Court Action | 'മേൽപാലത്തിന് ഭൂമിയെടുത്തതിന്റെ പണം നൽകിയില്ല'; കാഞ്ഞങ്ങാട് സബ് കലക്ടറുടെ കാർ ജപ്തി ചെയ്‌ത് കോടതി
● ഇഞ്ചൻ വീട്ടിൽ മാണിക്യൻ എന്നയാളുടെ 10 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്.
● കേസ് നടക്കുന്നതിനിടയിൽ മാണിക്യം മരിച്ചു. തുടർന്ന് മക്കളാണ് കേസ് ഏറ്റെടുത്തത്.
● രണ്ട് വർഷം കഴിഞ്ഞിട്ടും സർക്കാർ പണം നൽകിയില്ല. ഇതിനെ തുടർന്ന് ഹർജിക്കാർ വീണ്ടും കോടതിയെ സമീപിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) നീലേശ്വരം പള്ളിക്കര മേൽപാലം നിർമാണത്തിന് ഭൂമി ഏറ്റെടുത്തതിന്റെ പണം നൽകാത്തതിനെ തുടർന്ന്, കാഞ്ഞങ്ങാട് സബ് കലക്ടറുടെ കാർ ഹൊസ്ദുർഗ് സബ് കോടതി ജപ്തി ചെയ്തു. ഇഞ്ചൻ വീട്ടിൽ മാണിക്യൻ എന്നയാളുടെ 10 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്. സെന്റിന് 2000 രൂപ പ്രകാരം 20,000 രൂപയാണ് അന്ന് അനുവദിച്ചത്.
എന്നാൽ, ഈ തുക മതിയാകില്ലെന്ന് വാദിച്ച് മാണിക്യം നിയമപോരാട്ടം തുടങ്ങി. ആദ്യം ഹൊസ്ദുർഗ് സബ് കോടതിയെയും അനുകൂല വിധികിട്ടാത്തതിനെ തുടർന്ന് പിന്നീട് ഹൈകോടതിയെയും സമീപിച്ചു. എന്നാൽ, കേസ് നടക്കുന്നതിനിടയിൽ മാണിക്യം മരിച്ചു. തുടർന്ന് മക്കളാണ് കേസ് ഏറ്റെടുത്തത്.
ഹൈകോടതിയുടെ ഉത്തരവ് പ്രകാരം കേസ് പുനർവിചാരണ ചെയ്ത ഹൊസ്ദുർഗ് സബ് കോടതി, ഒരു സെന്റിന് അരലക്ഷം രൂപ നൽകണമെന്ന് വിധിച്ചു. എന്നാൽ, രണ്ട് വർഷം കഴിഞ്ഞിട്ടും സർക്കാർ പണം നൽകിയില്ല. ഇതിനെ തുടർന്ന് ഹർജിക്കാർ വീണ്ടും കോടതിയെ സമീപിച്ചു.
പലതവണ നിർദേശിച്ചിട്ടും സർകാർ നടപടി സ്വീകരിക്കാത്തതിനാൽ, കോടതി സബ് കലക്ടറുടെ കാർ ജപ്തി ചെയ്യാൻ ഉത്തരവിടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ കെ എൽ 14 എൻ 9999 കാർ കോടതിയിലെത്തിച്ചു. ഹർജിക്കാർക്കുവേണ്ടി അഡ്വ. കെ പീതാംബരൻ ഹാജരായി.
#LandDispute #CourtAction #Kasargod #CarSeizure #Compensation #LegalNews