കോണ്‍ഗ്രസ് ബാങ്ക് ഡയറക്ടര്‍മാരെ യൂത്ത് കോണ്‍ഗ്രസ് വളഞ്ഞുവെച്ചു
Feb 27, 2012, 15:53 IST
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഹൊസ്ദുര്‍ഗ്കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് കെ.വി.നാരായണനെയും ഡയറക്ടര്‍മാരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസില്‍ തിങ്കളഴ്ച ഉച്ചയോടെ വളഞ്ഞ് വെച്ചു. ബാങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞ് കൊണ്ട് ഈ അടുത്ത നാളുകളില്‍ നടത്തിയ രണ്ട് നിയമനങ്ങളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങിയത്. തിങ്കളാഴ്ച രാവിലെ ബാങ്ക് ഭരണ സമിതി യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
ബാങ്ക് പ്രസിഡണ്ട് കെ.വി.നാരായണന്‍, ഡയറക്ടര്‍മാരായ ഒ.കെ.നാരായണി, പി.കെ.ഫൈസല്‍, അഡ്വ.മാത്യു തെരുവപ്പുഴ, പി.വി.ബാലന്‍ തുടങ്ങിയവര്‍ ബാങ്കില്‍ എത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്ററി മണ്ഡലം പ്രസിഡണ്ട് ഹക്കിം കുന്നില്‍, കെഎസ്യു ജില്ലാ പ്രസിഡണ്ട് വി.പി.പ്രദീപ് കുമാര്‍, സാജിദ് മൌവ്വല്‍, ഉണ്ണികൃഷ്ണന്‍ മഡിയന്‍, ജലീല്‍ കാര്‍ത്തിക, നഗരസഭാ കൌണ്‍സിലറായ അനില്‍ വാഴുന്നോറൊടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും സംഘടിതരായി ബാങ്കിലെത്തുകയും പ്രസിഡണ്ടിനെയും ഡയറക്ടറെയും ഓഫീസില്‍ വളഞ്ഞ് വെക്കുകയായിരുന്നു. നിയമനം റദ്ദ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെങ്കില്‍ ഇന്നത്തെ ബാങ്ക് ഡയറക്ടര്‍ബോഡ് യോഗം മാറ്റിവെക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ഭൂപണയ ബാങ്കിലെ പുതിയ നിയമനം പാര്‍ട്ടി നേതൃത്വത്തിന് വല്ലാത്ത തലവേദനയായി മാറിയിട്ടുണ്ട്. നേരത്തെ ഉദ്യോഗനിയമനത്തിന് വേണ്ടി നടത്തിയ ഇന്റര്‍വ്യൂ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നീലേശ്വരത്തെ ബിജെപി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ള രണ്ട് പേര്‍ക്കാണ് ഭൂപണയ ബേങ്കില്‍ പുതുതായി നിയമനം നടത്തിയത്.
Keywords: Youth-Congress, Kanhangad, Kasaragod