Buffer zone | കണ്ണൂർ അയ്യന്‍കുന്ന് പഞ്ചായതിലെ രണ്ട് വാര്‍ഡുകള്‍ കര്‍ണാടകയുടെ ബഫര്‍ സോണിലെന്ന് ആശങ്ക
കണ്ണൂര്‍: (www.kasargodvartha.com) ജില്ലയിലെ മലയോര മേഖലയായ അയ്യന്‍കുന്ന് പഞ്ചായതിലെ ഭാഗങ്ങള്‍ കര്‍ണാടകയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടതായി ആശങ്കയുണ്ടെന്ന് പഞ്ചായത് പ്രസിഡന്റും പേരാവൂർ എംഎൽഎ സണ്ണി ജോസഫും അറിയിച്ചു. ഇതിന്റെ ഭാഗമായാണ് അയ്യന്‍കുന്ന് പഞ്ചായതിലെ ആറ് ഇടങ്ങളില്‍ കഴിഞ്ഞ ദിവസം കര്‍ണാടക വനം വകുപ്പ് രേഖപ്പെടുത്തലുകള്‍ നടത്തിയതെന്നാണ് പഞ്ചായത് പ്രസിഡണ്ട് പറയുന്നത്.
മാക്കൂട്ടം,ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫര്‍ സോണ്‍ പരിധിയില്‍ കേരളത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ കര്‍ണാടകയില്‍ നിന്നുള്ള മാപ് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ കര്‍ണാടകയുടെ നടപടി സംബന്ധിച്ച് കേരള സര്‍കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ വിവരമില്ല. കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടയാളപ്പെടുത്തലുകള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂര്‍ ഡിഎഫ്ഒ പറഞ്ഞു. മടിക്കേരി, കൂര്‍ഗ് ഡിഎഫ്ഒമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറയുന്നു.
പുതുതായി അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെന്ന കര്‍ണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കലക്ടര്‍ എഡിഎമിനെ ചുമതലപ്പെടുത്തി. എഡിഎം വെള്ളിയാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം.