Protest | നഴ്‌സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു; കാഞ്ഞങ്ങാട് ആശുപത്രിക്ക് മുന്നില്‍ സഹപാഠികളുടെ പ്രതിഷേധം
● മന്‍സൂര്‍ ആശുപത്രിക്ക് മുന്നിലാണ് പ്രതിഷേധം.
● വിദ്യാര്‍ഥിനികള്‍ പ്ലക്കാര്‍ഡുകളുമായി പങ്കെടുത്തു.
● ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി.
കാഞ്ഞങ്ങാട്: (KasargodVartha) മന്‍സൂര്‍ നഴ്‌സിംഗ് കോളജിലെ മൂന്നാം വര്‍ഷ ജനറല്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ശനിയാഴ്ച ഉച്ചക്ക് ഹോസ്റ്റല്‍ മുറിയിലാണ് വിദ്യാര്‍ഥിനിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അത്യാസന്ന നിലയിലുള്ള വിദ്യാര്‍ഥിനി ഇപ്പോള്‍ മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അബോധവസ്ഥയിലാണ് യുവതിയുള്ളത്.
കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിക്ക് മുന്നിലാണ് മന്‍സൂര്‍ നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തങ്ങള്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. നിരവധി വിദ്യാര്‍ഥിനികള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി ആശുപത്രി മാനജ്‌മെന്റുമായും വിദ്യാര്‍ഥി പ്രതിനിധികളുമായും ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച യോഗം ചേരാന്‍ തീരുമാനിച്ചതായി ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതോടെ വിദ്യാര്‍ഥികള്‍ താത്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.
ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പറയുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും പൊലീസ് അന്വേഷണത്തിലൂടെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആശുപത്രി ഡയറക്ടര്‍ ശംസുദ്ദീന്‍ പാലക്കി കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.
വിദ്യാര്‍ഥിനിയുടെ ആരോഗ്യ നില മെച്ചപ്പെടുന്നതിനനുസരിച്ച് പൊലീസ് മൊഴിയെടുക്കല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കും. നിലവില്‍ അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ പ്രതികരിച്ചു.
#nursingstudent #Kerala #protest #assault #menthealth #studentsafety