Transformation | 25 വർഷത്തെ മദ്യലഹരിയിൽ നിന്നും മുക്തനായ വിനു ഇന്ന് കവിതയുടെ ലഹരിയിൽ; അതുല്യം ഈ ജീവിത കഥ

● 25 വർഷത്തെ മദ്യപാനം വിനുവിനെ മരണത്തിന്റെ വക്കിലെത്തിച്ചു.
● ആരും കൂട്ടിനില്ലെന്ന ബോധ്യത്തിൽ നിന്നാണ് അക്ഷരങ്ങളെ പ്രണയിക്കാൻ തുടങ്ങിയത്.
● 'വെയിൽ രൂപങ്ങൾ' കവിതാ സമാഹാരത്തിലൂടെ ജീവിതാനുഭവങ്ങൾ കോറിയിട്ടു.
കാഞ്ഞങ്ങാട്: (KasargodVartha) അജാനൂർ പഞ്ചായത്തിലെ വേലേശ്വരത്ത് 25 വർഷത്തെ മദ്യലഹരിയിൽ നിന്നും മോചനം നേടിയ വിനു ഇന്ന് കവിതയുടെ ലഹരിയിലാണ്. വേലാശ്വരം സ്വദേശിയായ വിനു 40 ഓളം ചെറുകവിതകൾ അടങ്ങിയ 'വെയിൽ രൂപങ്ങൾ' എന്ന പുസ്തകം എഴുതി വായനക്കാരിലേക്ക് എത്തിച്ചിരിക്കുകയാണ്. കടുത്ത മദ്യപാനത്തിൽ നിന്നും മരണക്കിടക്കയിൽ എത്തിയപ്പോഴാണ് ജീവിതം ഒലിച്ചുപോകുന്നു എന്ന തിരിച്ചറിവിൽ നിന്ന് വിനു അക്ഷരങ്ങളെ പ്രണയിക്കാൻ തുടങ്ങിയത്.
നീണ്ട 25 വർഷം ചെങ്കൽ കൊത്തുന്ന പണിയിലൂടെയാണ് വിനുവിന്റെ മദ്യപാനം ആരംഭിക്കുന്നത്. അത് ഒടുവിൽ ആശുപത്രിയിലെ മരണക്കിടക്കയിലേക്ക് എത്തിച്ചു. ആരും കൂട്ടിനില്ലെന്ന ബോധ്യത്തിൽ നിന്നാണ് വിനു അക്ഷരങ്ങളെ പ്രണയിക്കാൻ തുടങ്ങിയത്. 'വെയിൽ രൂപങ്ങൾ' എന്ന കവിതാ സമാഹാരത്തിലൂടെ വിനു തീർത്തത് ജീവിതത്തിന്റെ വെളിച്ചമാണ്. വെയിലിൽ പിടഞ്ഞ വിനു അങ്ങനെ കവിയായി മാറി.
പുസ്തകത്തിലെ ഓരോ കവിതകളും സ്വന്തം ജീവിതാനുഭവങ്ങളാണെന്ന് വിനു സാക്ഷ്യപ്പെടുത്തുന്നു. ജീവിതാനുഭവം വരികളായി കോറിയിട്ടപ്പോൾ മനോഹരമായ കവിതകളായി മാറുകയായിരുന്നു. ഇന്നത്തെ യുവതയുടെ ലഹരിയിലേക്കുള്ള പോക്കിൽ നൊമ്പരപ്പെടുകയാണ് കാൽ നൂറ്റാണ്ട് കാലം ലഹരിയുടെ കരാളഹസ്തത്തിൽ പിടഞ്ഞ വിനു എന്ന ചെറുപ്പക്കാരൻ. ലഹരിയുടെ മടത്തട്ടിൽ തല ചായ്ക്കുമ്പോൾ മാത്രമേ നമുക്കൊപ്പം ചിലർ ഉണ്ടാകൂ എന്നും ആശുപത്രി കിടക്കയിൽ എത്തുമ്പോൾ ആരും ഉണ്ടാകില്ലെന്നുമാണ് തന്റെ അനുഭവം വെച്ച് വിനു പറയുന്നത്.
ചടങ്ങിൽ ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന് പുസ്തകം കൈമാറി ഭാഗ്യലക്ഷ്മി ടീച്ചറാണ് വിനുവിന്റെ കവിത പ്രകാശനം ചെയ്തത്. പുസ്തകവണ്ടിയുടെ 'ബുക്ക് കഫെ' ഉദ്ഘാടനവും നടന്നു. വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ എഴുത്തുകാരായ അംബികാസുതൻ മാങ്ങാടും രാജ്മോഹൻ നീലേശ്വരവും ചേർന്ന് ബുക്ക് കഫെ വായനക്കാർക്കായി തുറന്ന് കൊടുത്തു.
രാജ്യത്തെവിടെയായാലും, ആവശ്യപ്പെടുന്ന ഏത് പുസ്തകവും ലഭ്യതക്കനുസരിച്ച്, പരമാവധി വേഗത്തിൽ വായനക്കാരിലേക്ക് നേരിട്ടെത്തിക്കുന്ന സംരംഭമാണ് പുസ്തകവണ്ടി. വായനയെ ജനകീയമാക്കുക എന്ന സദുദ്ദേശത്തോടെ നബിൻ ഒടയഞ്ചാൽ, ജയേഷ് കൊടക്കൽ എന്നീ യുവാക്കളാണ് പുസ്തകവണ്ടിയുമായി വായനക്കാരിലേക്ക് എത്തുന്നത്. ചടങ്ങിൽ സി.പി ശുഭ അധ്യക്ഷത വഹിച്ചു. ഒട്ടേറെ പുരസ്ക്കാരങ്ങൾ നേടിയ യുവ കഥാകൃത്ത് മൃദുൽ വി.എം., വാർത്താവായനയിലൂടെ യൂത്ത് ഐക്കൺ അവാർഡ് നേടിയ എം.ജി.വേദിക, നിരവധി പുരസ്കാരങ്ങൾ നേടിയ വളർന്നു വരുന്ന എഴുത്തുകാരി ശിവദ കൂക്കൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Vinu, who overcame 25 years of alcoholism, is now immersed in poetry, publishing a collection of poems reflecting his life experiences.
#AlcoholismRecovery #PoetryLife #Inspiration #BookLaunch #VinuStory #LifeTransformation