Arrest | യുഎപിഎ ചുമത്തിയ യുവാവിനെ കാസര്‍കോട്ട് നിന്ന് അറസ്റ്റ് ചെയ്തു
● വ്യാജ പാസ്‌പോര്‍ട് ഉണ്ടാക്കിയെന്ന പരാതിയില്‍ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു.
● കേരളത്തിലേക്ക് കടന്നതായി അസം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് വിവരം കിട്ടി.
● ഒരു മാസം മുമ്പാണ് 32 കാരന്‍ പടന്നക്കാട് എത്തിയതെന്നാണ് വിവരം.
കാഞ്ഞങ്ങാട്: (KasargodVartha) ബംഗ്ലാദേശില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് കടക്കുകയും അസം പൗരനെന്ന വ്യാജേന പാസ്‌പോര്‍ടുണ്ടാക്കുകയും ചെയ്തതിനെ തുടര്‍ന്ന് യുഎപിഎ ചുമത്തിയതോടെ രക്ഷപ്പെട്ട യുവാവിനെ കാഞ്ഞങ്ങാട് പടന്നക്കാട് നിന്നും അസം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ശാബ് ശൈഖ് (32) എന്നയാളെയാണ് പടന്നക്കാട്ടെ ഒരു ക്വാര്‍ടേഴ്‌സില്‍ നിന്ന് ഹൊസ്ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. വ്യാജ പാസ്‌പോര്‍ട് ഉണ്ടാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ അസമില്‍ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. കേരളത്തിലേക്ക് കടന്നതായി അസം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് അവര്‍ അന്വേഷിച്ച് കാസര്‍കോട്ടെത്തിയത്.
ഒരു മാസം മുമ്പാണ് ശാബ് ശൈഖ് പടന്നക്കാട് എത്തിയതെന്നാണ് വിവരം. ഇവിടെ കെട്ടിട നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും യുവാവ് താമസിച്ചു വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ നേരത്തെ ലുക് ഔട് നോടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം യുവാവിനെ അസമിലേക്ക് കൊണ്ടു പോകുമെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
#UAPA #arrest #Kerala #Bangladesh #fakepassport #Assam #specialtaskforce