city-gold-ad-for-blogger

കൊള്ളപലിശ സംഘത്തിലെ നാലുപേര്‍ റിമാന്‍ഡില്‍

കൊള്ളപലിശ സംഘത്തിലെ നാലുപേര്‍ റിമാന്‍ഡില്‍
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മേഖല കേന്ദ്രീകരിച്ച് ബ്ലേഡ് ഇടപാട് നടത്തി വരുന്നതിനിടെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത കൊള്ളപലിശ സംഘത്തിലെ നാലുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ഒരാള്‍ക്ക് ജാമ്യം അനുവദിച്ചു.
അട്ടേങ്ങാനത്തെ ജോഗേഷ് (35), അജാനൂര്‍ കടപ്പുറത്തെ സന്തോഷ് (30), അജാനൂര്‍ കടപ്പുറത്തെ നിലില്‍ കുമാര്‍ (32), തായന്നൂര്‍ എണ്ണപ്പാറയിലെ ടോമി ജോസഫ് (50) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ഈ സംഘത്തില്‍പ്പെട്ട മാലോം ദര്‍ഘാസിലെ ജോണ്‍സണിന്് (35) കോടതി ജാമ്യം അനുവദിച്ചു. ബ്ലേഡ് ഇടപാട് നടത്തുന്ന സംഘത്തിന്റെ വലയില്‍ കുടുങ്ങിയ കൊവ്വല്‍പള്ളി സ്വദേശിനിയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുകയും സംഘത്തെ പിടികൂടുകയും ചെയ്തത്.

കൊവ്വല്‍പള്ളിയിലെ വി വി രാധയാണ് കൊള്ളപലിശ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടത്. അഞ്ചര ലക്ഷം രൂപയാണ് രാധ സംഘത്തില്‍ നിന്നും പലിശയ്ക്ക് വാങ്ങിയിരുന്നത്. നിരവധി തവണകളായി ഏഴര ലക്ഷം രൂപ പലിശ സഹിതം തിരിച്ചു നല്‍കിയിട്ടും മൂന്ന് ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് സംഘം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതോടെയാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. രാധയുടെ സ്വത്തിന്റെ ആധാരവും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബ്ലാങ്ക് ചെക്കുകളും ജോഗേഷിന്റെ നേതൃത്വത്തിലുള്ള ബ്ലേഡ് ഇടപാട് സംഘം രാധയില്‍ നിന്നും കൈക്കലാക്കിയിരുന്നു. ജോഗേഷ്, ജോണ്‍സണ്‍, സന്തോഷ്, നിലില്‍ കുമാര്‍ എന്നിവരാണ് ആദ്യം പോലീസ് പിടിയിലായത്.

ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എണ്ണപ്പാറയിലെ ടോമി ജോസഫും ബ്ലേഡ് ഇടപാട് സംഘത്തില്‍പ്പെട്ട ആളാണെന്ന് പോലീസിന് ബോധ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ഇന്നലെ ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടോമിയുടെ എണ്ണപ്പാറയിലുള്ള വീട്ടില്‍ റെയ്ഡ് നടത്തുകയും 3,30,000 രൂപ, ബ്ലാങ്ക് ചെക്കുകള്‍, മുദ്രപത്രങ്ങള്‍, സ്വത്തിന്റെ രേഖകള്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു. ടോമിയെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുകയും റിമാന്റ് ചെയ്യുകയുമായിരുന്നു. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ജോഗേഷും സംഘവും ലക്ഷക്കണക്കിന് രൂപയുടെ ബ്ലേഡ് വ്യാപാരമാണ് നടത്തി വന്നതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സ്ത്രീകളടക്കം നിരവധി പേരാണ് ബ്ലേഡുകാരുടെ വലയില്‍ അകപ്പെട്ടത്. ഇതുമൂലം വന്‍ സാമ്പത്തിക ബാധ്യത നേരിട്ട പലരും ഇപ്പോള്‍ കടക്കെണിയിലാണ്.

Keywords:  kasaragod, Kanhangad, Remand, court 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia