പി എസ് സി: ഭാര്യക്ക് ഉത്തരം ചോര്‍ത്തികൊടുത്ത അധ്യാപകനെതിരെ പ്രതിഷേധം
Jan 7, 2012, 14:31 IST
കാഞ്ഞങ്ങാട്: സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിലെ പി എസ് സി പരീക്ഷ സെന്ററില്‍ ഭാര്യക്ക് ഉത്തരം ചോര്‍ത്തി കൊടുത്ത പോളിടെക്‌നിക്കിലെ ഓട്ടോ മൊബൈല്‍ വിഭാഗം ലക്ചറര്‍ പൊയിനാച്ചിക്കടുത്ത കൂട്ടുപ്പുന്നയിലെ എം ജയകൃഷ്ണന്‍ നായര്‍ക്കെതിരെ നാട്ടില്‍ രൂക്ഷമായ പ്രതിഷേധം.
അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ടും ഡി വൈ എഫ് ഐ കൂട്ടുപ്പുന്ന മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച മൈലാട്ടി മുതല്‍ കൂട്ടുപ്പുന്ന കരിച്ചേരി വരെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മേഖലാ പ്രസിഡണ്ട് സുരേന്ദ്രന്റെയും സെക്രട്ടറി വി ഗോപിനാഥിന്റെയും നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ അമ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ജയകൃഷ്ണന്‍ നായര്‍ക്കെതിരെ ഡി വൈ എഫ് ഐ അദ്ദേഹത്തിന്റെ നാട്ടില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ജയകൃഷ്ണന്‍ നായര്‍ ക്കെതിരെ എസ് എഫ് ഐ യും രംഗത്ത് വന്നിട്ടുണ്ട്. പി എസ് സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയ അധ്യാപകനെയും പോളിടെക്‌നിക്കിലെ യു ഡി ക്ലാര്‍ക്ക് കെ കെ ഷാജിയെയും സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന് വെള്ളിയാഴ്ച വെള്ളിക്കോത്ത് സമാപിച്ച എസ് എഫ് ഐ കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
പോളിടെക്‌നിക് സെന്ററില്‍ നടന്ന പി എസ് സി പരീക്ഷയില്‍ ഭാര്യയെ വിജയിപ്പിക്കുന്നതിന് വേണ്ടി ക്ലാര്‍ക്കിന്റെ സഹായത്തോടെ ജയകൃഷ്ണന്‍ നായര്‍ ഇടപെടുകയാണുണ്ടായതെന്ന് എസ് എഫ് ഐ ചൂണ്ടിക്കാട്ടുന്നു. പോളി ക്യാമ്പസില്‍ അധ്യാപകനും ക്ലാര്‍ക്കിനുമെതിരെ സമരം ശക്തമാക്കാനുള്ള ആലോചനയിലാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍.
അതേ സമയം പ്രശ്‌നം രാഷ്ട്രീയ വല്‍ക്കരിച്ച് സംഭവത്തിന്റെ ഗൗരവം കുറക്കാനാണ് എസ് എഫ് ഐയും ഡി വൈ എഫ് ഐയും ശ്രമിക്കുന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്ന് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് അനുഭാവിയാണ് ജയകൃഷ്ണന്‍ നായര്‍.
2010 മെയ് 22 ന് വിദ്യാഭ്യാസ വകുപ്പില്‍ കാസര്‍കോട് ജില്ലയിലെ യു പി സ്‌കൂള്‍ അസിസ്റ്റന്റ്(മലയാളം) തസ്തികയിലേക്ക് പി എസ് സി നടത്തിയ പരീക്ഷയെഴുതാന്‍ പോളി ടെക്‌നിക്ക് സെന്ററിലെത്തിയ കാഞ്ഞങ്ങാട് സൗത്ത് സ്വദേശിനിയായ ഭാവനയ്ക്ക് ഈ സമയം ക്ലാര്‍ക്ക് ഷാജിയെ സ്വാധീനിച്ച് ഇതേ സെന്ററില്‍ പരീക്ഷ ഡ്യൂട്ടി ഒപ്പിച്ചെടുത്ത ഭര്‍ത്താവ് ജയകൃഷ്ണന്‍ നായര്‍ ഉത്തരം ചോര്‍ത്തിക്കൊടുത്തതാണ് വിവാദമായത്. പരാതി ലഭിച്ചതിനെ തുട ര്‍ന്ന് പി എസ് സി വിജിലന്‍സ് അന്വേഷണം നടത്തുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
Keywords: psc, Examination, Kanhangad, Kasaragod