city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയോരമേഖലയിലെ കോളനികളില്‍ നക്‌സല്‍ സാന്നിധ്യം: രഹസ്യാന്വേഷണ വിഭാഗം

മലയോരമേഖലയിലെ കോളനികളില്‍ നക്‌സല്‍ സാന്നിധ്യം: രഹസ്യാന്വേഷണ വിഭാഗം
കാഞ്ഞങ്ങാട്: കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ നക്‌സല്‍ സംഘടനകളുടെ നുഴഞ്ഞുകയറ്റം സ്ഥിരീകരിച്ചതിനു പിന്നാലെ ജില്ലയുടെ മലയോരമേഖലയിലെ കോളനികളിലും നക്‌സല്‍ സാന്നിധ്യമുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

ആദിവാസി വിഭാഗങ്ങളുടെ പ്രധാനപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് നക്‌സല്‍-മാവോയിസ്റ്റ് സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കിയത്. സംസ്ഥാനത്തെ ദളിത് കോളനികളിലും ആദിവാസിമേഖലയിലും നക്‌സല്‍- മാവോയിസ്റ്റ് പ്രവര്‍ത്തകരും കടന്നുകൂടിയിരിക്കുന്നതായുള്ള ഐ.ബി രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപോര്‍ട് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സൂചനകള്‍.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈസ്റ്റ് എളേരി പഞ്ചായത്തു പരിധിയില്‍ ആദിവാസി കോളനിയില്‍ രണ്ടു പ്രാവശ്യം രാത്രികാല രഹസ്യയോഗങ്ങള്‍ നടന്നതായും അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍ക്കൊപ്പം കോളനിക്ക് പുറത്തുള്ളവരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നതായും വിവരം പുറത്തുവന്നിട്ടുണ്ട്. ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനെന്ന വ്യാജേനയുമാണ് ഇവര്‍ കോളനിയില്‍ ഇടപെടുന്നത്.

പട്ടയമില്ലാത്ത ആദിവാസികളുടെ മൂന്നു സെന്റില്‍ കൂടുതലുള്ള ഭൂമി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേയാണ് നക്‌സല്‍ പ്രസ്ഥാനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ഇത്തരമൊരു ആവശ്യമുയര്‍ത്തിയാല്‍ ഈ വിഭാഗത്തിലുള്ളവരെ കൈയിലെടുക്കാന്‍ സാധിക്കുമെന്നുമാണ് നക്‌സല്‍ സംഘടനാ നേതാക്കളുടെ കണക്കുകൂട്ടല്‍. സംസ്ഥാന സര്‍ക്കാരും ത്രിതല പഞ്ചായത്തു ഭരണകൂടങ്ങളും ആദിവാസി മേഖലയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ കോളനികളില്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇതൊന്നും അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്താത്ത അവസ്ഥയാണുളളത്. ഇത്തരം ആനുകൂല്യങ്ങളെല്ലാം തങ്ങള്‍ പിടിച്ചു വാങ്ങിത്തരുമെന്ന വാഗ്ദാനമാണ് കോളനികളില്‍ നക്‌സല്‍ സംഘടനകള്‍ നല്‍കുന്നത്.

ആദിവാസി മേഖലയില്‍ ശക്തമായ വേരോട്ടമുള്ള വ്യാജ മദ്യലോബിയും നക്‌സല്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കിവരുന്നതായി സൂചനയുണ്ട്. മുമ്പ് കാസര്‍കോട് ജില്ലയിലെ ഈസ്റ്റ്, വെസ്റ്റ് എളേരി, ബളാല്‍, കിനാനൂര്‍- കരിന്തളം എന്നീ പഞ്ചായത്തുകളിലെ ചില ആദിവാസി കോളനികളില്‍ നക്‌സല്‍ - മാവോയിസ്റ്റ് ബന്ധങ്ങള്‍ ഉടലെടുത്തിരുന്നുവെങ്കിലും പോലീസിന്റെ ശക്തമായ നിരീക്ഷണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ നാളുകളില്‍ ആദിവാസി കോളനികളില്‍ സാമുദായികവത്കരണത്തിന്റെ പേരു പറഞ്ഞ് സംഘടനാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ഇതിന്റെ പേരില്‍ വര്‍ഗീയചിന്തകള്‍ പകരുകയും ഇത് ശക്തിപ്പെടുത്തുന്നതിനായി ആദിവാസി മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രത്യേക സ്റ്റഡി ക്ലാസുകള്‍ നടത്തുന്നതായും റിപോര്‍ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി മലയോരത്തെ പല കോളനികളിലും പരിചയമില്ലാത്ത പലരേയും കണ്ടതായി നാട്ടുകാര്‍ പറയുന്നു.

കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള നക്‌സല്‍ പ്രവര്‍ത്തകരും നേതാക്കളുമാണ് ജില്ലയില്‍ വീണ്ടും നക്‌സല്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും അറിയുന്നു. നക്‌സല്‍ സംഘടനകളുടെ നുഴഞ്ഞുകയറ്റം സംബന്ധിച്ച് ലോക്കല്‍ പോലീസിന് വ്യക്തമായ അറിവോ ധാരണയോ ഇല്ലെങ്കിലും മലയോരത്തെ ആദിവാസി കോളനികള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്നും അറിയുന്നു.

Keywords: Naxal, High range, Colony, Kannur, Kozhikode, Palakkad, Wayanad, Intelligence bureau, West eleri, Kinanur-Karinthalam, Kasaragod, Kerala, Malayalam news.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia