ആകാശപാതയെന്ന സ്വപ്നം പൊലിഞ്ഞു; ഡൽഹി യാത്ര വൃഥാവിലായി, നീലേശ്വരത്ത് ജനരോഷം വ്യാപകം
● 70 ദിവസത്തോളം നീണ്ടുനിന്ന സത്യാഗ്രഹ സമരം പ്രഹസനമായി
● നഗരത്തെ രണ്ടായി വെട്ടിമുറിച്ച് മണ്ണുനിറച്ചുള്ള നിർമാണം തുടരും
● ചതുപ്പും വെള്ളക്കെട്ടും കാണിച്ച് ആകാശപാത നിഷേധിച്ചത് വിരോധാഭാസമായി
● തുടക്കത്തിൽ നഗരസഭ നിഷ്ക്രിയരായിരുന്നുവെന്ന് നാട്ടുകാരുടെ ആക്ഷേപം
● കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉൾപ്പെട്ട സംഘമാണ് ചർച്ച നടത്തിയത്
നീലേശ്വരം: (KasargodVartha) ദേശീയപാതയിൽ പരിസ്ഥിതിക പ്രത്യേകത കാരണം ആകാശപാത അനിവാര്യമാണെന്ന ജനങ്ങളുടെ ആവശ്യവും അർഹതയും കേന്ദ്രസർക്കാർ തള്ളിയതോടെ പ്രദേശത്ത് ജനരോഷം ശക്തമാകുന്നു. വിഷയം ഉന്നയിച്ച് സർവ്വകക്ഷി പ്രതിനിധി സംഘം ഡൽഹിയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയും വൃഥാവിലായി. കോട്ടപ്പുറം ജംഗ്ഷനിൽ കേവലം 15 മീറ്റർ വീതിയിൽ ഒരു അടിപ്പാത മാത്രം നിർമ്മിച്ച് തടിയൂരാനാണ് ദേശീയപാത അധികൃതരുടെ തീരുമാനം. 70 ദിവസത്തോളം നീണ്ടുനിന്ന സത്യാഗ്രഹ സമരവും നഗരസഭാംഗങ്ങളുടെ രാപ്പകൽ ഉപവാസ സമരവും കർമ്മ സമിതിയുടെ പ്രവർത്തനങ്ങളും ഇതോടെ വെറും പ്രഹസനമായി മാറിയെന്നാണ് നാട്ടുകാരുടെ വിമർശനം.
വെട്ടിമുറിക്കപ്പെടുന്ന നഗരം
നീലേശ്വരം നഗരത്തെ രണ്ടായി വെട്ടിമുറിക്കുന്ന തരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് അതിൽ മണ്ണിട്ടുയർത്തിയുള്ള നിർമ്മാണവുമായാണ് കരാർ കമ്പനി മുന്നോട്ട് പോകുന്നത്. പാരിസ്ഥിതിക ലോല മേഖലയായ ഇവിടെ വർഷത്തിൽ എട്ട് മാസത്തിലധികം വെള്ളക്കെട്ടുള്ള പ്രദേശമാണ്. ഈ പ്രദേശത്ത് മണ്ണുനിറച്ചുള്ള ഇത്തരം നിർമ്മിതികൾ വലിയ ദുരന്തമുണ്ടാക്കുമെന്ന് ജനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. മലപ്പുറം കൂരിയാടും കൊല്ലത്തുമുണ്ടായ തകർച്ചകൾ ഇതിന് ഉദാഹരണമാണ്. കുറച്ചുദിവസങ്ങൾക്ക് മുൻപ് നീലേശ്വരത്ത് നിർമ്മാണത്തിലേർപ്പെട്ടിരുന്ന മണ്ണുമാന്തിയന്ത്രം ചതുപ്പിലും വെള്ളക്കെട്ടിലും മൂന്ന് ദിവസത്തോളം താഴ്ന്നുപോയത് ഇതിന്റെ ഗുരുതാവസ്ഥ വെളിവാക്കുന്നതാണ്.
അനാസ്ഥ കാണിച്ച് നഗരസഭ
മറ്റു സ്ഥലങ്ങളിൽ അടിപ്പാതയ്ക്കും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി നേരത്തെ തന്നെ ജനകീയ ഇടപെടലുകൾ നടന്നപ്പോൾ നീലേശ്വരത്ത് നഗരഭരണാധികാരികൾ നിഷ്ക്രിയരായിരുന്നുവെന്നാണ് പ്രധാന ആക്ഷേപം. നീലേശ്വരത്തിന് ആവശ്യം ആകാശപാതയാണെന്ന് തുടക്കത്തിൽ നഗരസഭാ ഭരണസമിതി ആവശ്യപ്പെട്ടിരുന്നില്ല എന്നത് കൗൺസിൽ പാസാക്കിയ പ്രമേയരേഖകൾ തന്നെ തെളിയിക്കുന്നു. രണ്ട് വർഷം മുൻപ് ഗതാഗതക്കുരുക്കുണ്ടായപ്പോൾ പ്രതികരിച്ചവരെ 'നാടിനെ ഒറ്റുകൊടുക്കുന്നവർ' എന്ന് വിളിച്ച ഭരണാധികാരികളാണ് അവസാന നിമിഷം ജനരോഷം ഭയന്ന് സമരവുമായി രംഗത്തിറങ്ങിയത്. ഏഴോളം മലയോര പഞ്ചായത്തുകളിലെയും നാലോളം തീരദേശ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് നഗരത്തിലേക്കുള്ള വഴിയാണ് ഈ അനാസ്ഥ കാരണം അടയുന്നത്.
വാദങ്ങൾ പൊളിയുന്ന ചർച്ച
കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ, മുൻ എംപി പി കരുണാകരൻ, നഗരസഭ ചെയർപേഴ്സൺ പി പി മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ എന്നിവരുൾപ്പെട്ട പ്രതിനിധി സംഘമാണ് ഡൽഹിയിൽ ചർച്ച നടത്തിയത്. വെള്ളക്കെട്ടും ചതുപ്പുനിലവുമാണ് നീലേശ്വരത്തിന് ആകാശപാത വേണമെന്ന ആവശ്യത്തിന്റെ കാതൽ. എന്നാൽ ഇതേ വാദം ഉപയോഗിച്ചാണ് അധികൃതർ ആകാശപാത നിഷേധിച്ചത് എന്നതാണ് വിരോധാഭാസം. വെള്ളക്കെട്ടുള്ളതിനാൽ റോഡ് നിർമ്മിക്കുന്നത് തടസ്സമാകുമെന്നും അതിനാൽ തൂണുകളിലൂടെയുള്ള ആകാശപാത പ്രായോഗികമല്ലെന്നുമാണ് ഉദ്യോഗസ്ഥർ നൽകിയ വിചിത്രമായ മറുപടി. പകരം കോട്ടപ്പുറം ജംഗ്ഷനിൽ അടിപ്പാതയും പഴയ പാലം പൊളിച്ച് പുതിയ പാലവും നിർമ്മിക്കാമെന്ന ഉറപ്പ് മാത്രമാണ് സംഘത്തിന് ലഭിച്ചത്.
കരാർ കമ്പനി നേരത്തെ തീരുമാനിച്ചതിൽ കൂടുതൽ യാതൊന്നും നേടിയെടുക്കാതെ നഗരത്തെ ഒറ്റപ്പെടുത്തുന്ന തീരുമാനത്തിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉയർന്നേക്കാം.
കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: The demand for a skywalk on the Nileshwaram national highway was rejected by the central government, sparking public outrage. Instead, authorities only approved an underpass at Kottappuram junction, rendering the 70-day public protest and the all-party delegation's visit to Delhi ineffective. Locals criticize the municipality's initial negligence for dividing the city with a concrete wall filled with soil in an ecologically sensitive and waterlogged area.
#Nileshwaram #NationalHighway #KeralaNews #SkywalkDemand #PublicProtest #KasaragodNews #NitinGadkari #RenuNews






