അടിയേറ്റ് ചികിത്സയ്‌ക്കെത്തിയാള്‍ മൊബൈല്‍ഫോണുമായി മുങ്ങി
Jan 5, 2012, 15:56 IST
കാഞ്ഞങ്ങാട്്: ബസില്‍ നിന്ന് തെറിച്ച് വീണ് കാലൊടിഞ്ഞ നിലയില്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആളുടെ മൊബൈല്‍ ഫോണുമായി അടിയേറ്റ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവാവ് മുങ്ങി. കുമ്പള സ്വദേശിയായ അബ്ദുള്‍ റഹ്മാന്റെ (45) 1500 രൂപ വിലവരുന്ന നോക്കിയ മൊബൈല്‍ ഫോണും ചാര്‍ജ്ജറുമായാണ് യുവാവ് ജില്ലാശുപത്രിയില്‍ നിന്നും സ്ഥലം വിട്ടത്.
തന്റെ മൊബൈല്‍ ഫോണില്‍ ചാര്‍ജ്ജ് തീര്‍ന്നുവെന്നും ചാര്‍ജ്ജര്‍ തരണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് അബ്ദുള്‍ റഹ്മാനെ ബുധനാഴ്ച രാവിലെ സമീപിച്ചത്. മൊബൈല്‍ ഫോണില്‍ കുത്താനായി അബ്ദുള്‍ റഹ്മാന്‍ ചാര്‍ജ്ജര്‍ നല്‍കിയപ്പോള്‍ അത്യാവശ്യമായി ഒരാളെ വിളിക്കാനുണ്ടെന്ന് പറഞ്ഞ് യുവാവ് അബ്ദുള്‍ റഹ്മാന്റെ മൊബൈല്‍ ഫോണും വാങ്ങി. ഈ ഫോണില്‍ ആരെയോ വിളിച്ചുകൊണ്ട് ജില്ലാശുപത്രിയിലെ പുരുഷവാര്‍ഡിന്റെ വരാന്തയിലൂടെ നടന്നുനീങ്ങിയ യുവാവ് തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് അബ്ദുള്‍ റഹ്മാന്‍ അന്വേഷിച്ചപ്പോള്‍ യുവാവിനെ കാണാനില്ലെന്ന് വ്യക്തമായി.
ഇതോടെ യുവാവ് അബ്ദുള്‍ റഹ്മാന്റെ മൊബൈല്‍ ഫോണും ചാര്‍ജ്ജറുമായി ആശുപത്രിയില്‍ നിന്ന് സ്ഥലം വിട്ടതായി തെളിഞ്ഞു. തന്റെ ഫോണിലെ നമ്പറിലേക്ക് ഭാര്യയുടെ മൊബൈല്‍ ഫോണില്‍ നിന്നും അബ്ദുള്‍ റഹ് മാന്‍ വിളിച്ചപ്പോള്‍ ഫോണെടുത്ത യുവാവ് താനിപ്പോള്‍ നീലേശ്വരത്തുണ്ടെന്നും ഉടന്‍ തന്നെ അങ്ങോട്ട് വരാമെന്നും മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും യു വാവ് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് അബ്ദുള്‍ റഹ്മാന്‍ വീണ്ടും ഭാര്യയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വിളിച്ചുവെങ്കിലും യുവാവ് ഫോണെടുത്തില്ല. യുവാവിന്റെ സ്വന്തം ഫോണിലേക്കും അബ്ദുള്‍ റഹ്മാന്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. കാഞ്ഞരടുക്കം തടിയന്‍ വളപ്പിലെ ബേബി എബ്രഹാം എന്നാണ് യുവാവ് ആശുപത്രിയില്‍ നല്‍കിയ മേല്‍വിലാസം മൊബൈല്‍ ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട് അബ്ദുള്‍ റഹ്മാന്‍ ജില്ലാശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് കുമ്പള ടൗണില്‍ ബസ്സില്‍ നിന്നും തെറിച്ച് വീണ് പരിക്കേറ്റ അബ്ദുള്‍ റഹ്മാനെ വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്.
Keywords: mobile-Phone, Robbery, District-Hospital, Kanhangad, Kasaragod