വെന്റിലേറ്ററില്ലാത്ത സാധാരണ ആംബുലന്‍സ് ഓട്ടം തുടങ്ങി; രോഗികള്‍ വാടകയും നല്‍കണം
Oct 9, 2012, 13:51 IST
കാഞ്ഞങ്ങാട്: വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെയുള്ള അടിയന്തിര ചികിത്സാ സൗകര്യങ്ങളും വാടക നല്‍കേണ്ടാത്തതുമായ ആംബുലന്‍സ് ജില്ലാശുപത്രിയില്‍ നിന്നും തട്ടിയെടുത്ത് പകരം അനുവദിച്ച ഈ സൗകര്യങ്ങളൊന്നുമില്ലാത്ത സാധാരണ ആംബുലന്‍സ് ഓട്ടം തുടങ്ങി. ആംബുലന്‍സ് ഉപയോഗിക്കുന്നവര്‍ ഇനി വാടകയും നല്‍കണം.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള അടിയന്തിര ചികിത്സ കണക്കിലെടുത്ത് കഴിഞ്ഞ ഇടതു മുന്നണി സര്‍കാറിന്റെ ഭരണ കാലത്ത് അനുവദിച്ച എല്ലാവിധത്തിലുള്ള ചികിത്സാ സൗകര്യങ്ങളും സജ്ജീകരണങ്ങളുമുള്ള ആംബുലന്‍സാണ് ജില്ലാശുപത്രിയില്‍ നിന്നും തട്ടിയെടുത്ത് ആലപ്പുഴയിലേക്ക് കൊണ്ടുപോയത്.
ഈ രീതിയിലുള്ള ആംബുലന്‍സ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും ആലപ്പുഴയിലേക്ക് കടത്തിയിരുന്നു. പകരം രണ്ട് ആശുപത്രികള്‍ക്കും അനുവദിച്ചത് രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങളില്ലാത്ത സാധാരണ ആംബുലന്‍സുകളാണ്. ജനറല്‍ ആശുപത്രിയില്‍ നിന്നും ജില്ലാ ആശുപത്രിയില്‍ നിന്നും കടത്തിയ ആംബുലന്‍സുകള്‍ക്ക് വാടക പോലും നല്‍കേണ്ടിയിരുന്നില്ല.
ഇപ്പോഴത്തെ ആംബുലന്‍സുകള്‍ക്ക് വാടകയും നല്‍കണം. പകരം അനുവദിക്കുന്ന ആംബുലന്‍സുകളിലും വെന്റിലേറ്റര്‍ സൗകര്യങ്ങളും മറ്റും ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതെല്ലാം വെറും വാക്കായിരുന്നുവെന്ന് കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. സാധാരണ ആംബുലന്‍സുകള്‍ അനുവദിച്ചതിനെതിരെ ഇതുവരെ ഒരു സംഘടനയും പ്രതികരിച്ചിട്ടില്ല.
Keywords: Ambulance, District Hospital, Kanhangad, General Hospital Kasaragod, Rent, Kerala, Malayalam news






