കാഞ്ഞങ്ങാട്ട് എസ്.എഫ്.ഐ വഴിതടയല്‍ സമരത്തില്‍ സംഘര്‍ഷം
Jun 18, 2012, 14:16 IST
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ട് അനീഷ് രാജിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നും, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്ടു നടന്ന വഴിതടയല്‍ സമരത്തില്‍ സംഘര്‍ഷം.
കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡിന് മുന്നില്‍ രാവിലെ 11 മണിയോടെയാണ് വഴി തടയല്‍ സമരം ആരംഭിച്ചത്. സമരം ഒരു മണിക്കൂര്‍ പിന്നിട്ട ശേഷം അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം പ്രവര്‍ത്തകര്‍ ചെറുത്ത് നിന്നതോടെയാണ് ഹൊസ്ദുര്‍ഗ് സി.ഐ, കെ.വി.വേണുഗോപാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് ബലപ്രയോഗം നടത്തേണ്ടി വന്നത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അരൂണിനാണ് പരിക്കേറ്റത്. അരൂണിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എസ്.എഫ.ഐ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നഗരത്തിലെ മോട്ടോര്‍ തൊഴിലാളികളും രംഗത്തുവന്നതോടെ കാഞ്ഞങ്ങാട്ട് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നഗരത്തില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥ സംജാതമായി. അറസ്റ്റില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് തുടര്‍ന്നുവെങ്കിലും പോലീസിന്റെ സംയമനം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി.
സമരം നേരത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. സബീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.വി. രജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. കാറ്റാടി കുമാരന്‍, ശിവജി വെള്ളിക്കോത്ത് പ്രസംഗിച്ചു. സമരത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടതോടെ വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാര്‍ വലഞ്ഞു.
Keywords: SFI, Road block strike, Kanhangad, Kasaragod