Revival | ദിവസങ്ങളോളം മംഗ്ളൂറിലെ ആശുപത്രിയിൽ; 'വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ ജീവൻ നഷ്ടമാകുമെന്ന് ഡോക്‌ടർമാർ'; ഒടുവിൽ മരിച്ചെന്ന് കരുതിയ ആൾ മോർച്ചറിയിൽ നിന്ന് ജീവിതത്തിലേക്ക്

● വെന്റിലേറ്ററിൽ നിന്ന് മാറ്റിയ ശേഷം മോർച്ചറിയിലേക്ക് മാറ്റി.
● മോർച്ചറിയിൽ വെച്ച് അറ്റൻഡർ സ്പർശിച്ചപ്പോഴാണ് ജീവൻ തിരിച്ചറിഞ്ഞത്.
● നിലവിൽ രോഗി ഐസിയുവിൽ ചികിത്സയിലാണ്
കണ്ണൂർ: (KasargodVartha) മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികൻ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. കണ്ണൂർ പാച്ചപ്പൊയിക സ്വദേശിയായ പവിത്രനാണ് പുതുജന്മം ഉണ്ടായിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് പവിത്രൻ ഏറെ നാളുകളായി മംഗ്ളൂറിലെ കെ എസ് ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ ജീവൻ നഷ്ടമാകുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞിട്ടും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് ബന്ധുക്കൾ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ശേഷം ആംബുലൻസിൽ പവിത്രനെ കണ്ണൂരിലേക്ക് കൊണ്ടുവന്നു. വീട്ടിലേക്ക് കൊണ്ടുപോകാതെ 'മൃതദേഹം' മോർച്ചറിയിൽ സൂക്ഷിക്കാനായിരുന്നു ബന്ധുക്കളുടെ തീരുമാനം.
തുടർന്ന് കണ്ണൂർ നഗരത്തിലെ തളാപ്പ് എകെജി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അറ്റൻഡർ പവിത്രൻ്റെ കയ്യിൽ അപ്രതീക്ഷിതമായി പവിത്രൻ സ്പർശിച്ചപ്പോഴാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ അറ്റൻഡർ ഡോക്ടർമാരെ വിവരമറിയിച്ചു. പരിശോധനയ്ക്ക് ശേഷം നിലവിൽ പവിത്രൻ എകെജി ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്.
രാവിലെ ചില പത്രങ്ങളിൽ പവിത്രന്റെ മരണവാർത്ത അച്ചടിച്ചു വന്നിരുന്നു. ബന്ധുക്കളും നാട്ടുകാരും ദുഃഖത്തിൽ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കെയാണ് പവിത്രന്റെ അത്ഭുതകരമായ തിരിച്ചുവരവിൻ്റെ വാർത്ത എത്തുന്നത്. പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എകെജി ആശുപത്രി അധികൃതർ അറിയിച്ചു.
#Miracle #Kannur #Revival #Kerala #Health #Medical