city-gold-ad-for-blogger

ഒന്നുമറിയാതെ ഷഹദാസും അസീമും

ഒന്നുമറിയാതെ ഷഹദാസും അസീമും


ചിത്താരി: വീടിന് മുന്നില്‍ കൂടിയിരിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ ഷഹദാസും അസീമും ഒന്നുമറിയാതെ ഓടി ചാടി കളിക്കുകയാണ്. ആളുകള്‍ കൂടി കൂടി വരുന്നുണ്ടെന്ന് പരസ്പരം ഇവര്‍ പറയുന്നു, കാഞ്ഞങ്ങാട്ടെത്തി, അതിഞ്ഞാലിലെത്തി...
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ആയിരങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് എത്തി. ആളുകള്‍ ആംബുലന്‍സിന് ചുററും കൂടി. അപ്പോഴും ഷഹദാസും അസീമും വീട്ടില്‍ ആള്‍ക്കാരുടെ കൂട്ടം കണ്ട് സന്തോഷത്തില്‍ തിമിര്‍ക്കുകയായിരുന്നു. അവരറിയുന്നില്ല ഒരാഴ്ച മുമ്പ് ഉമ്മച്ചിക്കൊപ്പം ഞങ്ങളെ വിമാനം കയററി വിട്ട പുന്നാര ഉപ്പാനെ അവസാനമായി കാണാന്‍ വന്ന ആയിരങ്ങളാണിതെന്ന്... ഇടയ്ക്ക് അമ്മാവന്‍ വലീദ് വന്ന് രണ്ട് കുഞ്ഞുമക്കളെയും ആള്‍ക്കൂട്ടത്തിനിടയിലൂടെ വീടിനകത്തേക്ക് കൂട്ടികൊണ്ടുപോയി... 


കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കുത്തേററ് മരിച്ച ചിത്താരി ചാമുണ്ഡിക്കുന്നിലെ ഷെരീഫിന്റെ മയ്യത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ വീട്ടിലെത്തിച്ചപ്പോഴുണ്ടായ കരളലിയിപ്പിക്കുന്ന കാഴ്ചയാണിത്. ആംബുലന്‍സില്‍ നിന്നും ഇറക്കിയ മയ്യിത്ത് ഷെരീഫിന്റെ വീട്ടിനുളളില്‍ അല്‍പസമയം കിടത്തി. അടുത്ത ബന്ധുക്കള്‍ക്ക് കാണിച്ച ശേഷം നാല് വയസ്സുളള ഷഹദാസിനും ഒന്നര വയസ്സുളള അസീമിനും മയ്യിത്ത് കാണിച്ചു. ഷഹദാസ് പ്രിയപ്പെട്ട ഉപ്പാക്ക് അന്ത്യചുംബനം നല്‍കിയത് കൂടി നിന്നവരുടെ കണ്ണ് നനയിച്ചു. 


പിന്നീട് വീടിന് പുറത്ത് പൊതുദര്‍ശനത്തിന് വെച്ചു. സ്ത്രീകളും കുട്ടികളും വിവിധ മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കളടക്കം ആയിരങ്ങളായിരുന്നു പുറത്ത് കാത്തിരുന്നത്.
ഒരു മണിക്കൂറിലധികം പൊതുദര്‍ശനത്തിന് വെച്ചെങ്കിലും ജനങ്ങളുടെ ഒഴുക്ക് നിന്നില്ല. ഓടിക്കളിച്ച ക്ഷീണത്തില്‍ കുഞ്ഞുമോന്‍ അസീം അമ്മാവന്റെ മടിയില്‍ തളര്‍ന്ന് കിടന്നു. 2.45 ഓടെ നോര്‍ത്ത് ചിത്താരി ഖിളിര്‍ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഷെരീഫ് ആറടി മണ്ണിലേക്ക് മടങ്ങി. അപ്പോഴും ഈ കുരുന്നുകളിറിയുന്നില്ല. ബാപ്പ ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തിലേക്കാണ് യാത്രയായതെന്ന്.


Key words: Shareef, Chithari, Kanhangad, Shahadas, Aseem

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia