രാഷ്ട്രീയ-വിദ്യാര്‍ത്ഥി സംഘടന പരിപാടിക്ക് കുട്ടികളെ കൊണ്ടുപോകുന്നത് അറവുമാടുകളെപോലെ
Oct 30, 2012, 22:56 IST
ടെമ്പോയില്‍ കുട്ടികളെ കുത്തിനിറച്ച നിലയില്‍ |
ലോറികളിലും ടെമ്പോകളിലും ഓട്ടോറിക്ഷകളിലും വിദ്യാര്‍ത്ഥികളെ തിരുകി കയറ്റിക്കൊണ്ട് പോകുമ്പോഴും നിയമം ഇതിന് നേരെ കണ്ണടക്കുകയാണ്. ഒരൊറ്റ ടെമ്പോയില്‍ മാത്രം നിരവധി കുട്ടികളെ കുത്തിനിറച്ച് സ്‌കൂളുകളിലേക്ക് കൊണ്ടുപോകുന്നത് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും സാധാരണ കാഴ്ചയായി മാറിയിട്ടുണ്ട്. ഇതിന് പുറമെ രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തിപ്രകടനങ്ങള്‍ക്കും കുട്ടികളെ ഈ രീതിയില്‍ കൊണ്ടുപോകുന്നുണ്ട്.
റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ടെമ്പോകളിലും ലോറികളിലും തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന കുട്ടികളെ സമൂഹവും പോലീസും കാണുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്താന്‍ പോലീസ് താല്‍പ്പര്യം കാണിക്കാറില്ല. ശക്തിപ്രകടന നഗരിയില്‍ സാധാരണ പോലീസുകാര്‍ മുതല്‍ മേലുദ്യോഗസ്ഥര്‍ വരെ ഉണ്ടാകാറുണ്ട്. ഇവിടേക്ക് 200ലധികം വരുന്ന കുട്ടികളെ കയറ്റി വരുന്ന ലോറികള്‍ കണ്ടാലും ഇത് തടയാനും ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുക്കാനും പോലീസ് നടപടി കൈക്കൊള്ളാറില്ല. കര്‍ണ്ണാടകയില്‍ ജോലി കഴിഞ്ഞ് തൊഴിലാളികളെ കുത്തി നിറച്ച് വരികയായിരുന്ന പിക്കപ്പ് വാഹനം അപകടത്തില്‍പ്പെടുകയും സ്ത്രീകളും കുട്ടികളുമടക്കം 150 പേര്‍ മരണപ്പെടുകയും ചെയ്ത സംഭവം ഈയിടെ റിപ്പോര്‍ട് ചെയ്തിരുന്നു.
ഇത്തരമൊരു ദുരന്തത്തിന് ശേഷം കര്‍ണ്ണാടകയില്‍ മനുഷ്യരെ കന്നുകാലികളെ പോലെ കുത്തി നിറച്ച് വാഹനങ്ങളില്‍ കടത്തുന്നതിനെതിരെ നിയമം കര്‍ശനമാക്കിയിരിക്കുകയാണ്. കേരളത്തില്‍ ഇതുപോലൊരു ദുരന്തം ഉണ്ടാകുന്നതു വരെ ഒരു നടപടിയും കൈക്കൊള്ളാത്ത സ്ഥിതിയാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ നൂറുകണക്കിന് ലോറികളിലൂടെയും ടെമ്പോകളിലൂടെയും മനുഷ്യ ജീവികളായ പ്രവര്‍ത്തകരെ കൊണ്ടു വരുന്നു.
ഇത്തരം ടെമ്പോകള്‍ക്കും ലോറികള്‍ക്കും ഇന്ത്യന്‍ നിയമമനുസരിച്ച് ഗുഡ്‌സ് കാര്യേജിന് മാത്രമാണ് പെര്‍മിഷനുള്ളത്. ഓവര്‍ ലോഡാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാം. ഇതൊന്നും പാലിക്കുന്നില്ലെന്ന് മാത്രമല്ല ആളുകളെ കുത്തി നിറച്ച് അമിത വേഗത്തിലാണ് ഇത്തരം വാഹനങ്ങള്‍ ഓടുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകളുടെ ശക്തി പ്രകടനങ്ങള്‍ക്ക് പലപ്പോഴും രാഷ്ട്രീയമെന്തെന്നറിയാത്ത കുഞ്ഞുങ്ങളെയാണ് ടെമ്പോകളിലും മറ്റും കടത്തിക്കൊണ്ട് വരുന്നത്. സദാസമയവും ബൈക്കോടിക്കുന്നവരുടെ സുരക്ഷയെ കുറിച്ച് മാത്രം ചിന്തിച്ച് പിഴയടപ്പിക്കുന്ന പോലീസുകാര്‍ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ കടത്തുന്നതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. തിങ്ങിഞെരുങ്ങി വിദ്യാര്‍ത്ഥികളെ വാഹനങ്ങളില്‍ കടത്തുന്നതിനെതിരെ രക്ഷിതാക്കളും അധ്യാപകരും ബോധവാന്‍മാരാകാത്ത സ്ഥിതി വിശേഷവുമുണ്ട്.
Keywords: Student, Politic, Union, Programme, Tempo, Lorry, Kanhangad, Kasaragod, Kerala, Malayalam news.