കള്ളനോട്ട് കേസ്: കള്ളനോട്ട് കടത്തിയ സ്യൂട്‌കേസ് കണ്ടെത്തി
Sep 6, 2012, 23:29 IST
Chethan |
ഇപ്പോള്‍ ഹൊസ്ദുര്‍ഗ് കോടതിയുടെ അനുമതിയോടെ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന, മൊയ്തീന്‍ ഹാജിയുടെ ഉഡുപ്പിയിലെ വീട്ടുവേലക്കാരിയുടെ മകന്‍ ചേതനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേതനെയും കൂട്ടിയാണ് പോലീസ് സംഘം ബുധനാഴ്ച മൊയ്തീന്‍ ഹാജിയുടെ വീട്ടിലെത്തിയത്.
മംഗലാപുരം ബണ്ട്വാള്‍ സ്വദേശി ഉസ്മാന് ദുബൈയില്‍ നിന്ന് 31 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഒളിപ്പിച്ചുവെച്ച സ്യൂട്‌കെയ്‌സ് മൊയ്തീന്‍ ഹാജി കൈമാറിയിരുന്നു. വിമാനമാര്‍ഗം ബാംഗ്ലൂരില്‍ ഇറങ്ങിയ ഉസ്മാന്‍ ഈ സ്യൂട്‌കെയ്‌സ് അവിടെ കാത്തുനില്‍ക്കുകയായിരുന്ന ചേതന് കൈമാറുകയും ചെയ്തു.
സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ സൂക്ഷിക്കുന്ന ബോക്‌സില്‍ ഭദ്രമായി കള്ളനോട്ടുകള്‍ അടുക്കിവെച്ച് ഈ ബോക്‌സ് സ്യൂട്‌കെയ്‌സില്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നു. അതിനുമുകളില്‍ പഴയ വസ്ത്രങ്ങളും മറ്റൊരു സൗന്ദര്യ വര്‍ദ്ധക ബോക്‌സും വെക്കുകയായിരുന്നു. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് കള്ളനോട്ടുകള്‍ വിമാനമാര്‍ഗം ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നത്.
അതേസമയം എയര്‍പോര്‍ട്ട് അധികൃതരുടെ ഒത്താശയോടെയാണ് മൊയ്തീന്‍ഹാജി കള്ളനോട്ടുകള്‍ വിമാനമാര്‍ഗം കൊടുത്തയച്ചതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. കള്ളനോട്ടുകള്‍ വിമാനമാര്‍ഗമാണ് ബാംഗ്ലൂരിലെത്തിയതെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയിരുന്നു.
കള്ളനോട്ട് ഒളിപ്പിച്ച് കടത്തിയ സ്യൂട്‌കെയ്‌സും സൗന്ദര്യ വര്‍ദ്ധക ബോക്‌സുകളും പഴയ വസ്ത്രങ്ങളും ചേതന്റെ മൊഴിയനുസരിച്ച് മൊയ്തീന്‍ ഹാജിയുടെ ഉഡുപ്പിയിലെ വീട്ടില്‍ നിന്ന് പോലീസ് സംഘം പിടിച്ചെടുത്തു. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ചേതനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി.
അതിനിടെ കള്ളനോട്ട് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ചെറുവത്തൂര്‍ കൈതക്കാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെരിങ്ങോം സ്വദേശി അബ്ദുല്‍ ജബ്ബാറിനെ മറ്റ് രണ്ട് കള്ളനോട്ട് കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് അനുമതി തേടിക്കൊണ്ട് പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപോര്‍ട്ട് നല്‍കും.
കോട്ടച്ചേരിയിലെ മലബാര്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണം വാങ്ങി കള്ളനോട്ട് നല്‍കി മുങ്ങിയ ജബ്ബാറിനെ ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലും സംഘവും പിടികൂടുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ജബ്ബാര്‍ ജയിലില്‍ കഴിയുന്നത്. ചെറുവത്തൂരിലെ രണ്ട് ജ്വല്ലറികളില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയതിന് ജബ്ബാറിനെതിരെ ചന്തേര പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളിലാണ് ജബ്ബാറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കോടതിയുടെ അനുമതി തേടുന്നത്. അനുമതി ലഭിച്ചാലുടന്‍ ജബ്ബാറിന്റെ അറസ്റ്റ് ജയിലില്‍ വെച്ച് രേഖപ്പെടുത്തും.
Keywords: Fake currency case, Moideen Haji, House, Udupi, Karnataka, Police, Raid, Suitcase, Found, Kanhangad, Kasaragod