സോണി എം. ഭട്ടതിരിപ്പാടിനെ അലഹബാദില്‍ കണ്ടതായി അഭ്യൂഹം
Feb 8, 2013, 21:04 IST
കാഞ്ഞങ്ങാട്: നാല് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാധ്യമ പ്രവര്‍ത്തകന്‍ സോണി എം. ഭട്ടതിരിപ്പാടിനെ അലഹബാദില്‍ കണ്ടതായി ഈ തിരോധാന കേസന്വേഷിക്കുന്ന കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റിന് കീഴിലുള്ള ഹര്‍ട്ട് ആന്റ് ഹോംസൈഡ് വിഭാഗത്തിന് വിവരം ലഭിച്ചു. സോണി എം. ഭട്ടതിരിപ്പാടിന്റെ മുഖഛായയും രൂപഭംഗിയുമുള്ള ഒരാളെ അലഹബാദ് പ്രയാഗിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കണ്ടതായി ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലീസിന് വിവരം നല്‍കുകയായിരുന്നു.
ത്രിവേണി സംഗമ ഭൂമിയായ പ്രയാഗിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഗംഗ സ്‌നാനത്തിന് ദിനംപ്രതി സന്യാസി വര്യന്മാര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ എത്താറുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ കണ്ടതായി പറയപ്പെടുന്ന സോണിയുടെ രൂപസാദൃശ്യമുള്ള യുവാവ് കുളിക്കുന്നത് കണ്ടു എന്നാണ് പോലീസിന് കൈമാറിയ വിവരം. ഇതേതുടര്‍ന്ന് സോണിയെ കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ഫോട്ടോ ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം അലഹബാദിലേക്ക് തിരിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു മടങ്ങി. സോണിയെ കണ്ടെത്താനാകാതെ നിരാശരായാണ് ക്രൈംബ്രാഞ്ച് മടങ്ങിയത്. സോണി എം. ഭട്ടതിരിപ്പാടിന്റെ തിരോധാന കേസ് എഴുതിതള്ളാനുള്ള തയ്യാറെടുപ്പിനിടയിലാണ് സോണിയോട് രൂപസാദൃശ്യമുള്ള ഒരാളെ അലഹബാദില്‍ കണ്ടതായുള്ള വിവരം മാധ്യമപ്രവര്‍ത്തകന്‍ പോലീസിന് കൈമാറിയത്.
ഇന്ത്യാവിഷന്‍ ഡപ്യൂട്ടി ന്യൂസ് എഡിറ്ററായിരിക്കെ കാണാതായ സോണി എം. ഭട്ടതിരിപ്പാടിനെ കണ്ടെത്താനുള്ള അന്വേഷണം ഇനിയും എങ്ങുമെത്തിയില്ല. 2008 ഡിസംബര്‍ 8 നാണ് സോണിയെ കാണാതായത്. പല തവണയായി നിരവധി അന്വേഷണ ഉദ്യോഗസ്ഥര്‍ മാറി മാറി സോണിയുടെ തിരോധാനം അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളിലും ചാനലുകളിലും പ്രദേശിക ഭാഷകളിലും സോണിയുടെ ചിത്രത്തോടെ പരസ്യം നല്‍കിയിരുന്നു. നിരവധി സംസ്ഥാനങ്ങളിലും ആശ്രമങ്ങളിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. സോണിയുടെ ബന്ധുക്കളും അച്ഛനും പല തരത്തിലുള്ള അന്വേഷണം നടത്തിയെങ്കിലും ഒടുവില്‍ അവരും പ്രതീക്ഷകള്‍ മങ്ങി സോണിയെ തേടിയുള്ള യാത്രകള്‍ അവസാനിപ്പിച്ചു.
ഇന്ത്യാവിഷനില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന സോണിയെ ഗോവന്‍ ചലച്ചിത്ര മേള റിപോര്‍ട്ട് ചെയ്തു മടങ്ങുംവഴിയാണ് കാണാതാകുന്നത്. മലയാള മനോരമ കാസര്‍കോട് ബ്യൂറോ ചീഫായും മനോരമന്യൂസിലെ 'നിങ്ങള്‍ ആവശ്യപ്പെട്ട വാര്‍ത്ത'യിലൂടെയും ഇന്ത്യാവിഷനിലെ 'കേരളനടന' ത്തിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ സോണി പെട്ടൊന്നൊരു ദിവസം ട്രെയിന്‍ യാത്രക്കിടയില്‍ അപ്രത്യക്ഷനാവുകയായിരുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേള റിപോര്‍ട്ട് ചെയ്യുന്നതിനിടെ മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സോണി മംഗലാപുരത്തെ മുള്ളേഴ്‌സ് ആശുപത്രിയില്‍ ജോണ്‍ മത്തായിയുടെ ക്ലിനിക്കില്‍ ഒരാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് ഭാര്യാപിതാവ് എം. ഗണപതി നമ്പൂതിരിക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്. യാത്രക്കിടയില്‍ കാഞ്ഞങ്ങാട്ട് ഫഌറ്റ്‌ഫോമിലേക്കിറങ്ങിയ സോണി തിരിച്ച് വണ്ടിയില്‍ കയറിയില്ല. അന്ന് പുതിയകോട്ടയിലെ വിനായക തിയേറ്ററില്‍ സോണിയെ പലരും കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. രാത്രി വൈകി വീട്ടിലേക്കുവിളിച്ച സോണി താന്‍ കോഴിക്കോടുണ്ടെന്നും ചില അസൈന്‍മെന്റ്‌സ് ചെയ്തുതീര്‍ക്കാനുണ്ടെന്നുമാണ് പറഞ്ഞത്. വീട്ടിലേക്കുള്ള അവസാനത്തെ വിളിയും ഇതായിരുന്നു.
പക്ഷെ പിന്നീട് സോണിയെ കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. സോണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. 2008 ഡിസംബര്‍ 12 വരെ വരെ സോണി വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ആയി. കാഞ്ഞങ്ങാട്ടെ ബസ് സ്റ്റാന്റിനു സമീപത്തെ എ.ടി.എമ്മില്‍ നിന്നും അവസാനമായി 3000 രൂപയും പിന്‍വലിച്ചു. പണം തീരുന്നതോടെ മടങ്ങിയെത്തുമെന്ന പ്രതീക്ഷയോടെ എല്ലാവരും സോണിയെ കാത്തിരുന്നു. എ.ടി.എം. വീട്ടുകാര്‍ ബ്ലോക്ക് ചെയ്തത് പീന്നിടുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിന് തടസമായി.
ഇടക്കിടെ മുങ്ങി യാത്ര ചെയ്യുന്ന സോണി പെട്ടെന്ന് മടങ്ങിയെത്താനാണ് അക്കൗണ്ട് വീട്ടുകാര്‍ ബ്ലോക്ക് ചെയ്തത്. പക്ഷെ അന്വേഷണത്തിനും സോണിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലാതായതിനും ഇത് കാരണമായി. പണം തീര്‍ന്ന സോണി പിന്നെ എവിടേക്കാണ് പോയിട്ടുണ്ടാവുക. സോണിയെ തട്ടികൊണ്ടുപോകാനോ അപായപ്പെടുത്താനോ തരത്തിലുള്ള ശത്രക്കളൊന്നും സോണിക്കില്ല. പിന്നെ സോണി എവിടെയാണ്?
സോണിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ കുന്ദാപുരത്തിനു സമീപം ഗംഗോലിയിലാണ് ആളുള്ളതെന്നു മനസിലാക്കി അവിടെ അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും അന്വേഷണ സംഘം ഫോട്ടോയുമായെത്തി അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ശ്രീശ്രീ രവിശങ്കറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സോണി അവിടെ ആശ്രമിത്തിലുണ്ടാകുമെന്നായിരുന്നു ആദ്യ പ്രതിക്ഷ. എന്നാല്‍ അവിടേക്കും സോണി ഇതുവരെ എത്തിയിട്ടില്ല. കര്‍ണാടകത്തിലെ ട്വിബറ്റന്‍ ആശ്രമമുള്‍പ്പെടെ നിരവധി ആശ്രമങ്ങളില്‍ ക്രൈബ്രാഞ്ച് സംഘവും സോണിയുടെ പിതാവുമെത്തി അന്വേഷണം നടത്തി.
സോണിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം നീര്‍വേലിയിലായിരുന്നു. മഹാരാജാസില്‍ നിന്നും ബിരുദവും എറണാകുളം ഭാരതീയ വിദ്യാഭവനില്‍ നിന്നും പത്രപ്രവര്‍ത്തനവും പാസ്സായി. എം.എയും എച്ച്ഡിസിയും പൂര്‍ത്തിയാക്കിയപ്പോള്‍ മലയാളമനോരമയില്‍ പത്രപ്രവര്‍ത്തകനായി. പിന്നീട് ബ്യൂറോ ചീഫായും മനോര ന്യൂസിലെ ഡപ്പ്യൂട്ടി എഡിറ്ററുമായി.
Keywords : Kanhangad, Media Worker, Missing, Kerala, Sony, Alahabad, Police, Case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News