city-gold-ad-for-blogger
Aster MIMS 10/10/2023

സര്‍വകലാശാല ജേര്‍ണലിസം വിദ്യാര്‍ഥികളുടെ പത്രം കത്തിച്ചു

സര്‍വകലാശാല ജേര്‍ണലിസം വിദ്യാര്‍ഥികളുടെ പത്രം കത്തിച്ചു
കാഞ്ഞങ്ങാട്: കുശാല്‍നഗര്‍ സദ്ഗുരു ശ്രീ നിത്യാനന്ദ എഞ്ചിനീയറിംഗ് കോളജില്‍ നടന്നുവരുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന് കൊഴുപ്പേകാന്‍ സര്‍വകലാശാല മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം വകുപ്പിലെ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ 'മിനുക്ക്' എന്ന് പേരിട്ട പത്രത്തിന്റെ വിതരണം ഒരു വിഭാഗം തടഞ്ഞു.

വിതരണം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി പത്രം പിടിച്ചുവാങ്ങുകയും കത്തിച്ചുകളയുകയും ചെയ്തതായി ആരോപണമുണ്ട്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലാണ് കലോത്സവ നഗരിയില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന സംഭവം ഉടലെടുത്തത്. സര്‍വകലാശാലയിലെ കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം വകുപ്പിലെ വിദ്യാര്‍ഥികള്‍ എല്ലാ വര്‍ഷവും സര്‍വകലാശാല കലോത്സവ ക്യാമ്പസില്‍ ഒത്തുകൂടി കലോത്സവത്തിന്റെ വാര്‍ത്താവിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ത്തകളും ചിത്രങ്ങളും ഉള്‍പ്പെടുത്തി പത്രമിറക്കാറുണ്ട്. ഇവരുടെ പഠനത്തിന്റെ ഭാഗമായുള്ള പദ്ധതി കൂടിയാണിത്. കുശാല്‍നഗറില്‍ മീഡിയ റൂമിലാണ് ജേര്‍ണലിസം വിദ്യാര്‍ഥികള്‍ പത്രം തയ്യാറാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്.

കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ തുടങ്ങിയ ദിവസം ഉദ്ഘാടന വേദിയില്‍ ചലച്ചിത്ര താരം ബാല, സര്‍വകലാശാല പ്രൊ.വൈസ് ചാന്‍സിലര്‍ കുട്ടികൃഷ്ണന് കൈമാറി 'മിനുക്കി'ന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെ രണ്ടാം ലക്കം പുറത്തിറക്കി. കലോത്സവ നഗരിയില്‍ ഇത് വ്യാപകമായി വിതരണം ചെയ്യാനും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് പത്രത്തിലെ ഒന്നാം പേജിലെ 'ഭാരവാഹി പട്ടിക പോലെ മത്സരഫലങ്ങള്‍; പരാതികളുമായി മത്സരാര്‍ഥികള്‍' എന്ന തലക്കെട്ടോടുകൂടി അച്ചടിച്ച വാര്‍ത്ത വിവാദമാക്കി ഒരു വിഭാഗം രംഗത്തുവന്നത്.

ഈ വാര്‍ത്ത സംഘാടകരെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം അരിശം കൊണ്ടു. ഇവര്‍ വിതരണം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന പത്രങ്ങള്‍ പിടിച്ചുവാങ്ങി കത്തിച്ചുകളഞ്ഞുവെന്നാണ് ജേര്‍ണലിസം വിദ്യാര്‍ഥികളുടെ പരാതി. ആയിരം കോപ്പിയാണ് കണ്ണൂരിലെ ഒരു പ്രസില്‍ നിന്ന് അച്ചടിച്ച് കൊണ്ടുവന്നത്. ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് നേരെ കടുത്ത ഭീഷണിയും ഉയര്‍ന്നു. ഒടുവില്‍ തിങ്കളാഴ്ച രാത്രി മുഴുവന്‍ മീഡിയ റൂമില്‍ അവശേഷിക്കുന്ന പത്രക്കെട്ടുകള്‍ക്ക് കാവലിരുന്ന് ജേര്‍ണലിസം വകുപ്പിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരം പുലര്‍ത്തി. ഭീഷണി ഉള്ളതുകൊണ്ടാണ് തങ്ങള്‍ മീഡിയറൂം വിട്ട് പുറത്തുപോകാത്തതെന്നാണ് വിദ്യാര്‍ത്ഥികള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

സര്‍വകലാശാല ജേര്‍ണലിസം വിദ്യാര്‍ഥികളുടെ പത്രം കത്തിച്ചു
അവശേഷിക്കുന്ന 'മിനുക്ക്'എന്ന പത്രത്തിന് മുന്നില്‍
കാവലിരിക്കുന്ന ജേര്‍ണലിസം വിദ്യാര്‍ഥികള്‍.
മിനുക്ക് പത്രികയില്‍ ഈ വാര്‍ത്ത തയ്യാറാക്കിയത് എസ്.എഫ്.ഐ നേതാവും മുന്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണുമായ ജെ. സി. തേജസ്വിനിയും പി. അനഘയും ചേര്‍ന്നാണ്. സി.പി.എം സഹയാത്രികനും പുരോഗമന കലാസാഹിത്യ സംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പൊന്ന്യം ചന്ദ്രന്റെ മകളാണ് തേജസ്വിനി.

ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹി പട്ടിക പോലെ കലോത്സവ വിജയങ്ങള്‍ പങ്കിട്ടുനല്‍കുന്നതായി പരാതി ഉയര്‍ന്നുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ ആദ്യ ദിനം തന്നെ പരാതി ഉയര്‍ന്നിരുന്നുവെങ്കിലും പരാതികള്‍ കാര്യമാകുന്നത് സ്റ്റേജ് മത്സരഫലങ്ങള്‍ പുറത്തുവന്നതിനു ശേഷമാണ്. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന അവസരം തടയേണ്ടെന്ന ന്യായം പറഞ്ഞ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും പങ്കിട്ടുനല്‍കുന്നതായാണ് പരക്കെ പരാതി ഉയര്‍ന്നിട്ടുള്ളതെന്ന് വാര്‍ത്ത ചൂണ്ടിക്കാട്ടുന്നു. പരിചമുട്ട് കളിക്ക് രണ്ട് കോളജിനുമായി ഒന്നാം സ്ഥാനം പകുത്ത് കൊടുത്തപ്പോള്‍ കര്‍ണാടക സംഗീതത്തിന് രണ്ട് സെക്കന്റും രണ്ട് തേര്‍ഡും സ്ഥാനങ്ങള്‍ വീതം നല്‍കിയിട്ടുണ്ട്.

പാശ്ചാത്ത്യ സംഗീതത്തിന് രണ്ട് കോളജുകള്‍ക്ക് രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ(സിങ്കിള്‍)കാര്യത്തിലും ഇതേ ഉദാരതയാണ് ജഡ്ജസ് പുലര്‍ത്തിയത്. മാപ്പിളപ്പാട്ടില്‍ രണ്ട് സെക്കന്റും മൂന്ന് തേര്‍ഡുമാണ് ലഭിച്ചിരിക്കുന്നത്. ഒറ്റക്ക് മത്സരിച്ചപ്പോള്‍ മാപ്പിളപ്പാട്ടിനെ പരിഗണിച്ച അതേ സമീപനം തന്നെ സംഘമായി മത്സരിച്ചപ്പോഴും മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചു. പെണ്‍കുട്ടികളുടെ നാടോടിനൃത്തത്തില്‍ മൂന്ന് സെക്കന്റും രണ്ട് തേര്‍ഡുമാണ് പങ്കിട്ടുകൊടുത്തത്. നടന്ന മത്സരങ്ങളില്‍ ഏറിയ പങ്കും ജംബോ ലിസ്റ്റായി മാറിയിരിക്കുകയാണെന്ന ആരോപണമാണ് കലോത്സവ വേദിയില്‍ അസ്വാരസ്യം സൃഷ്ടിക്കുന്നത്.

എന്നാല്‍ ഈ ആരോപണങ്ങളെ സംഘാടക സമിതി നിഷേധിച്ചു. ഒരേ നിലവാരം പുലര്‍ത്തുന്ന ഒരുപാട് പേരുണ്ടായതുകൊണ്ടാണ് സ്ഥാനങ്ങള്‍ പങ്കിട്ടു നല്‍കിയതെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍ 'മിനുക്കി'നെ അറിയിച്ചതായും വാര്‍ത്തയില്‍ പറയുന്നു. ഈ വാര്‍ത്തയില്‍ സംഘാടക സമിതിയെയോ സമിതിക്ക് ചുക്കാന്‍ പിടിക്കുന്ന എസ്.എഫ്.ഐ നേതൃത്വത്തെയോ യാതൊരു തരത്തിലും അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കലോത്സവ നഗരിയില്‍ ഉയര്‍ന്നുവരുന്ന അനിഷ്ടകരമായ ഇത്തരം പ്രവണതകള്‍ ചൂണ്ടിക്കാണിച്ചിട്ടേയുള്ളൂവെന്നും ജേര്‍ണലിസം വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ഇക്കാര്യം സംഘാടകരില്‍ പലരോടും വിശദീകരിച്ചുവെങ്കിലും അവര്‍ അനുനയത്തിന് തയ്യാറായില്ലെന്ന പരാതി ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. അവശേഷിച്ച പത്രക്കെട്ടുകള്‍ക്ക് മുമ്പില്‍ കാവലിരുന്ന വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച രാവിലെ ഏറെ ക്ഷീണിതരായിരുന്നു.

ഇതിനിടയില്‍ ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെ പ്രൊ.വൈസ് ചാന്‍സിലര്‍ കുട്ടികൃഷ്ണന്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ ചരിത്രവിഭാഗം തലവന്‍ ഡോ.സി ബാലന്‍ എന്നിവര്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ചയില്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു. അവശേഷിക്കുന്ന പത്രം വിതരണം ചെയ്യാന്‍ ധാരണയാവുകയും ചെയ്തു. സംഘാടക സമിതി ഭാരവാഹികളും സര്‍വകലാശാല മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം വകുപ്പ് ട്രഷറര്‍ വി. എച്ച്. നിഷാദും ചര്‍ചയില്‍ പങ്കെടുത്തിരുന്നു. വി. എച്ച്. നിഷാദാണ് ഈ പത്രികയുടെ പത്രാധിപര്‍.

ജേര്‍ണലിസം വിദ്യാര്‍ത്ഥികളായ പി. പി. രജീഷ്, എം. കെ. നവാസ്, ബിന്‍സി രവീന്ദ്രന്‍, നമിതകൃഷ്ണന്‍, സുസ്മിത പി. നാമത്ത്, ജെ .സി. തേജസ്വിനി, പി. ജിംഷാര്‍, ഇ. പി. അനഘ, ടി. വി. ജീജ, ലിന്റവത്സന്‍, കെ. അമൃത, അഞ്ജുശ്രീ, ധന്യ പി. കൃഷ്ണന്‍, നവാസ്, പി. പി. റിനീഷ എന്നിവരായിരുന്നു റിപോര്‍ട്ടര്‍മാര്‍. വിനയലാല്‍, അനിരുഅശോകന്‍, ആഷിക് ചന്ദ്രന്‍, ശ്രീധന്യ, സുബിനാസ്, വി. ആര്‍. വിഷ്ണുപ്രസാദ് എന്നിവരാണ് ഡസ്‌ക്ക് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്. സൈനുല്‍ ആബിദും സൈനുദ്ദീനും ഷിജു കണ്ണനുമായിരുന്നു ഫോട്ടോഗ്രാഫര്‍മാര്‍. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും ഇവരുടെ സജീവ സാന്നിധ്യം കലോത്സവ നഗരിയിലുണ്ട്.

Keywords:  Journalism students, News paper, Fire, Kannur University, Kalolsavam, Complaint, Kushalnagar, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL