നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍നിന്ന് പിന്തിരിയില്ല: മുസ്ലിം ലീഗ്
May 8, 2012, 10:49 IST
കാഞ്ഞങ്ങാട്: യു.ഡി.എഫിന്റെ പോലീസ് നയത്തെ വ്യഭിചരിക്കുംവിധം ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗവും കാഞ്ഞങ്ങാട് പോലീസ് സബ് ഡിവിഷനിലെ ചില പോലീസ് ഉദ്യോഗസ്ഥരും നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രഖ്യാപിച്ച സമരത്തെ യു.ഡി.എഫിനെതിരായ സമരമായി ദുര്‍വ്യാഖ്യാനിച്ച് ജില്ലയില്‍ സുദൃഢമായി തുടരുന്ന കോണ്‍ഗ്രസ്-മുസ്ലിം ലീഗ് ബന്ധത്തെ തകര്‍ക്കാന്‍ ദുഷ്ടലാക്കോടെ വാര്‍ത്തകള്‍ ചമക്കുന്നവര്‍ കാലങ്ങളായി സ്വീകരിച്ചുവരുന്ന മുസ്ലിം വിരുദ്ധ-ലീഗ് വിരുദ്ധ നിലപാടുകള്‍ തിരിച്ചറിയാനുള്ള പൊതു സമൂഹത്തിന്റെ ആര്‍ജ്ജവത്തെ വെല്ലുവിളിക്കുകയാണെന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതൃ യോഗം കുറ്റപ്പെടുത്തി.
സമുദായവും ലീഗുമായും ബന്ധപ്പെടുത്തി ഒരു സായാഹ്ന പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തകളിലെല്ലാം വിരുദ്ധ വികാരത്തിന്റെ വിഷപ്രസരണം എത്രമേല്‍ ശക്തമായിരുന്നുവെന്ന് ബഹുജനങ്ങള്‍ക്കറിയാവുന്ന കാര്യമാണ്. ഷുക്കൂര്‍ വധത്തിലേക്ക് ഒടുവില്‍ ടി.പി. ചന്ദ്രശേഖരന്റെ ഹത്യയിലേക്കും നയിച്ച സുരക്ഷാ പാളിച്ചകള്‍ പോലീസില്‍ ചിലരുടെ ഹിഡ്ഡന്‍ അജണ്ടകളെ തുറന്നുകാട്ടുമ്പോള്‍ ജില്ലയിലെ ഒരു വിഭാഗം പോലീസിനെതിരെ മുസ്ലിം ലീഗ് ഉന്നയിക്കുന്ന ആരോപണം കോണ്‍ഗ്രസ് ഉള്‍പ്പെടെ അംഗീകരിക്കുന്നതും യു.ഡി.എഫ്. ജില്ലാ കമ്മിറ്റി ഒറ്റക്കെട്ടായി സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചതുമാണെന്നിരിക്കെ നേതൃതല ധാരണകളറിയാത്ത കോണ്‍ഗ്രസ് അണികളെ തിരിച്ചുവിടാനാണ് മാതൃസ്തന്യത്തിന്റെ മാധൂര്യം മറന്നുപോയ മിര്‍ജാഫര്‍മാരെ കൂട്ടുപിടിച്ച് പത്രം ശ്രമിക്കുന്നത്. കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
ആകര്‍ഷണീയതമാത്രം ലക്ഷ്യംവെച്ച് ഏതാനും യുവാക്കള്‍ പല നിറത്തിലും ഡിസൈനുകളിലുമുള്ള വസ്ത്രങ്ങളണിഞ്ഞ് നബിദിന റാലിയില്‍ അണിനിരന്നതിന്റെ പേരില്‍ അതില്‍ ചിലരുടെ ഡ്രസ്സുകള്‍ക്ക് പട്ടാളവേഷത്തോട് സാമ്യമുണ്ടെന്ന് പറഞ്ഞ് ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പീഡിപ്പിക്കുന്ന പോലീസിനെതിരെ സമരം ചെയ്താല്‍ മതനിരപേക്ഷതയും രാജ്യ സ്നേഹവും തകര്‍ന്നുപോകുമെന്ന് വിലപിക്കുന്ന സംഘ് പരിവാറും സി.പി.എമ്മും രാജ്യത്തിന്റെ സ്വാതന്ത്യ്രത്തെയും മതേതര ഭരണഘടനയെയും അംഗീകരിക്കാത്ത സ്വന്തം ഭൂതകാലം മറക്കരുത്.
മഹാത്മാഗാന്ധിയെ വധിക്കുകയും ബാബരി മസ്ജിദ് തകര്‍ക്കുകയും ഗുജറാത്തിലെ ആയിരങ്ങളെ കൊന്നൊടുക്കിയ അത്യാചാരങ്ങളിലിന്നും ആവേശം കൊള്ളുകയും മലേകാവ് സംശോധാ എക്സ്പ്രസ് ഭീകരാക്രമണങ്ങളില്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത സംഘ് പരിവാറില്‍നിന്ന് ഓഗസ്റ് 15 ആപത്ത് പതിനഞ്ചും സ്വാതന്ത്യ്രദിനം കരിദിനവുമായാചരിക്കുകയും സ്വാതന്ത്യ്രത്തിന് 65 ആണ്ട് പിന്നിട്ടിട്ടും ദേശീയ പതാക പാര്‍ട്ടിയുടെ സ്വാതന്ത്യ്രദിന പരിപാടികളിലടക്കം ഉപയോഗിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്ന സി.പി.എമ്മില്‍നിന്നും മതനിരപേക്ഷതയുടെ പാഠങ്ങള്‍ പഠിക്കേണ്ട ഗതികേട് മുസ്ലിം ലീഗിനില്ല.
നിരപരാധികളായ ന്യൂനപക്ഷ സമുദായാംഗങ്ങളെ പീഡിപ്പിക്കലല്ല മത നിരപേക്ഷത. അവര്‍ക്ക് നീതി ലഭ്യമാക്കലാണ്. അതിനുവേണ്ടിയുള്ള ലീഗിന്റെ പ്രതിബദ്ധതയില്‍നിന്നും സംഘ് പരിവാറിന്റേയോ സി.പി.എമ്മിന്റെയോ ലീഗ് വിരുദ്ധ പത്രത്തിന്റെ ജല്‍പനങ്ങള്‍ കേട്ട് പാര്‍ട്ടി പിന്‍മാറില്ല.
വേഷവിവാദത്തില്‍ സംഘ്പരിവാരത്തെ കടത്തിവെട്ടുംവിധം പിണറായി മുതല്‍ ശതീഷ് ചന്ദ്രന്‍ വരെ കൈക്കൊണ്ട ന്യൂനപക്ഷ വിരുദ്ധ നിലപാടറിയുന്ന സമൂഹത്തിന്റെ മുന്നില്‍ സംഘ് പരിവാര്‍ മുതലെടുപ്പെന്ന ഉമ്മാക്കി കാട്ടി നീതിക്കുവേണ്ടിയുള്ള ലീഗ് ശബ്ദത്തെ ദുര്‍ബലമാക്കാനുള്ള സതീശ് ചന്ദ്രന്റെ ഇപ്പോഴത്തെ നിലപാട് പരിഹാസ്യമുണര്‍ത്തുന്നതായി. കമ്മിറ്റി തുടര്‍ന്നു പറഞ്ഞു.
പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. എം.പി. ജാഫര്‍, എം.ഇബ്രാഹിം, സി.എം. ഖാദര്‍ ഹാജി, കെ.കെ.കുഞ്ഞിമൊയ്തീന്‍, യു.വി.ഹസൈനാര്‍, എം.കുഞ്ഞാമദ് കല്ലൂരാവി പ്രസംഗിച്ചു.
Keywords: Muslim league, Kanhangad, Kasaragod