വാഹനാപകടങ്ങളില്‍ നാല് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പരിക്ക്
May 7, 2012, 16:41 IST
കാഞ്ഞങ്ങാട്: മാവുങ്കാല്‍ പുതിയ കണ്ടത്തും കൊവ്വല്‍ പള്ളിയിലും ഞായറാഴ്ച ഉണ്ടായ വാഹനാപകടങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായ നാല് പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ആശീര്‍വാദ് സ്റുഡിയോയിലെ ജീവനക്കാരായ മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ സതീശന്‍ (32), വിജേഷ്(28), വെള്ളിക്കോത്തെ സാന്ദ്ര സ്റുഡിയോ ജീവനക്കാരായ വെള്ളിക്കോത്തെ ജയന്‍ (35), അടോട്ടെ കൃപേഷ് (26) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
സതീശനെയും വിജേഷിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും ജയനെയും കൃപേഷിനെയും വെള്ളിക്കോത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 4.45 മണിയോടെയാണ് വിജേഷും സതീശനും സഞ്ചരിക്കുകയായിരുന്ന കെഎല്‍ 14 ബി 4047 നമ്പര്‍ ബൈക്കിന് പിറകില്‍ ലീഡര്‍ ബസ്സിടിച്ചത്. മാവുങ്കാലിലെ വിവാഹ ചടങ്ങില്‍ ഫോട്ടോയെടുപ്പും വീഡിയോ ചിത്രീകരണവും നടത്തിയ ശേഷം സതീശനും വിജേഷും കാഞ്ഞങ്ങാട്ടേക്ക് ബൈക്കില്‍ മടങ്ങുമ്പോള്‍ പുതിയ കണ്ടത്താണ് അപകടമുണ്ടായത്.
ജയനും കൃപേഷും കാഞ്ഞങ്ങാട് സൌത്തിലെ വിവാഹ ചടങ്ങില്‍ വീഡിയോ ചിത്രീകരണം കഴിഞ്ഞ് ഞായറാഴ്ച രാത്രി പത്ത് മണിയോടെ മടങ്ങുമ്പോള്‍ കൊവ്വല്‍പള്ളിയില്‍വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു.
Keywords: Photographers, Injured, Accident, Kanhangad, Kasaragod






