Strike | 'മുടങ്ങിക്കിടക്കുന്ന വേതന കുടിശ്ശിക മുഴുവന്‍ അനുവദിക്കുക'; ആറളം ഫാമിനെ പ്രതിസന്ധിയിലാക്കി കൊണ്ട് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു
കണ്ണൂര്‍: (www.kasargodvartha.com) കഴിഞ്ഞ അഞ്ചുമാസമായി ശമ്പളം ഇല്ലാതെ പണിയെടുക്കുന്ന ആറളം ഫാമിലെ തൊഴിലാളികള്‍ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ ഫാമിന്റെ പ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. മുടങ്ങിക്കിടക്കുന്ന വേതന കുടിശ്ശിക മുഴുവന്‍ അനുവദിക്കുക, ഫാമിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള വേതന വിതരണം സര്‍കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികളുടെ സമയം.
കൂടുതല്‍ വേതനം ലഭിക്കുന്നതിന് അടുത്തൊന്നും സാധ്യത ഇല്ലെന്ന് വന്നതോടെ ജനുവരി 20 മുതല്‍ പണിമുടക്കാന്‍ തീരുമാനിച്ച് ഫാമിലെ പ്രബല തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി ഫാം അധികൃതര്‍ക്ക് പണിമുടക്കിന് നോടീസ് നല്‍കുകയായിരുന്നു. ഇതോടെ ജനുവരി 20ന് സൂചനാ പണിമുടക്കും, അതിന് പിന്നാലെ അനിശ്ചിത കാല പണിമുടക്കിനുമാണ് യൂനിയനുകള്‍ തയ്യാറെടുക്കുന്നത്.
ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള അഞ്ചുമാസങ്ങളില്‍ 150-ല്‍ അധികം ദിവസം ജോലിചെയ്ത തൊഴിലാളികള്‍ക്ക് ആകെ ലഭിച്ചത് 5000 രൂപ മാത്രമാണ്. സ്ഥിരം തൊഴിലാളികളും താല്‍കാലിക തൊഴിലാളികളും ജീവനക്കാരുമടക്കം ഫാമില്‍ 390 പേരാണ് ഉള്ളത്. ഇതില്‍ താല്‍കാലിക തൊഴിലാളികളും സ്ഥിരം തൊഴിലാളികളുമായി 200ഓളം പേര്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവരാണ്.
നിത്യ ചിലവിനുള്ള വഴി കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഇവര്‍. ഒരുമാസത്തെ ശബളം മാത്രം നല്‍കാന്‍ 70 ലക്ഷത്തോളം രൂപ വേണം. അഞ്ചുമാസത്തെ വേതന കുടിശ്ശിക തീര്‍ക്കണമെങ്കില്‍ 3.5 കോടിയിലധികം രൂപ വേണം. പിരിഞ്ഞുപോയ സ്ഥിരം തൊഴിലാളികള്‍ക്കും ജീവനക്കര്‍ക്കുമായി നല്‍കാനുള്ള ബാധ്യത രണ്ട് കോടിയിലധികം വരും. ഇതിനുള്ള വരുമാനമൊന്നും ഫാമില്‍ നിന്നും ലഭിക്കുന്നുമില്ല. ജീവനക്കാര്‍ക്കുള്ള പി എഫ് വിഹിതവും പിരിഞ്ഞ ജീവനക്കാര്‍ക്കുള്ള ആനുകൂല്യ വിതരണവും നടക്കുന്നില്ല. ഇതിനുമാത്രമായി മൂന്ന് കോടിയോളം രൂപ വേണ്ടി വരുമെന്നാണ് ഫാം മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.
Keywords: Kannur, News, Kerala, Top-Headlines, farmer, Agriculture, Strike, Protest, Kannur: Aralam farm workers given notice for strike.