city-gold-ad-for-blogger

സഫിയ വധം: സാക്ഷി വിസ്താരം പൂര്‍ത്തിയായി

കാസര്‍കോട്: (www.kasargodvartha.com 05/05/2015) പ്രമാദമായ സഫിയ വധക്കേസില്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. സാക്ഷിപ്പട്ടികയില്‍ 63 പേരാണ് ഉണ്ടായിരുന്നതെങ്കിലും 37 പേരെ കോടതിയില്‍ വിസ്തരിച്ചു. സഫിയയുടെ പിതാവ് മൊയ്തു, മാതാവ് അയിസു, ഒന്നാം പ്രതി ഹംസയുടെ സഹോദരന്‍ മുഹമ്മദ്, സഹോദരന്‍ ഷംസുദ്ദീന്റെ ഭാര്യ സൗജ, പൊതു പ്രവര്‍ത്തകയും കോളജ് അധ്യാപികയുമായ ഡോ. ഗീത, ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ളി വാസു, അന്നമ്മജോണ്‍, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍, സഫിയയുടെ തലയോട്ടിയുടെ സൂപ്പര്‍ ഇംപോസിഷന്‍ നടത്തിയ തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ ഡോക്ടര്‍, ചെന്നൈയിലെ ലബോറട്ടറിയിലെ വിദഗ്ധ, കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി സന്തോഷ് കുമാര്‍ ഉള്‍പെടെയുള്ളവരെയാണ് കോടതി വിസ്തരിച്ചത്.

പ്രോസിക്യൂഷന്‍ 64 രേഖകളും 12 തൊണ്ടി മുതലുകളും ഹാജരാക്കി. ഇവയില്‍ കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടിയും താടിയും ഉള്‍പ്പെടും. 2006 ലാണ് ഗോവയിലെ കരാറുകാരനായ മുളിയാര്‍ മാസ്തികുണ്ടിലെ ഹംസയുടെ വീട്ടു ജോലിക്കാരിയായിരുന്ന സഫിയ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിക്കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ സഫിയയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

അയ്യങ്കേരിയിലെ വീട്ടില്‍ ദാരിദ്ര്യത്തില്‍ കഴിയുകയായിരുന്ന സഫിയയെ വീട്ടുവേലയ്ക്കാണ് കൊണ്ടുപോയതെങ്കിലും പഠനചെലവ് അടക്കമുള്ള കാര്യങ്ങള്‍ താന്‍ നോക്കിക്കൊള്ളാമെന്ന് മാതാപിതാക്കള്‍ക്ക് ഹംസ ഉറപ്പുനല്‍കിയിരുന്നു. സഫിയ അയ്യങ്കേരിയിലെ വീട്ടില്‍ നിന്നും പോയി ഒരു വര്‍ഷം കഴിഞ്ഞ് മകളെ അന്വേഷിച്ച് ആഇശ ഹംസയുടെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി അവിടെയില്ലായിരുന്നു. ഹംസയോടും ഭാര്യയോടും അന്വേഷിച്ചപ്പോള്‍ കുറച്ചുദിവസമായി അവളെ കാണാനില്ലെന്നും എങ്ങോട്ട് പോയെന്ന് അറിയില്ലെന്നുമാണ് മറുപടി ലഭിച്ചത്. ഇതില്‍ സംശയം തോന്നിയ ആഇശ അന്നത്തെ കാസര്‍കോട് എസ്.പി ഉള്‍പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും സഫിയയുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം ഉണ്ടായില്ല. ഇതേ തുടര്‍ന്ന് സഫിയ തിരോധാനത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ കാസര്‍കോട്ടെ ജനകീയ നീതിവേദിയുടെ സഹായം ആഇശ തേടുകയും സഫിയ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സഫിയയുടെ തിരോധാനം സംബന്ധിച്ച് ആദൂര്‍ പോലീസ് കേസെടുത്തുവെങ്കിലും ഹംസയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ആക്ഷന്‍ കമ്മിറ്റി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തിയതോടെ അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ച്  ഏറ്റെടുക്കുകയും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സഫിയ ക്രൂരമായി കൊലചെയ്യപ്പെട്ടുവെന്നും വ്യക്തമാവുകയായിരുന്നു. മുളിയാറിലെ വീട്ടില്‍ നിന്നും സഫിയയെ ഹംസ ഗോവയിലുള്ള തന്റെ ഫഌറ്റിലേക്ക് കൊണ്ടുപോവുകയും ചില പ്രശ്‌നങ്ങളുടെ പേരില്‍ പെണ്‍കുട്ടിയെ ഹംസയും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അടുത്തുള്ള കനാലില്‍ താഴ്ത്തുകയും ചെയ്തുവെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഗോവയിലെ ഫഌറ്റിലെ അടുക്കളയില്‍ സഹായിയായ സഫിയ അവിടെ വച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ദേഹത്ത് ചൂടുവെള്ളം നിറഞ്ഞ പാത്രം മറിയുകയും പൊള്ളലേല്‍ക്കുകയും ചെയ്തുവെന്നും അബോധാവസ്ഥയിലായ കുട്ടി മരിച്ചുവെന്ന് കരുതി ഹംസയും ഭാര്യയും ശരീരം മൂന്നുഭാഗങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ടുവെന്നുമാണ് പ്രതികള്‍ നടത്തിയ കുറ്റസമ്മതമൊഴി. എന്നാല്‍ സഫിയയെ ബോധപൂര്‍വം കൊലപ്പെടുത്തിയതാണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായത്.

ശക്തമായ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചു. ജനുവരി അഞ്ചിന് സഫിയയുടെ പിതാവ് മൊയ്തുവിനെ ഒന്നാം സാക്ഷിയായി വിസ്തരിച്ചാണ് വിസ്താരം തുടങ്ങിയത്. പ്രതികളെ  ചോദ്യം ചെയ്യുന്നതിനായി കേസ് മെയ് 11 ലേക്ക് മാറ്റി വെച്ചു.
സഫിയ വധം: സാക്ഷി വിസ്താരം പൂര്‍ത്തിയായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Murder-case, Accuse, Court, Kanhangad, Safiya Murder Case. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia