പാസ്പോര്‍ട്ട് കുംഭകോണം; അന്വേഷണം ശക്തമാക്കാന്‍ ഡി.ഐ.ജിയുടെ നിര്‍ദ്ദേശം
Mar 6, 2012, 17:10 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, ബേക്കല്‍, അട്ടേങ്ങാനം, വെള്ളരിക്കുണ്ട് മേഖല കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്പോര്‍ട്ട് കുംഭകോണത്തെ കുറിച്ചുള്ള അന്വേഷണം ശക്തവും കര്‍ശനവുമാക്കണമെന്ന് ഉത്തരമേഖലാ ഡി ഐ ജി എസ് ശ്രീജിത്ത് നിര്‍ദ്ദേശം നല്‍കിയതോടെ കടുത്ത ബാഹ്യ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇഴഞ്ഞ് നീങ്ങുകയായിരുന്ന വ്യാജ പാസ്പോര്‍ട്ട് അന്വേഷണ സംഘം സടകുടഞ്ഞെഴുന്നേറ്റു.
പാസ്പോര്‍ട്ട് കുംഭകോണത്തിന്റെ അന്വേഷണം ഇനിമുതല്‍ ഡി ഐ ജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമായിരിക്കും. അദ്ദേഹത്തിന്റെ കീഴില്‍ എ എസ് പി എച്ച് മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ കൂടുതല്‍ വിപുലീകരിച്ചു. നേരത്തെ കാഞ്ഞങ്ങാട് ഡി വൈ എസ് പിമാരായിരുന്ന ഇപ്പോഴത്തെ വടകര ഡി വൈ എസ് പി ജോസിചെറിയാന്‍, കാസര്‍കോട് നാര്‍ക്കോട്ടിക്സെല്ലിലെ പി തമ്പാന്‍, ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ മൈക്കിള്‍, എ എസ് ഐമാരായ ബാബു (ചീമേനി), ബാബു (അമ്പലത്തറ), സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍(തീരദേശ പോലീസ് തളങ്കര), രമേശന്‍(അമ്പലത്തറ), പ്രസന്നന്‍(രാജപുരം) എന്നിവരടങ്ങുന്ന പ്രത്യേക സ്ക്വാഡിനെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്.
വ്യാജ പാസ്പോര്‍ട്ട് സംബന്ധിച്ച കേസുകളുടെ വിശദ വിവരങ്ങള്‍ ഡി ഐ ജി ഇതിനകം പരിശോധിച്ച് കഴിഞ്ഞു. അന്വേഷണത്തിന് നിയോഗിച്ച സ്ക്വാഡില്‍പ്പെട്ടവരെ കണ്ണൂരിലേക്ക് വിളിപ്പിച്ച ഡി ഐജി ഇവരുമായി കേസ് ഫയലുകളെ കുറിച്ച് പഠിക്കുകയും കര്‍ക്കശമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കാഞ്ഞങ്ങാട്ടെ രണ്ട് പാസ്പോര്‍ട്ട് ഏജന്റുമാര്‍ക്കും കൊളവയല്‍, അട്ടേങ്ങാനം, പടന്നക്കാട് തപ്പാല്‍ ഓഫീസുകളിലെ പോസ്റുമാന്മാര്‍ക്കും രണ്ട് പോലീസുകാര്‍ക്കും നേരിട്ട് ബന്ധമുണ്ടെന്ന് ഇതിനകം തെളിഞ്ഞ പാസ്പോര്‍ട്ട് കുംഭകോണ കേസില്‍ തുടക്കത്തില്‍ പോലീസ് ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്. വ്യാജ പാസ്പോര്‍ട്ട് കേസുകളുമായി ബന്ധപ്പെട്ട താപ്പാനകളെ ഒന്നു തൊടാന്‍ പോലും ഭയന്ന് നില്‍ക്കുകയായിരുന്നു തുടക്കത്തില്‍ ലോക്കല്‍ പോലീസ്. സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്ന ഒരൊറ്റ മാനുഷിക കാരണം കൊണ്ട് സംശയ ദൃഷ്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയ പോലീസിലെ ചിലരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
വ്യാജപാസ്പോര്‍ട്ട് കേസിന്റെ അന്വേഷണത്തില്‍ ഉത്തരമേഖല ഡി ഐ ജി തന്നെ നേരിട്ട് ഇടപെട്ട സാഹചര്യത്തില്‍ അന്വേഷണത്തിന് കൂടുതല്‍ വേഗത കൈവരുമെന്നാണ് കരുതുന്നത്. 142 വ്യാജ പാസ്പോര്‍ട്ട് കേസുകളാണ് ഇപ്പോള്‍ നിലവിലുള്ള ത്. പ്രതികളുടെ എണ്ണം 150 ല്‍ കൂടും. അതിനിടെ കാഞ്ഞങ്ങാട് കലാപത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പുതിയ പ്രത്യേക പോലീസ് സേനയെ നിയോഗിക്കുകയാണെങ്കില്‍ ഈ സേനയില്‍ നിന്ന് കഴിവുള്ള ഒരു വിഭാഗത്തെ ഉള്‍പ്പെടുത്തി പാസ്പോര്‍ട്ട് കുംഭകോണത്തിന്റെ അന്വേഷണത്തിന് ഉപയോഗപ്പെടുത്താനുള്ള ധാരണ പോലീസ് തലത്തില്‍ ഉരിത്തിരിഞ്ഞിട്ടുണ്ട്.
Keywords: DIG-Sreejith, Fake passport, case, police-enquiry, Kanhangad, Kasaragod