city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തീരദേശത്ത് വൈദ്യുതി മുടക്കം പതിവായി

തീരദേശത്ത് വൈദ്യുതി മുടക്കം പതിവായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെയും അജാനൂര്‍ പഞ്ചായത്തിലെയും തീരപ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം പതിവായി. മഴ നിലത്തുവീണതുമുതല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്തു.

ഹൊസ്ദുര്‍ഗ് കടപ്പുറം സൗത്ത് മുതല്‍ വടക്കോട്ട് ചിത്താരി കല്ലിങ്കാല്‍ വരെ ഏഴുകിലോമീറ്ററോളം ദൂരത്തിലുള്ള ഐയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് കാഞ്ഞങ്ങാട് ഫീഡറില്‍നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ലൈന്‍ കടന്നുപോകുന്നത് ഏറെയും പറമ്പുകളിലൂടെയായതിനാല്‍ മരച്ചില്ലകളും തെങ്ങോലകളും വീണ് വൈദ്യുതി തടസ്സപ്പെടുന്നത് ഇവിടെ തുടര്‍കഥയാണ്. തടസ്സം നീക്കി വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ കാഞ്ഞങ്ങാട്ടുനിന്ന് വകുപ്പ് ജീവനക്കാര്‍ എത്താന്‍ താമസം നേരിടുന്നതിനാല്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ ഇരുട്ടില്‍ കഴിയേണ്ടിവരുന്നതായി നാട്ടുകാര്‍ പറയുന്നു.

മോഷ്ടാക്കളുടെയും സാമൂഹ്യ ദ്രോഹികളുടെയും കൊതുകിന്റെയും ശല്യംമൂലം ജനലുകള്‍ തുറന്നിട്ട് കിടന്നുറങ്ങാന്‍ ആരും ധൈര്യം കാണിക്കുന്നില്ല. കുട്ടികളുടെ പഠനവും രാത്രികാലങ്ങളില്‍ മുടങ്ങുന്നതായും പരാതിയുണ്ട്.
വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ക്ക് വേഗത പോരെന്ന് പരക്കെ ആക്ഷേപമുണ്ട്. ചിറ്റാരി വൈദ്യുതി ഓഫീസില്‍നിന്ന് പടിഞ്ഞാറോട്ട് റെയിലിനടിയിലൂടെ ലൈന്‍ വലിക്കാനുള്ള പദ്ധതി ഇപ്പോഴും റെയില്‍വെയുടെ അനുമതി കാത്തുകഴിയുകയാണ്. ചേറ്റുക്കുണ്ട് എല്‍.പി.സ്‌കൂള്‍ വരെയെത്തുന്ന ചാലിങ്കാല്‍ ഫീഡറിലെ വൈദ്യുതി ഹൈ ടെന്‍ഷന്‍ ലൈന്‍ വലിച്ച് ചിത്താരി കടപ്പുറം ദ്വീപിലെത്തിക്കാനുള്ള നിര്‍ദ്ദേശവും പരിഗണിക്കപ്പെട്ടുകാണുന്നില്ല. ഇത് യാഥാര്‍ത്ഥ്യമായാല്‍ കാഞ്ഞങ്ങാട് ഫീഡറിലെ വിതരണം തടസ്സപ്പെട്ടലും ഇന്റര്‍ ലിങ്കിംഗ് സംവിധാനം വഴി വൈദ്യുതി എത്തിക്കാന്‍ കഴിയുമായിരുന്നു. എ.ബി.സി. സംവിധാനം ഏര്‍പ്പെടുത്തിയാലും വൈദ്യുതി വിതരണ പ്രതിസന്ധി മറിക്കടക്കാമെന്നിരിക്കെ ബന്ധപ്പെട്ടവര്‍ ആ വഴിക്കും ചിന്തിച്ച് കാണുന്നില്ല.

തീരദേശ മേഖലയിലെ വൈദ്യുതിയുടെ ഒളിച്ചുകളി അവസാനിപ്പിച്ച് വിതരണം കുറ്റമറ്റതാക്കാന്‍ സത്വര നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

  
Keywords:  Kanhangad, Electricity, Power cut         

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia