പുനർവിവാഹത്തിന് 'കൂട്ടായി' സംഗമം; താൽപര്യമുള്ളവർക്ക് അടിസ്ഥാന വീട്ടുപകരണങ്ങൾ നൽകുമെന്ന് സംഘാടകർ; അഭൂതപൂർവമായ പങ്കാളിത്തം
കാസർകോട്: (www.kasargodvartha.com 08.03.2021) പുനർവിവാഹത്തിന് സൗകര്യമൊരുക്കി സംഘടിപ്പിച്ച സംഗമത്തിൽ അഭൂതപൂർവമായ പങ്കാളിത്തം. ജില്ലാ വിധവ സെൽ ആണ് വിവാഹമോചനം നേടിയവർ, വിധവകൾ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി സംഗമം ഒരുക്കിയത്. സംഘാടകരെ പോലും അത്ഭുതപ്പെടുത്തി പുരുഷന്മാരും സ്ത്രീകളും സംഗമത്തെ ഏറ്റെടുത്തു. കാസർകോട് ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാതല വിധവാ സെല്ലിന്റെയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് രാജ് റസിഡൻസിയിലാണ് പരിപാടി നടന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ജില്ലയിൽ വിധവാ സംരക്ഷണത്തിനായി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്.
വിധവ സെൽ ചീഫ് എക്സിക്യൂടീവ് ഓഫീസർ എം വി സുനിതയാണ് സംഗമത്തിന് മുൻകൈ എടുത്തത്. ഇന്ത്യയിലെ ഏതൊരു ഗവൺമെന്റും സംഘടിപ്പിക്കുന്ന ആദ്യത്തെ സാമൂഹിക ഇടപെടൽ ഇതായിരിക്കാമെന്ന് അവർ പറഞ്ഞു. പുനർവിവാഹിതരെ കണ്ടെത്താൻ രൂപം കൊടുത്ത ‘കൂട്ട്’ ആപിൽ രജിസ്റ്റർ ചെയ്ത 35 സ്ത്രീകളും 15 പുരുഷന്മാരുമാണ് സംഗമത്തിൽ പങ്കെടുത്തത്. പങ്കെടുക്കുന്നവരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനായി ബന്ധുക്കളെയും ധ്യമങ്ങളെയും സംഗമത്തിലേക്ക് പ്രവേശിപ്പിച്ചില്ല.
പങ്കെടുത്ത പുരുഷന്മാരിൽ അഞ്ച് പേർ അവിവാഹിതരായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ടവരാണെങ്കിലും സർകാർ ജോലിയില്ല എന്ന കാരണത്താൽ പങ്കാളികളെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ലെന്ന് എംവി സുനിത പറഞ്ഞു. സംഗമത്തിനെത്തിയ സ്ത്രീകൾ 30 -55 വയസിനും പുരുഷന്മാർ 30-70 വയസിനും ഇടയിൽ പ്രായമുള്ളവരായിരുന്നു. കാസർകോടിന് പുറമെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരും എത്തിയിരുന്നു.
എല്ലാവരും അവരവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കിട്ടു. ഹ്രസ്വമായ ഇടപഴകലാണ് അനുവദിച്ചത്. ഫോൺ നമ്പറുകളൊന്നും കൈമാറാൻ അനുവദിച്ചില്ല. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അറിയിക്കണമെന്ന് സംഘാടകർ നിർദേശിച്ചു. വിവാഹം കഴിക്കാൻ താൽപര്യമുള്ളവർക്ക് അടിസ്ഥാന വീട്ടുപകരണങ്ങൾ ജില്ലാ ഭരണകൂടവുമായി ചേർന്ന് നൽകുമെന്നും അറിയിച്ചു.
അടുത്തിടെ അംഗൻവാടി വർകേർസ് നടത്തിയ സർവേയിൽ ജില്ലയിൽ വിവാഹമോചനം നേടിയവരോ വിധവകളോ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളോ ആയി 48,000 പേരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏകാന്ത ജീവിതം മടുത്തുവെന്നും ഒരു പങ്കാളിയെ ആവശ്യമുണ്ടെന്നും സാമ്പത്തിക സ്ഥിരത വേണമെന്നുമൊക്കെ സംഗമത്തിനെത്തിയ സ്ത്രീകൾ പറഞ്ഞതായി എം വി സുനിത വെളിപ്പെടുത്തി. ജില്ലാ കലക്ടർ ഡോ. ഡി സാജിത് ബാബു പുനർവിവാഹത്തിനുള്ള ആശയങ്ങളെ പ്രോത്സാഹിപ്പിച്ചതായും അവർ പറഞ്ഞു.
2018 ൽ സുപ്രീം കോടതിയുടെ ശുപാർശ പ്രകാരമാണ് വിധവ സെൽ രൂപീകരിച്ചത്. 2020 ജനുവരി ഒന്നിനാണ് സംസ്ഥാന സർകാരിന് മുന്നിൽ 'കൂട്ട്’ എന്ന ആശയം സമർപ്പിച്ചത്. നവംബറിൽ ഭരണപരമായ അനുമതി ലഭിച്ചു. സ്റ്റാർടപ് കമ്പനി ആയ ഫൈനെക്സ്റ്റ് ഇന്നൊവേഷൻസ് ആണ് കൂട്ട് ആപ് വികസിപ്പിച്ചത്. എൻറോൾമെൻറ് ആപാണിത്. അയ്യായിരത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചടങ്ങിൽ എം വി സുനിത പദ്ധതി വിശദീകരിച്ചു. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു വിശിഷ്ടാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ ആരതി സംസാരിച്ചു.Keywords: Kasaragod, Kerala, News, Marriage, House, Wife, Government, Job, Kannur, Kozhikode, Malappuram, District Collector, Court, Gathering group for remarriage; Organizers say they will provide basic household items to those who are interested; Unprecedented participation.
< !- START disable copy paste -->