മാവുങ്കാല്‍ മൂലക്കണ്ടത്ത് കുഴിച്ചിട്ട വാഷ് പിടിച്ചു
Nov 26, 2011, 09:30 IST
കാഞ്ഞങ്ങാട്: മാവുങ്കാല്‍ മൂലക്കണ്ടം ദേശീയ പാതയോരത്ത് കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട 20 ലിറ്റര്‍ വാഷ് എക്സൈസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. റോഡരികില്‍ ഇരുപതിലേറെ കുഴികളുണ്ടാക്കി അതിനകത്ത് കുടങ്ങളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലം കാണാന്‍ പോയ മാധ്യമ പ്രവര്‍ത്തകരാണ് വാഷ് കണ്ടെത്തിയത്. പിന്നീട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. 20 കുടങ്ങളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. വിവരമറിഞ്ഞ് ഇന്‍സ്പെക്ടര്‍ കെ. കൃഷ്ണന്, അസി. ഇന്‍സ്പെക്ടര്‍ ചന്ദ്രകാന്ത എന്നിവരുടെ നേതൃത്വത്തില്‍ എക്സൈസ് സംഘമെത്തി. ഹൈവെയുടെ വശങ്ങള് കാടുപിടിച്ച് കിടക്കുന്നത് മറയാക്കിയാണ് ചിലര്‍ വാറ്റ് സാമഗ്രികള്‍ സൂക്ഷിക്കുന്നത്. സമീപത്തെ വീടുകള്‍ കേന്ദ്രീകരിച്ച് നാല്പതിലേറെ വ്യാജ വാറ്റുകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടുവളപ്പില്‍ വാഷ് കുഴിച്ചിട്ടാല്‍ കേസില്‍പ്പെടുമെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ സ്ഥലത്ത് ഇവ കുഴിച്ചിടുന്നതെന്നും നാട്ടുകാര്‍ പറയുന്നു. സമീപത്തെ കോളനിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ രണ്ടു സ്ഥലങ്ങളില്‍നിന്ന് ചാരായവും വാഷും കണ്ടെടുത്തു. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ വാറ്റുകേന്ദ്രങ്ങളിലേക്ക് അന്യ ദിക്കുകളില്‍നിന്നും ആളുകളെത്തുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി പേര് വാറ്റുകേന്ദ്രത്തിനടുത്ത് മരിച്ച സംഭവങ്ങളുമുണ്ടായിരുന്നു.
Keywords: Kanhangad, Spirit seized, Mavungal







