോബര്‍ 15 മുതല്‍ 24 വരെചിറക്കല്‍ ചാമുണ്ഡി കോട്ടത്ത് നടക്കുന്ന നവരാത്രി മഹോല്‍സവ ദിനങ്ങളില്‍ തിരുമുറ്റത്തെ പന്തലിലാണ് പെരും കളിയാട്ടം 'ചിത്രവഴക്കം' പ്രദര്‍ശനം.
ഒക്ടോബര്‍ 15 ന് ഞായറാഴ്ച സന്ധ്യയ്ക്ക് ചിറക്കല്‍ കോവിലകം കോലത്തിരി വലിയ രാജ ഉത്രട്ടാതി തിരുനാള്‍ സി കെ രാമവര്‍മയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ നവരാത്രി മഹോത്സവം കെ വി സുമേഷ് എം എല്‍ എയും ചാമുണ്ഡി കോട്ടംപെരും കളിയാട്ടം ചിത്ര വഴക്കം - പ്രദര്‍ശനം തന്ത്രി കാട്ടുമാടം ഇളയേടത്ത് മനയ്ക്കല്‍ ഈശാനന്‍ നമ്പൂതിരിപ്പാടും നിര്‍വഹിക്കുമെന്ന് സെക്രടറി സി കെ സുരേഷ് വര്‍മ അറിയിച്ചു. നവരാത്രി പൂജകളോടനുബന്ധിച്ച് എല്ലാ ദിവസവും നൃത്ത-സംഗീത-വാദ്യമടക്കമുള്ള കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
Keywords: News, Kerala, Religion, Kannur, Photo Exhibition, Perumkaliyatta Theyyam, Navaratri,Kannur: Photo exhibition of Perumkaliyatta Theyyam.