Corruption | ബസുകള്‍ ഫെയര്‍സ്റ്റേജില്‍ തട്ടിപ്പുകാട്ടി അധിക നിരക്ക് ഈടാക്കുന്നതായി പരാതി; ലാഭിക്കുന്നത് അര ലക്ഷം രൂപ!
● ഏഴാംമൈല്‍ - തായന്നൂര്‍ റൂട്ടിലും പരാതി.
● മടിക്കൈ മാതൃകയില്‍ പരിഷ്‌കരിക്കാം.
കാഞ്ഞങ്ങാട്: (KasargodVartha) നഗരത്തില്‍ നിന്ന് കോട്ടപ്പാറ (Kottapara) വഴി മലയോരത്തേക്കുള്ള സ്വകാര്യ ബസുകള്‍ ഫെയര്‍സ്റ്റേജില്‍ തട്ടിപ്പുകാട്ടി അധിക നിരക്ക് ഈടാക്കുന്നതായി പരാതി. മടിക്കൈ (Madikkai), കാസര്‍കോട് (Kasargod)റൂട്ടിലെ ബസുകളെല്ലാം മാവുങ്കാലിലേക്ക് മിനിമം നിരക്കായ 10 രൂപ വാങ്ങുമ്പോള്‍, കോട്ടപ്പാറ വഴിയുള്ള ബസുകള്‍ക്ക് 13 രൂപയാണ്. കിഴക്കുംകരയില്‍ തങ്ങള്‍ക്ക് സ്റ്റേജുള്ളതാണ് നിരക്ക് വ്യത്യാസത്തിന് കാരണമായി ഉടമകളുടെ വാദം. ഇത് കള്ളമെന്ന് വ്യക്തമാക്കുന്ന രേഖകള്‍ മോട്ടോര്‍ വാഹനവകുപ്പില്‍ (Motor Vehicle Department) നിന്ന് വിവരാവകാശനിയമപ്രകാരം (Right to Information Act) ലഭിച്ചു.
1974 ഒക്ടോബര്‍ 28 ന് പ്രാബല്യത്തില്‍ വന്ന കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടിലെ ഫെയര്‍ സ്റ്റേജിലും, 1974 ഒക്ടോബര്‍ 18ന് നടന്ന ആര്‍ടിഎ യോഗത്തില്‍ അംഗീകരിച്ച കൊന്നക്കാട് - ഒടയംചാല്‍ - കാഞ്ഞങ്ങാട് റൂട്ടിലെ ഫെയര്‍സ്റ്റേജുകളിലും കിഴക്കുംകര കാണാനില്ല. അതേസമയം കാഞ്ഞങ്ങാട് കൊന്നക്കാട് റൂട്ടിന് 53.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടെന്നാണ് ഫെയര്‍സ്റ്റേജ് നിര്‍ണയിച്ച രേഖയില്‍ പറയുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ രേഖകളിലും സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലഭിക്കാന്‍ കൊടുത്ത രേഖയിലുമെല്ലാം 49 കിലോ മീറ്ററാണ് ഈ റൂട്ടിലുള്ള ദൂരം. ഈ രീതിയില്‍ ഫെയര്‍സ്റ്റേജ് പരിഷ്‌കരിച്ചാല്‍ കൊന്നക്കാടേക്ക് ടിക്കറ്റ് നിരക്കില്‍ 5-8 രൂപയുടെയും മാവുങ്കാല്‍ മുതല്‍ പരപ്പ വരെ 2-3 രൂപയുടെയും കുറവ് വരും.
ഇല്ലാത്ത കിഴക്കുംകര സ്റ്റേജിന്റെ മറവില്‍ മാത്രം പ്രതിദിനം അര ലക്ഷം രൂപ സ്വകാര്യ ബസുകള്‍ കൊള്ളയടിക്കുന്നുണ്ട്. അതേസമയം തങ്ങള്‍ക്ക് കിഴക്കുംകരയില്‍ ഔദ്യോഗികമായി തന്നെ ഫെയര്‍സ്റ്റേജുള്ളതായി കെഎസ്ആര്‍ടിസി നല്‍കിയ മറുപടിയില്‍ പറയുന്നു. മോട്ടോര്‍ വാഹന ചട്ടങ്ങള്‍ 1989, ചട്ടം 211 ആണ് ഇതിന് അധികാരം നല്‍കുന്നത്. അതേസമയം പാണത്തൂര്‍, കൊന്നക്കാട് പോലെയുള്ള സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ ടിക്കറ്റ് നിരക്കുള്ള സ്ഥിരം യാത്രക്കാര്‍ക്ക് സ്വകാര്യ ബസുകള്‍ ചെറിയ ഇളവുകള്‍ നല്‍കി ആകര്‍ഷിക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് ഇതിന് നിയമ തടസവുമുണ്ട്. ഹ്രസ്വദൂര യാത്രക്കാരില്‍ നിന്ന് അധികം പണം വാങ്ങിയുള്ള തട്ടിപ്പ് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
ഏഴാംമൈല്‍ - തായന്നൂര്‍ റൂട്ടിലും പരാതി
വെള്ളരിക്കുണ്ട് - കാലിച്ചാനടുക്കം- ഏഴാംമൈല്‍ - കാഞ്ഞങ്ങാട് റൂട്ടില്‍ നിലവില്‍ കെഎസ്ആര്‍ടിസിക്ക് ഓര്‍ഡിനറി സര്‍വീസൊന്നുമില്ലെങ്കിലും, മുന്‍പ് ഇതുവഴി ഫെയര്‍സ്റ്റേജ് നിര്‍ണയിച്ചിട്ടുണ്ട്. സ്വകാര്യ ബസുകാര്‍ വാങ്ങുന്ന പോര്‍ക്കളം സ്റ്റേജ് ഒഴിവാക്കിയിട്ടുപോലും 40 കിലോ മീറ്റര്‍ ദൂരത്തിന് 50 കിലോമീറ്ററിന്റെ സ്റ്റേജാണ് നിശ്ചയിച്ചിട്ടുള്ളത്. സ്വകാര്യ ബസുകള്‍ ഏഴാംമൈല്‍ മുതല്‍ കാലിച്ചാനടുക്കം വരെ 10 കിലോമീറ്റര്‍ ഓടാന്‍ 15 കിലോമീറ്ററിന്റെ നിരക്ക് ഈടാക്കും. രണ്ടര കിലോമീറ്റര്‍ അകലത്തില്‍ സ്റ്റേജുകള്‍ വേണമെന്ന് നിയമം പറയുമ്പോള്‍, ഇവിടെ ഒരു കിലോമീറ്ററില്‍ കുറഞ്ഞ ദൂരത്തിന് വരെ സ്റ്റേജുണ്ട്. ശാസ്ത്രീയമായി പരിഷ്‌കരിച്ചാല്‍ തായന്നൂരില്‍ നിന്ന് കാഞ്ഞങ്ങാടെത്താന്‍ 35ന് പകരം 28 രൂപ മതി.
മടിക്കൈ മാതൃകയില്‍ പരിഷ്‌കരിക്കാം
കാഞ്ഞങ്ങാട് - കാരാക്കോട്, കാഞ്ഞിരപ്പൊയില്‍ റൂട്ടുകളിലെ ഫെയര്‍ സ്റ്റേജ് 2022 ഏപ്രില്‍ 29നാണ് പരിഷ്‌കരിച്ചത്. 2015ല്‍ വിജിലന്‍സ് ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്തിട്ടും സ്വകാര്യ ബസുടമകളുടെ സമ്മര്‍ദ്ദത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് തുടര്‍ നടപടിയില്‍ ഉഴപ്പുകയായിരുന്നു. ജനം പരാതിയില്‍ ഉറച്ചു നിന്നതോടെ പരിഷ്‌കരണം നടപ്പായി. അതിന്റെ ഗുണഭോക്താക്കള്‍ മടിക്കൈക്കാര്‍ മാത്രമാണെങ്കില്‍, ഇവിടെ മലയോരത്തെ മുഴുവന്‍ യാത്രക്കാര്‍ക്കും പ്രയോജനപ്പെടും.
#privatebus #farehike #Kerala #Kasaragod #RTI #corruption #transportation