Arrested | വര്‍ക് ഷോപ് കുത്തിത്തുറന്ന് മോഷ്ടിച്ച കാസര്‍കോട്ടെ ഗള്‍ഫുകാരന്റെ ബെന്‍സ് കാര്‍ പിന്തുടര്‍ന്ന് തമിഴ്‌നാട് തിരുപ്പുരില്‍ നിന്നും പിടികൂടി; പിന്നില്‍ അന്തര്‍ സംസ്ഥാന കവര്‍ചക്കാര്‍, തിരിച്ചറിഞ്ഞു
Apr 6, 2023, 18:04 IST
ഇരിട്ടി: (www.kasargodvartha.com) കാസര്‍കോട്ടെ ഗള്‍ഫുകാരന്റെ മോഷണം പോയ ബെന്‍സ് കാര്‍ പിന്തുടര്‍ന്ന് തമിഴ്‌നാട്ടിലെ തിരുപ്പുരില്‍ നിന്നും പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി 9.30 മണിയോടെയാണ് മോഷ്ടിച്ച കാര്‍ സാഹസികമായി പിടികൂടിയത്. ബെന്‍സ് കാര്‍ കവര്‍ചാസംഘം വര്‍ക് ഷോപ് കുത്തിത്തുറന്ന് മോഷ്ടിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കാര്‍ കവര്‍ചയ്ക്ക് പിന്നില്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കളാണെന്ന് തിരിച്ചറിഞ്ഞു. അടുത്തിടെ തലശ്ശേരിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും വാഹനം കവര്‍ച ചെയ്തതിന് പിന്നിലും ഇതേ സംഘമാണെന്നതിനുള്ള വ്യക്തമായ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കാര്‍ കവര്‍ച ചെയ്യപ്പെട്ടതിന് പിന്നാലെ ഇരിട്ടി പൊലീസ് കേരളത്തിലേയും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനളിലേയും പൊലീസിന് കാറിന്റെ ചിത്രം സഹിതം വിവരം കൈമാറിയിരുന്നു. ഇതിനിടയിലാണ് തമിഴ്നാട്ടിലെ ഗോപാലപുരം പൊള്ളാച്ചി റോഡിലെ ടോള്‍ പ്ലാസയില്‍ കാര്‍ കടന്നുപോയതിന്റെ വിവരം ലഭിച്ചത്.
കാറിനെ പിന്തുടര്‍ന്ന പൊലീസ് സംഘം തിരുപ്പുരിലെ വഴിയില്‍വെച്ച് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോയി. തൊട്ടടുത്ത ജന്‍ങ്ഷനില്‍ തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ കാറിനെ പിടികൂടാന്‍ കാത്തു നിന്നു. പൊലീസിനെ കണ്ടതോടെ കാര്‍ നിര്‍ത്തി രണ്ടംഗസംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
കവര്‍ചക്കാരെ പിടികൂടാന്‍ തിരുപ്പുര്‍ എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ കേരള പൊലീസ് ബന്ധപ്പെട്ടിരുന്നു. പിടികൂടിയ കാര്‍ അതേപടി ലോറിയില്‍ കയറ്റി കോഴിക്കോട് എത്തിച്ചിട്ടുണ്ട്. ഇവിടെ വിരലടയാളമടക്കം പരിശോധിക്കാനായി ഫോറന്‍സികിന് കൈമാറും. പരിശോധനയ്ക്കുശേഷം ഇരിട്ടി പൊലീസ് സ്റ്റേഷനില്‍ കാര്‍ എത്തിക്കും.
ഇരിട്ടി പയഞ്ചേരിമുക്കിലെ എക്‌സിക്യൂടീവ് കാര്‍ ക്ലിനികില്‍ നിന്നും ബുധനാഴ്ച പുലര്‍ചെ അഞ്ച് മണിയോടെയാണ് കവര്‍ച ചെയ്ത് കൊണ്ടുപോയത്. കാസര്‍കോട് സ്വദേശിയും പ്രവാസിയുമായ കാസര്‍കോട് ഫോര്‍ട് റോഡിലെ നൂറുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെഎ 19 എംഎല്‍ 4747 നമ്പര്‍ ബെന്‍സ് കാറാണ് കവര്‍ച ചെയ്യപ്പെട്ടത്.
കാസര്‍കോട്ടെ അംജദിന്റെ ഉടമസ്ഥതയിലുള്ളതാണ് വര്‍ക് ഷോപ്. ഈ പരിചയത്തിലാണ് നൂറുദ്ദീന്‍ വാഹനം അറ്റകുറ്റപ്പണിക്കായി വര്‍ക് ഷോപില്‍ ഏല്‍പിച്ച് വിദേശത്തേക്ക് പോയത്. ഒരുമാസം മുമ്പാണ് കാര്‍ അറ്റകുറ്റപ്പണിക്കായി ഏല്‍പിച്ചിരുന്നത്. കാറിന്റെ യന്ത്രഭാഗങ്ങള്‍ ലഭിക്കാന്‍ വൈകിയിരുന്നു. കഴിഞ്ഞ ദിവസം യന്ത്രഭാഗങ്ങള്‍ ലഭിച്ച്, കാസര്‍കോട്ടേക്ക് കാര്‍ കൊണ്ടുപോകാന്‍ ഇരിക്കവെയാണ് കവര്‍ച അരങ്ങേറിയത്.
വര്‍ക് ഷോപിലുണ്ടായിരുന്ന ഫോര്‍ച്യൂനര്‍ കാര്‍ കവര്‍ച ചെയ്യാനുള്ള ശ്രമവും നടന്നിരുന്നു. ഇത് തൊട്ടടുത്ത് തന്നെ ഉപേക്ഷിച്ചാണ് ബെന്‍സ് കാറുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. ഫോര്‍ച്യുനര്‍ കാര്‍ കവര്‍ച ചെയ്യാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളിലൊരാളുടെ ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. പുലര്‍ചെ അഞ്ച് മണിയോടെ ഒരാള്‍ കാറിന്റെ ലോക് പൊട്ടിച്ച് വണ്ടിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്.
ഇരിട്ടി സിഐ കെജെ വിനോയിയുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇരിട്ടി എസ് ഐ നിബിന്‍ ജോയി പൊലീസ് ഉദ്യോഗസ്ഥരായ സുധീശ്, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് കാര്‍ കസ്റ്റഡിയിലെടുത്തത്. കാറില്‍ നിന്നും കവര്‍ച ചെയ്യപ്പെട്ട 2 ഐപോഡുകളും ഹാന്‍ഡ്‌ലിഫ്റ്റും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Keywords: News, Kerala, Kannur, Kannur-News | കണ്ണൂർ-വാർത്തകൾ,Crime, Arrested, Accused, Police, Vehicle, Theft, Robbery, Kannur: Inter-state robbers arrested who breaking into workshop and stealing vehicle.