പെരുങ്കളിയാട്ടോത്സവത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാലമരം മുറിച്ചു
Dec 26, 2011, 16:23 IST
കാഞ്ഞങ്ങാട്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാലമരം കിഴക്കുംകര കല്യാല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ട മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഉപയോഗിക്കും. അലാമിപ്പള്ളിയില്‍ നിന്ന് ലക്ഷ്മി നഗറിലേക്ക് പോകുന്ന റോഡിന്റെ അരികില്‍ നൂറ്റാണ്ടുകളായി തല ഉയര്‍ത്തി നില്ക്കുന്ന പാലമരം ഉത്സവ ആവശ്യത്തിനായി മുറിച്ച് നീക്കുവാന്‍ തുടങ്ങി.
ജനുവരി 21 മുതല്‍ തുടങ്ങുന്ന പെരുങ്കളിയാട്ട മഹോത്സസവത്തിന്റെ ഒരുക്കങ്ങള്‍ക്ക് പാലമരം ആവശ്യമാണ്. കന്നിക്കലവറ, കലവറ, ഭക്ഷണശാല തുടങ്ങിയ പ്രധാനപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടത് പാലമരം ഉപയോഗിച്ചാണ് ഇതൊക്കെ കെട്ടിയുയര്‍ത്തേണ്ടത്. പാലമരമല്ലാതെ മറ്റൊരു മരവും ഇതിന് ഉപയോഗിക്കുവാനും പാടില്ല. ക്ഷേത്രോത്സവ സംഘാടകര്‍ നടത്തിയ അന്വേഷണത്തിലാണ് അലാമിപ്പള്ളിയിലെ പാലമരം ശ്രദ്ധയില്‍പ്പെട്ടത്.
കര്‍ണ്ണാടക ബന്ധമുള്ള കാഞ്ഞങ്ങാട് തറവാട് കുടുംബത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ് ദൈവാംശമുണ്ടെന്ന് പറയപ്പെടുന്ന പാലമരം സ്ഥിതി ചെയ്യുന്നത്. ഉത്സവ സംഘാടകരുടെ അഭ്യര്‍ത്ഥന മാനിച്ച് തറവാട്ടുകാര് പാലമരം വിട്ടുകൊടുക്കാന്‍ തയ്യാറാവുകയായിരുന്നു. മരം തിങ്കളാഴ്ച രാവിലെ മുതല്‍ മുറിച്ച് നീക്കാന്‍ തുടങ്ങി. പടുകൂറ്റന്‍ മരമായതിനാല്‍ വളരെ കരുതലോടെയാണ് മുറിച്ച് മാറ്റുന്ന ജോലി നടന്ന് വരുന്നത്. ഈ റോഡിലേക്കുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി തടഞ്ഞിട്ടുണ്ട്. ട്രാഫിക് നിയന്ത്രണത്തിന് പോലീസിനെ നിയോഗിച്ചിട്ടുണ്ട്. പെരുങ്കളിയാട്ട മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് കിഴക്കുംകരയില്‍ നടന്ന് വരുന്നത്. ഉത്സവത്തിന് മുന്നോടിയായുള്ള ക്ഷേത്ര ആചാര്യ സ്ഥാനികരുടെ നാട്ടെഴുന്നള്ളത്ത് ചടങ്ങ് സജ്ജീവമായി. വിവാദങ്ങള്‍ക്കൊന്നും ഇടനല്‍കാതെ വളരെ ശ്രദ്ധയോടെയാണ് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നത്.
ജനുവരി 25 ന് ഉത്സവത്തിന് മുന്നോടിയായുള്ള മറ്റൊരു പ്രധാന ചടങ്ങ് നടക്കും. മുച്ചിലോട്ട് ഭഗവതിയുടെ തെയ്യക്കോലക്കാരനെ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ പ്രശ്ന ചിന്ത നടത്തി കണ്ടെത്തു ന്ന ചടങ്ങായ വരച്ചുവെക്കല്‍ ചടങ്ങാണിത്. പെരുങ്കളിയാട്ടം തുടങ്ങുന്നതിന് ഏഴുദിവസം മുമ്പ് ഈ ചടങ്ങ് നടത്താറാണ് പതിവ്. വരച്ചുവെക്കല്‍ ചടങ്ങിന് ശേഷമുള്ള മറ്റൊരു പ്രധാന ചടങ്ങാണ് കലവറ നിറയ്ക്കല്‍.
Keywords: Kalyan Muchilott, Temple, Festival, Kanhangad, Kasaragod