എല്ലാമേഖലകളിലും യു ഡി എഫ് സര്‍ക്കാര്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു: സി.എന്‍.ചന്ദ്രന്‍
Dec 12, 2011, 01:50 IST
കാഞ്ഞങ്ങാട്: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 5,750 കോടി രൂപയുടെ ക്ഷേമ പദ്ധതികള്‍ നിശ്ചലപ്പെടുത്തി യു ഡി എഫ് സര്‍ക്കാര്‍ എല്ലാമേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് സിപിഐ സംസ്ഥാന അസി.സെക്രടറി സി എന്‍ ചന്ദ്രന്‍ പറഞ്ഞു. സിപിഐ കാസര്‍കോട് ജില്ലാസമ്മേളനത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യതൊഴിലാളികള്‍ക്കു നല്‍കിവന്ന ആനുകൂല്യം, കര്‍ഷകര്‍ക്കു നല്‍കിയ ആനുകൂല്യം, റോഡ് വികസനത്തിനായി നീക്കിവച്ച ഫണ്ടുകള്‍ തുടങ്ങിമേഖലകളിലെല്ലാം ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമ പദ്ധതികള്‍ ആറുമാസംകൊണ്ട് ഒന്നൊന്നായി ഇല്ലാതാക്കുന്ന പ്രവര്‍ത്തനമാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആയിരങ്ങളെ വിളിച്ചുകൂട്ടി പരാതികള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് മന്ത്രിസഭയുടെ കൂട്ടുഉത്തരവാദിത്വം ഇല്ലെന്നത് ഘടക കക്ഷിമന്ത്രിമാരുടെ വിയോജിപ്പില്‍നിന്നും പ്രകടമായി കണ്ടുകൊണ്ടിരിക്കുകയാണ്.
പൊതുസമ്മേളനത്തില്‍ സിപിഐ ജില്ലാസെക്രടറി ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രടറിയേറ്റ് അംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ സംസാരിച്ചു. ബങ്കളം പി കുഞ്ഞികൃഷ്ണന്‍, കെ എസ് കുര്യാക്കോസ്, ബി വി രാജന്‍, പി എ നായര്‍, ഇ കെ നായര്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി പി ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനറും പാര്‍ട്ടി സംസ്ഥാന കൗണ്‍സിലംഗവുമായ കെ വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
പ്രതിനിധി സമ്മേളനം 12, 13 തീയ്യതികളില്‍ കാഞ്ഞങ്ങങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ സഖാവ് പി രാഘവന്‍ നഗറില്‍ നടക്കും. 12ന് രാവിലെ 10ന് സി പി ഐ സംസ്ഥാന സെക്രടറി സി കെ ചന്ദ്രപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി രാവിലെ 9.30ന് തന്നെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പെരുമ്പള കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തും. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും മുതിര്‍ന്ന നേതാക്കളുമടക്കം 173 പേര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് ഇന്നു വൈകുന്നേരം 4.30 ഇതേഹാളില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടി യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് പി കെ ഗോപി ഉദ്ഘാടനം ചെയ്യും. വത്സന്‍ പിലിക്കോട് അധ്യക്ഷത വഹിക്കും. തുടര്‍ന്നു പ്രശസ്ത നാടക നടി രജിത മധു അവതരിപ്പിക്കുന്ന അബൂബക്കറിന്റെ ഉമ്മ പറയുന്നുവെന്ന ഏകപാത്ര നാടകവും അവതരിപ്പിക്കും. 13ന് വൈകുന്നേരം പുതിയ ജില്ലാകൗണ്‍സിലിന്റെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തിരഞ്ഞെടുപ്പോടെ സമ്മേളന നടപടികള്‍ അവസാനിപ്പിക്കും.
മുഖ്യമന്ത്രി ഒന്നും പറയാതെ ഒഴിഞ്ഞുമാറുന്നു: ഇ ചന്ദ്രശേഖരന്‍ എംഎല്‍എ
മുഖ്യമന്ത്രി ഒന്നും പറയാതെ ഒഴിഞ്ഞുമാറുന്നു: ഇ ചന്ദ്രശേഖരന്‍ എംഎല്‍എ
കാഞ്ഞങ്ങാട്: കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ മുല്ലപെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നും പറയാതെ ഒഴിഞ്ഞുമാറുകയാണെന്ന് സിപിഐ സംസ്ഥാന സെക്രടറിയേറ്റം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു. സിപിഐ കാസര്‍കോട് ജില്ലാസമ്മേളന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യു മന്ത്രിയും ജലസേചന മന്ത്രിയും മുഖ്യമന്ത്രി എല്ലാറ്റിനും മറുപടി പറയുമെന്ന് പറഞ്ഞ് തടിയൂരുകയാണ്. എ ജി പറഞ്ഞ തെറ്റില്ലാത്ത സത്യവാങ്മൂലത്തില്‍ തെറ്റുണ്ടെന്നു പറഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ അതു തിരുത്താന്‍ തീരുമാനിച്ചത്. സത്യവാങ്മൂലത്തില്‍ തെറ്റുള്ള അഡ്വക്കേറ്റ് ജനറലിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതിനേതുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി ഉത്തരം പറയാതെ ഒഴിഞ്ഞുമാറുന്നതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട്‌നടന്ന സംഘര്‍ഷത്തില്‍ രണ്ടു മതതീവ്രവാദ വിഭാഗങ്ങളുടെ പങ്ക് വ്യക്തമാണ്. ഇതിനെ തിരിച്ചറിഞ്ഞ് ജനങ്ങള്‍ മതസൗഹാര്‍ദ നിലപാട് കൈക്കൊള്ളമെന്നും ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു.
Keywords: CPI, District-conference, Kanhangad, Kasaragod,