city-gold-ad-for-blogger
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടും ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്; ഷവര്‍മ്മ നിരോധിച്ചു

കാഞ്ഞങ്ങാട്ടും ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്; ഷവര്‍മ്മ നിരോധിച്ചു
കാഞ്ഞങ്ങാട്: തിരുവനന്തപുരത്ത് ഷവര്‍മ്മ കഴിച്ച് ഒരു യുവാവ് മരണപ്പെട്ടതിനെതുടര്‍ന്ന് സംസ്ഥാനത്തെമ്പാടും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നടന്നു വരുന്ന വിഷ ഭക്ഷ്യ വേട്ടയുടെ ചുവട് പിടിച്ച് കാഞ്ഞങ്ങാട് നഗരസഭാ അതിര്‍ത്തിയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നഗരസഭ ആരോഗ്യ വിഭാഗം പരക്കെ റെയ്ഡ് നടത്തി.

കോട്ടച്ചേരി കുന്നുമ്മലിലുള്ള ഗോപിക ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. പഴക്കമുള്ള പുഴുങ്ങിയ മുട്ടയും പച്ചടിയും നേരത്തെ തയ്യാറാക്കി വച്ച പൊറോട്ടയുടെ മാവുകളുമാണ് പ്രധാനമായും പിടിച്ചെടുത്തത്. ഹോട്ടലുടമയ്‌ക്കെതിരെ നഗരസഭ നടപടി കൈക്കൊണ്ടു. കോട്ടച്ചേരിയിലെ ന്യു കേരള ഹോട്ടലില്‍ നിന്നും പുളിച്ചതും പഴകിയതുമായ വില്‍പ്പനക്ക് വെച്ച 48 ഓളം പുഴുങ്ങിയ കോഴിമുട്ടകളും പിടിച്ചെടുത്തു.

സംസ്ഥാനത്തെമ്പാടും ഹോട്ടലുകളില്‍ റെയ്ഡ് നടക്കുന്ന സാഹചര്യത്തില്‍ ടൗണിലെ മിക്ക ഹോട്ടലുകളിലും നേരത്തെ തന്നെ അധികൃതരുടെ ഭയന്ന് മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഭക്ഷണ സാധനങ്ങള്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന. ഇന്ന് അതിരാവിലെയാണ് നഗരസഭ ഹെല്‍ത്ത് സൂപ്രണ്ട് അലക്‌സ് വര്‍ക്കി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കുഞ്ഞിരാമന്‍, രവി, മധു, സജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. അതിനിടെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഷവര്‍മ്മ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് വെള്ളിയാഴ്ച രാവിലെ ഉത്തരവ് പുറത്തിറങ്ങി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഒരു കടയിലും ഷവര്‍മ്മ വില്‍ക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സ്ഥിരമായി എത്താറുള്ള രണ്ട് ഓട്ടോറിക്ഷകളും മൂന്ന് സ്‌കൂട്ടറുകളും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ പിടിച്ചെടുത്തു.
കെഎല്‍ 59- 9809, കെ എല്‍ 60-3971 എന്നീ നമ്പറുകളുള്ള ഓട്ടോറിക്ഷകളും കെ എല്‍ 60 എ 1821, 14 ബി 6358, കെ എല്‍ 14 ബി 8013 എന്നീ നമ്പറുകളുള്ള ഇരുചക്രവാഹനങ്ങളുമാണ് കസ്റ്റഡിയിലെടുത്തത്.

മാലിന്യങ്ങള്‍ ടൗണില്‍ തള്ളാന്‍ പോകുകയോ തയ്യാറെടുക്കുകയോ ചെയ്ത നിരവധി സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. കോട്ടച്ചേരിയിലെ ജെന്റില്‍മേ ന്‍ ടൈലേര്‍സ്, മെട്രോ പാലസ് ഹോട്ടലിനടുത്ത് കെ എന്‍ ഗോപിയുടെ ഉടമസ്ഥതയിലുള്ള പഴവര്‍ഗ്ഗ കടയില്‍ നിന്നും അജാനൂര്‍ കടപ്പുറത്തെ അബ്ദുള്‍ ഖാദറില്‍ നിന്നും കോട്ടച്ചേരിയിലെ ഗണേഷ് കോര്‍ണറില്‍ നിന്നും അബ്ദുള്‍ ഹമീദ് നടത്തിവരുന്ന കോട്ടച്ചേരിയിലെ ഗുജറാത്ത് മേള എന്ന് പേരിട്ട സ്ഥാപനത്തില്‍ നിന്നുമാണ് ചാക്കുകളില്‍ സൂക്ഷിച്ച മാലിന്യങ്ങള്‍ പിടിച്ചെടുത്തത്.

അതിനിടെ പഴകിയ ഭക്ഷണ സാധനങ്ങള്‍ വെള്ളിയാഴ്ച രാവിലെ പിടിച്ചെടുത്ത കോട്ടച്ചേരി കുന്നുമ്മലിലെ ഗോപിക ഹോട്ടലിലെ ലൈസന്‍സ് റദ്ദുചെയ്യുമെന്ന് നഗരസഭ അധികൃതര്‍ സൂചന നല്‍കി. ഈ ഹോട്ടലിലെ മലിന ജലം തൊട്ടടുത്ത ക്ഷേത്രത്തിലെ കിണറുകളിലേക്ക് ഒഴുകി എത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ഈ നീക്കം. ഈ ഹോട്ടല്‍ ഉടമയുടെ നിയന്ത്രണത്തിലുള്ള കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്തുള്ള ഗോകുലം ബില്‍ഡിംഗിലുള്ള ഗോപിക ഭവന്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് അനധികൃതമാണെന്ന വിവരം പുറത്ത് വന്നു.

ഇവിടെ ഭക്ഷണം പാകം ചെയ്ത് വില്‍ക്കുന്നതിന് നഗരസഭ ലൈസന്‍സ് അനുവദിച്ചിട്ടില്ല. കേവലം ക്യാറ്ററിംഗ് സ്വഭാവമുള്ള കാറ്റഗറിയില്‍പ്പെട്ട സ്ഥാപനം എന്ന നിലയിലാണ് ഗോപിക ഭവന്‍ ഹോട്ടലിന് ലൈസന്‍സ് അനുവദിച്ചത്. രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുകൊണ്ട് നിരന്തരം ഭക്ഷണം ഉണ്ടാക്കി വില്‍പ്പന നടത്തി വരികയാണ്.
ഇത് ലൈസന്‍സിന് വിരുദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവിടെ പുറത്ത് നിന്ന് ഭക്ഷണം കൊണ്ട്‌വന്ന് വില്‍പ്പന നടത്താന്‍ മാത്രമാണ് ലൈസന്‍സ് അനുവദിച്ചതെന്നും നഗരസഭാ അധികൃതര്‍ വെളിപ്പെടുത്തി.

Keywords: Raid, Kanhangad, Hotel, Kasaragod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL