കൊടവലത്ത് വോട്ടു ചോര്‍ന്നതായി ബി.ജെപി സമ്മതിച്ചു
May 16, 2012, 17:34 IST
കാഞ്ഞങ്ങാട്: കൊടവലം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ചോര്‍ന്നുവെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ ശ്രീകാന്ത് സമ്മതിച്ചു. വോട്ട് ചോര്‍ച്ചയെ കുറിച്ചും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോണ്‍ഗ്രസ്-ബിജെപി ധാരണ ഉണ്ടായിരുന്നുവെന്ന സിപിഎം ആരോപണവും സിപിഎം ബന്ധമെന്ന കോണ്‍ഗ്രസ് ആരോപണവും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കൊടവലം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്-ബിജെപി ബന്ധം ഒരിക്കല്‍ കൂടി മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 160 ഓളം വോട്ടുകളുള്ള ബിജെപിക്ക് ഈ വാര്‍ഡില്‍ 21 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ജില്ലയില്‍ പലയിടത്തും നിലനില്‍ക്കുന്ന കോണ്‍ഗ്രസ്സ്-ബിജെപി ബന്ധം കൊടവലത്തും ആവര്‍ത്തിച്ചിരിക്കുകയാണ്.കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ വിരുദ്ധ കാപട്യം ജനങ്ങള്‍ തിരിച്ചറിയണമെന്ന് കെപി സതീഷ് ചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
കൊടവലത്ത് യുഡിഎഫ് ചരിത്ര വിജയം നേടിയെന്ന് കെപിസിസി നിര്‍വ്വാഹക സമിതിയംഗം അഡ്വ. സി കെ ശ്രീധരന്‍ പറഞ്ഞു. ത്രികോണ മത്സരം ഉണ്ടായിട്ടും സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും സംസ്ഥാന നേതാക്കള്‍ വരെ വാര്‍ഡില്‍ നേരിട്ട് ഇറങ്ങിയിട്ടും യുഡിഎഫ് ഈ വാര്‍ഡില്‍ അതിശയകരമായ വിജയമാണ് നേടിയത്. ഇത് അഭിമാനകരമായ നേട്ടമാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാതിരുന്നിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി കേവലം 16 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചതെങ്കില്‍ ഇത്തവണ 74 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത് യുഡിഎഫിന്റെ ജനപിന്തുണയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: By-election, Kodavalam, BJP, Congress, CPM, Kanhangad, Kasaragod






