Protest | കാഞ്ഞങ്ങാട്-രാവണേശ്വരം ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിർത്തി, പ്രദേശവാസികൾ പ്രതിഷേധത്തിൽ, യാത്രാക്ലേശം രൂക്ഷം, അധികൃതരോട് ആവശ്യം.
കാഞ്ഞങ്ങാട്: (KasaragodVartha) കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഒരു മുന്നറിയിപ്പും ഇല്ലാതെ നിർത്തിയതിനെ തുടർന്ന് ജനങ്ങൾക്ക് യാത്രാക്ലേശം രൂക്ഷമാക്കി. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഈ പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വേലാശ്വരം സഫ്ദർ ഹാഷ്മി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് രംഗത്തെത്തിയിരിക്കുന്നു.
കാഞ്ഞങ്ങാട്-രാവണേശ്വരം റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആണ് പൊടുന്നനെ നിർത്തിയത്. മുച്ചിലോട്ട് ഗവ. എൽ.പി. സ്കൂൾ, പഞ്ചായത്ത് ഓഫീസ്, അജാനൂർ വില്ലേജ് ഓഫീസ്, ആയുർവേദ ഡിസ്പെൻസറി, മാവേലി സ്റ്റോർ, കുടുംബശ്രീ ഓഫീസ്, വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മൃഗാശുപത്രി തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കിഴക്കുംകര, വെള്ളിക്കോത്ത്, പെരളം, തട്ടുമ്മൽ, വേലാശ്വരം, പാണം തോട്, നമ്പ്യാറടുക്കം, രാവണേശ്വരം എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അനിവാര്യമായ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിർത്തിയതിൽ പ്രദേശവാസികൾ വലിയ പ്രതിഷേധത്തിലാണ്.
നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്ര ക്ലേശം പരിഹരിക്കുന്നതിന് പുതിയ ബസ് റൂട്ടുകൾ അനുവദിക്കുമെന്ന മന്ത്രി കെ. ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ. എന്നാൽ, നിലവിലുള്ള ബസ് സർവീസ് പുനരാരംഭിക്കുന്നത് താത്ക്കാലിക ആശ്വാസത്തിന് സഹായകമാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ സദസ്സിൽ പരാതികൾ സമർപ്പിച്ച് പരിഹാരത്തിനായി കാത്തുനിൽക്കുകയാണ് നാട്ടുകാർ.
ആഗസ്റ്റ് എട്ടിന് പകൽ രണ്ടിന് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടക്കുന്ന ജനകീയ സദസ്സിൽ ഈ പ്രശ്‌നം ഉന്നയിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. സദസ്സിൽ എം.എൽ.എ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ നഗരസഭാ ചെയർമാൻമാർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, കാസർകോട് ആർ.ടി.ഒ, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ജോയിന്റ് ആർ.ടി.ഒമാർ, തഹസിൽദാർമാർ തുടങ്ങിയവർ സദസ്സിൽ പങ്കെടുക്കും.