Found Dead | ചന്ദനക്കാംപാറയില്‍ 6 മാസം പ്രായമുള്ള കുട്ടികൊമ്പന്‍ ചരിഞ്ഞു
Jul 20, 2022, 20:55 IST
പയ്യാവൂര്‍: (www.kasargodvartha.com) ചന്ദനക്കാംപാറയില്‍ ആറു മാസം മാത്രം പ്രായമുള്ള കുട്ടി കൊമ്പന്‍ ചരിഞ്ഞു. ചന്ദനക്കാംപാറ പുഴയുടെ തീരത്താണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് സമീപവാസികളായ സ്ത്രീകള്‍ പുല്ലരിയാന്‍ വന്നപ്പോള്‍ പുഴയോരത്ത് ആന കൂട്ടത്തെ കണ്ടത്. ചരിഞ്ഞ ആനയുടെ വട്ടത്തില്‍ കാവല്‍ നില്‍ക്കുകയായിരുന്നു ആനക്കൂട്ടം.
പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ തുരത്തിയതിന് ശേഷമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാട്ടുകാരും ആനയുടെ സമീപത്തെത്തിയത്. മഹസര്‍ തയാറാക്കുന്നതിനിടയില്‍ കാട്ടിലൊളിച്ച ആനക്കൂട്ടം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും, നാട്ടുകാരുടെയും നേര്‍ക്ക് പാഞ്ഞടുത്തു. സമീപത്ത് നിന്ന സ്ത്രീകള്‍ നില വിളിച്ചപ്പോഴാണ് ആന വളയുന്ന കാര്യം മഹസര്‍ തയാറാക്കിയിരുന്ന ഉദ്യോഗസ്ഥരുടെയും , നാട്ടുകാരുടെയും ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സെകന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഇവരുടെ ജീവന്‍ രക്ഷപെട്ടത്. വീണ്ടും പടക്കമെറിഞ്ഞ് ആനയെ തുരത്തിയാണ് മഹസര്‍ നടപടി പൂര്‍ത്തിയാക്കിയത്. ഇതിന് സമീപത്ത് തന്നെ ആനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. ചരിഞ്ഞ സ്ഥലത്തു തന്നെ ആനയെ ദഹിപ്പിച്ചു.
പുഴ കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെട്ട് കല്ലില്‍ നെഞ്ചടിച്ച് വീണതാണ് അപകട കാരണം. നെഞ്ചിനേറ്റ മാരകമായ ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ടത്തില്‍ വ്യക്തമായി. ഒരു വര്‍ഷം മുന്‍പാണ് ഇതിനടുത്ത് തന്നെ കാട്ടാന വൈദ്യുതി ലൈനില്‍ നിന്ന് ഷോകേറ്റ് ചരിഞ്ഞത്.
Keywords: 6-month-old elephant calf's found dead in Chandanakampara, Kannur, News, Dead, Top-Headlines, Kerala.
Keywords: 6-month-old elephant calf's found dead in Chandanakampara, Kannur, News, Dead, Top-Headlines, Kerala.