Criticism | എഡിഎം നവീന്‍ ബാബുവിന്റെ മരണം: കലക്ടറെ തടഞ്ഞുവെച്ച് ജീവനക്കാരുടെ പ്രതിഷേധം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജിവയ്ക്കണമെന്നും ആവശ്യം
● പിപി ദിവ്യയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍
● പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി
● നവീന്‍ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി
കണ്ണൂര്‍: (KasargodVartha) എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കലക്ടറേറ്റിലും ജില്ലാ പഞ്ചായത്ത് ഓഫീസിലും ജീവനക്കാരുടേയും കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരുടേയും പ്രതിഷേധം. എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് ജീവനക്കാര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു.
പൊലീസെത്തിയാണ് കലക്ടറെ മോചിപ്പിച്ചത്. നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജിവയ്ക്കണം, ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം, ഇവര്‍ക്കെതിരെ നടപടി വേണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓഫിസിന് മുന്നില്‍ യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധിച്ചു. പിപി ദിവ്യയ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി, ജില്ലാ സെക്രട്ടറി അര്‍ജുന്‍ ദാസ്, ട്രഷറര്‍ അക്ഷയ് കൃഷ്ണ, ബിജെപി ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം, മണ്ഡലം സെക്രട്ടറി ബിനില്‍ എന്നിവരെ അറസ്റ്റു ചെയ്ത് നീക്കി.
ഓഫിസിന് മുന്നില്‍ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് ബലം പ്രയോഗിച്ചു നീക്കി. എഡിഎം നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ക്വാര്‍ട്ടേഴ്‌സ് പരിസരത്തേക്ക് കടത്തിവിടാത്തതില്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജീവനക്കാരും പ്രതിഷേധിച്ചിരുന്നു.
തെളിവ് നശിപ്പിക്കുന്നതിനായാണ് ആരെയും അകത്തേക്ക് കടത്തിവിടാത്തതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നവീന്‍ ബാബുവിന്റെ മൃതദേഹം മറ്റാരെയും കാണിച്ചിട്ടുമുണ്ടായിരുന്നില്ല. അതേസമയം, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നവീന്‍ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ചൊവ്വാഴ്ച രാവിലെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സംഭവം. കണ്ണൂരില്‍ നിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയില്‍ അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. അതിനുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിമര്‍ശനം.
#PanchayatResignation, #KeralaPolitics, #BJPProtest, #CongressProtest