കൗതുകവും ആശങ്കയും സൃഷ്ടിച്ച് ജില്ലാ ആശുപത്രിയില്‍ മോക്ക്ഡ്രില്‍
May 23, 2012, 14:35 IST
കാഞ്ഞങ്ങാട്: സൈറണ്‍ മുഴക്കിവന്ന മൂന്ന് ആംബുലന്‍സുകള്‍ ജില്ലാ ആശുപത്രിയിലേക്ക്. ഉടന്‍ തന്നെ ജില്ലാ ആശുപത്രി പബ്ലിക്ക് അഡ്രസ്സ് സിസ്റ്റം വഴി സെക്യൂരിറ്റി ജീവനക്കാരന്‍ കോഡ് ഓരഞ്ച് എന്ന് അനൗണ്‍സ്മന്റ് ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയിലെ ബഹുഭൂരിഭാഗം ഡോക്ടര്‍മാരും ആശുപത്രി കാഷ്യാലിറ്റിയിലേക്ക് ഓടിയെത്തി.
രോഗികളേയും കൊണ്ടുള്ള ആംബുലന്‍സില്‍ നിന്ന് അത്യാഹിതത്തില്‍പ്പെട്ട ആള്‍ക്കാരെ രോഗ തീവ്രതയ്ക്കനുസരിച്ച് ഡോക്ടര്‍മാര്‍ പരിശോധിച്ച് വിവിധ നിറത്തിലുള്ള റിസ്റ്റ് ബാന്റുകള്‍ കൈകളില്‍ കെട്ടി വിവിധ ഭാഗങ്ങലിലേക്ക് ഉടന്‍ തന്നെ മാറ്റുകയും ചെയ്തു. പതിവില്ലാത്ത രംഗങ്ങള്‍ കണ്ടപ്പോള്‍ നാട്ടുകാരും ആശുപത്രിയിലെത്തിയ രോഗികളും ആദ്യമൊന്ന് പരിഭ്രമിക്കുകയും പിന്നീട് കൗതുകത്തിലവുകയും ചെയ്തു. ജീവനക്കാരും ഡോക്ടര്‍മാരും ഇത് മോക്ഡ്രില്‍ ആണെന്നകാര്യം അറിയുന്നതും അവസാന ഘട്ടത്തിലാണ്. അപ്പോഴാണ് ആശങ്ക ഒഴിവായതും.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി അത്യാഹിതങ്ങളില്‍പ്പെട്ട രോഗികള്‍ക്ക് ശാസ്ത്രീയമായി മികച്ച രീതിയിലുള്ള ചിക്തസ ലഭ്യമാക്കുന്നതിനുള്ള ട്രെയിനിംഗിന്റെ ഭാഗമായിരുന്നു മോക്ക്ഡ്രില്‍ സംഘടിപ്പിച്ചതെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ അറിയിച്ചു. ഇതിലുണ്ടായ പോരായ്മകള്‍ തുടര്‍ പരിശീലനത്തിലൂടെ പരിഹരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. പരിപാടിയില്‍ ഡോക്ടര്‍മാരായ പത്മനാഭന്‍, വിനോദ് കുമാര്‍, ഷക്കീല്‍ അന്‍വര്‍, മിനി മനോജ്, ജീവനക്കാരായ ജയലക്ഷ്മി, പൊന്നമ്മ, രജിതമ്മ ചന്ദ്രന്‍, രാജന്‍ കയ്യില്‍, അജയ് കുമാര്‍ കരിമ്പില്‍, പ്രവീണ്‍ തോയമ്മല്‍, ശശി.സി.പി, വിജയന്‍, മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Mock drill, District hospital, Kanhangad, Kasaragod