പടന്നക്കാട്ടെ ടോള്‍ പിരിവ് ഗതാഗത കുരുക്കിന് വഴിതുറക്കുന്നു
Sep 27, 2012, 14:32 IST
പടന്നക്കാട്: പാളം കുരുക്കിട്ട പാതയില്‍ മണിക്കൂറുകളോളം കുടുങ്ങി കിടക്കുന്ന പൊതുജനത്തിന് ആശ്വാസമായി പടന്നക്കാട് മേല്‍പാലം തുറന്നുകൊടുത്തുവെങ്കിലും മേല്‍പാലത്തിന് തൊട്ടുരുമ്മി സ്ഥാപിച്ച ടോള്‍ ബൂത്ത് മറ്റൊരു വന്‍ ഗതാഗത കുരുക്കിന് വഴിതുറക്കുമെന്ന് ഏതാണ്ട് ഉറപ്പായി.
ദേശീയപാതയില്‍ കാഞ്ഞങ്ങാട്-നീലേശ്വരം റൂട്ടില്‍ പടന്നക്കാട്ടെ മേല്‍പാലം തുടങ്ങുന്നതിന് 50 മീറ്റര്‍ തൊട്ടുമുമ്പാണ് ടോള്‍ ബൂത്ത് സ്ഥാപിച്ചിട്ടുള്ളത്. നീലേശ്വരം വഴി പാലം കടന്നുവരുന്ന വാഹനങ്ങള്‍ ടോള്‍ ബൂത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ത്തിയിട്ടാല്‍ മേല്‍പാലം മുഴുക്കെ വാഹനങ്ങള്‍ നിശ്ചലമാകുമെന്നാണ് പ്രധാന ആക്ഷേപം. മറുഭാഗത്ത് മേല്‍പാലം കയറുന്നിടത്ത് തെക്കുഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് നിലവിലുള്ള അവസ്ഥയില്‍ കടന്നുപോകാന്‍ കഴിയില്ല. രണ്ട് വാഹനങ്ങള്‍ ഒരുപോലെ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാന്‍ പറ്റാത്ത വിധത്തിലാണ് മേല്‍പാലത്തിന്റെ ഉള്‍ഭാഗം പണികഴിച്ചിട്ടുള്ളത്. ഉള്‍ഭാഗത്ത് രണ്ടുഭാഗത്തായി നടപ്പാത നിര്മിച്ചതിനാല് മേല്‍പാലത്തിന്റെ ഉള്‍ഭാഗത്തിന്റെ വിസ്തൃതി തീരെ കുറഞ്ഞുപോയതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.
നീലേശ്വരം ഭാഗത്തുനിന്ന് മേല്‍പാലം കഴിഞ്ഞ ഉടന്‍ ടോള്‍ ബൂത്ത് സ്ഥാപിച്ചതിനാല്‍ വാഹന ഗതാഗതം ഏറെ തടസ്സപ്പെടുമെന്നാണ് ഡ്രൈവര്‍മാരുടെ പ്രധാന ആശങ്ക. സാധാരണഗതിയില്‍ മേല്പാലത്തില് നിന്നും ടോള്‍ ബൂത്ത് സ്ഥാപിക്കേണ്ടത് നിശ്ചിത അകലത്തിലാണ്. ഇത് പാലിക്കാതെയാണ് ഇവിടെ ബൂത്ത് സ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അതിനിടെ പടന്നക്കാട് റെയില്‍വെ മേല്പാലത്തില് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ടോള്‍ പിരിവ് തുടങ്ങി. പരിസരവാസികളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ അവര്‍ക്കും പണം നല്‍കി വേണം വാഹനം മേല്പാലത്തിലൂടെ കടന്നുപോകാന്‍.
ടോള്‍ പിരിവ് നടത്തുന്നതിന് തദ്ദേശീയരായ യുവതീയുവാക്കള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. നഗരസഭ കൗണ്‍സിലര്‍മാരുടെയും മറ്റ് പൊതുപ്രവര്‍ത്തകരുടെയും നിര്‍ദേശമനുസരിച്ച് തദ്ദേശിയരായ 17 യുവാക്കളും 18 യുവതികളും ഇതിന് വേണ്ടി വ്യാഴാഴ്ച ദേശീയപാത വിഭാഗം അധികൃതര്‍ക്ക് അപേക്ഷ സമര്‍പിച്ചിരുന്നു. ഇവരില്‍ കഴിവുള്ളവരെ നിയമിച്ച് കഴിഞ്ഞാല്‍ ബാക്കി ഈ രംഗത്ത് ഇതിനകം മുന്‍പരിചയമുള്ളവരെ നിയമിക്കാനാണ് തീരുമാനം. മൊത്തം 42 പേരെയാണ് ടോള്‍ പിരിവിന് നിയമിക്കുന്നത്. ഒരു ഷിഫ്റ്റില്‍ 14 പേര്‍ വീതം.
രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് നാല് മണിവരെയും വൈകിട്ട് നാല് മണിമുതല്‍ രാത്രി 12 മണിവരെയും 12 മണിമുതല്‍ പിറ്റേന്ന് രാവിലെ എട്ട് മണിവരെയുമാണ് ടോള്‍ പിരിവിനുള്ള ഷിഫ്റ്റ് സമ്പ്രദായം. കൂലിയായി ഓരോരുത്തര്‍ക്കും 276 രൂപ നിശ്ചയിച്ചിട്ടുണ്ട്.
Keywords: Traffic jam, Toll Collection, Padnakkad, Railway over bridge, Kanhangad, Kasaragod, Kerala, Malayalam news