Protest | എഡിഎമ്മിൻ്റെ മരണം: ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ യോഗത്തിൽ ബഹളം
● ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റം
● പൊറാട്ട് നാടകം കളിക്കുന്നത് ശരിയല്ലെന്ന് അഡ്വ. പി കെ അൻവർ
● പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന് കെ പി അബ്ദുൽ റസാഖ്
കണ്ണൂർ: (KasargodVartha) മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ ഭരണപക്ഷ കൗൺസിലർമാർ ബാനറുമായെത്തിയത് ബഹളത്തിന് കാരണമായി. യോഗത്തിൽ അജണ്ട അനുസരിച്ചുള്ള നടപടി ക്രമങ്ങൾ തുടങ്ങുന്നതിന് മുമ്പ് മേയറുടെ സമ്മതത്തോടെ ഇതുമായി ബന്ധപ്പെട്ട് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ സംസാരിക്കവെയാണ് ഭരണപക്ഷ അംഗങ്ങൾ ബാനർ ഉയർത്തി പ്രതിഷേധിച്ചത്.
ഇതോടെ പ്രതിപക്ഷത്തെ എൻ സുകന്യ, ടി രവീന്ദ്രൻ, അഡ്വ: പി കെ അൻവർ, പ്രതീപൻ തുടങ്ങി പ്രതിപക്ഷ കൗൺസിലർമാർ ബഹളം കൂട്ടി. നവീൻ ബാബുവിന്റ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലാണെന്നും എൻ സുകന്യ പറഞ്ഞു. ദിവ്യയല്ല ഒളിച്ചു നടക്കുന്നതെന്നും കേരളത്തിലെ അഭ്യന്തര വകുപ്പും പോലീസുമാണെന്നും ഭരണപക്ഷ കൗൺസിലറായ കെ പി അബ്ദുൽ റസാഖ് പറഞ്ഞു.
പരിഗണനക്കായി നിരവധി അജണ്ടകൾ ഉണ്ടെനിരിക്കെ ഭരണപക്ഷം ഇത്തരം പൊറാട്ട് നാടകം കളിക്കുന്നത് ശരിയല്ലെന്ന് അഡ്വ. പി കെ അൻവർ പറഞ്ഞു. മരണം സംഭവിച്ചാൽ അതെങ്ങിനെ സംഭവിച്ചുവെന്ന് കണ്ടെത്തേണ്ട പൊലീസ് വീഡിയോ ക്ലിപ്പിംഗ് സംഘടിപ്പിക്കാൻ ഓടി നടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞതെന്ന് കൗൺസിലറായ വി കെ ബൈജു പറഞ്ഞു. യോഗത്തിൽ എല്ലാവരും പറയുന്ന വിഷയങ്ങൾ മിനുട്സിൽ രേഖപ്പെടുത്തുന്നില്ലെന്നും, നവീൻ ബാബുവിന്റെ മരണം ആത്മഹത്യയോ കൊലപാതകമാണോ എന്നസംശയമുണ്ടെന്നും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ് പറഞ്ഞു.
നേരത്തെ പിപി ദിവ്യയെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗത്തിലും പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ അജണ്ടകൾ വേഗത്തില്‍ പൂര്‍ത്തിയാക്കി യോഗം പിരിയുകയായിരുന്നു.
#KannurCorporation #KeralaPolitics #BreakingNews #Protest #JusticeForNavinBabu