Theechamundi Theyyam | ചിറക്കലില്‍ 45 കൊല്ലത്തിനുശേഷം നടക്കുന്ന പെരുങ്കളിയാട്ട പെരുമയറിയിക്കാന്‍ 14 കാരന്റെ തീചാമുണ്ഡി തെയ്യം
/ചന്ദ്രന് മുട്ടത്ത്
കണ്ണൂര്‍: (www.kasargodvartha.com) ചിറക്കലില്‍ 45 കൊല്ലത്തിനുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ 14 വയസുമാത്രം പ്രായമുള്ള അഭിരാം കെട്ടുന്ന തീച്ചാമുണ്ഡി തെയ്യം കാണാന്‍ പതിനായിരങ്ങള്‍ ചിറക്കല്‍ ചാമുണ്ഡി കോട്ടത്തിലെത്തും. വ്രതമെടുത്ത് കുച്ചിലില്‍ കഴിയുന്ന അഭിരാമിനെ കാണാന്‍ ഇതിനകം പ്രമുഖരായവരും ഭക്തരുമെല്ലാം കേട്ടത്തിലെത്തുന്നുണ്ട്.
വൈകിട്ട് നടക്കുന്ന തെയ്യതോറ്റത്തോടെ മേലേരിക്ക് അഗ്നി പകരും. തെയ്യത്തിന്റെ തോറ്റവും വാചാലുകളും ഹൃദിസ്ഥമാക്കി ഏഴാം തീയതി പുലര്‍ചെ നടക്കുന്ന അഗ്നിപ്രവേശനത്തിന് ധ്യാനവും പ്രാര്‍ഥനയുമായി അഭിരാം തയ്യാറെടുപ്പിലാണ്.
അഞ്ചാം വയസില്‍ വേടന് തെയ്യം കെട്ടിയാടിയാണ് ആദ്യ അരങ്ങേറ്റം. കോലപ്പെരുമലയനും തെയ്യം ജന്മാധി കാര സ്ഥാനികനുമായ മുരളി പണിക്കരുടെയും രംഭയുടെയും ഏകമകനാണ് അഭിരാം.
ചിറക്കല്‍ പുതിയതെരു അറവിലക്കണ്ടി മടപ്പുരയില്‍ തെക്കന്‍ ഗുളികനും ചിറക്കല്‍ കിഴക്കേ കരമ്മല് പടിഞ്ഞാറേവീട് ദേവസ്ഥാനത്ത് ഉച്ചിട്ട ഭഗവതി തെയ്യവും വിവിധ ക്ഷേത്രങ്ങളില്‍ അഞ്ച് തവണ ഗുളികന് തെയ്യവും കെട്ടിയാടിയ പരിചയ സമ്പത്തുണ്ട്.
വിഷ്ണുമൂര്‍ത്തി, പൊട്ടന്, ഗുളികന്, രക്തചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി ഉച്ചിട്ട, കുട്ടിച്ചാത്തന് തുടങ്ങിയ തെയ്യങ്ങളുടെ തോറ്റംപാട്ടും അനുഷ്ഠാനങ്ങളും അഭിരാം പിതാവിന്റെ ശിക്ഷണത്തില്‍ പഠിച്ചെടുത്തിട്ടുണ്ട്. ഫെബ്രുവരി 24 മുതലാണ് വ്രതാനുഷ്ഠാനം ആരംഭിച്ചത്.
ചിറക്കല്‍ രാജാസ് ഹൈസ്കൂളിലെ എട്ടാം തരം വിദ്യാര്‍ഥിയാണ്. അഭിരാമം കെട്ടിയാടുന്ന തെയ്യം കാണാന്‍ സ്കൂള്‍ അധ്യാപകരും സഹപാഠികളും ചിറക്കലില്‍ എത്തും.
-കേന്ദ്ര സീനിയര്‍ ഫെലോയാണ് ലേഖകന്‍