കാണാതായ 20കാരിയെ കണ്ടെത്തി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്
Mar 7, 2012, 16:18 IST
കാഞ്ഞങ്ങാട്: ദുരൂഹ സാഹചര്യത്തില്‍ ഒന്നര വര്‍ഷം മുമ്പ് കാണാതായ 20 കാരിയെ കണ്ടെത്തി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.അമ്പലത്തറ പോലീസ് അതിര്‍ത്തിയിലെ തായന്നൂര്‍ മൊയോളം കോളനിയിലെ എം സി രാമന്റെ മകള്‍ എം സി രേഷ്മയെ(20)കണ്ടെത്തി മാര്‍ച്ച് 9 നകം നേരിട്ട് ഹാജരാക്കാന്‍ ഹൈക്കോടതി കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
കാഞ്ഞങ്ങാട്ടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രീപ്രൈമറി അധ്യാപിക പരിശീലനം നടത്തിവരികയായിരുന്ന പെണ്‍കുട്ടി 2010 മെയ് മാസത്തിലാണ് അപ്രത്യക്ഷയായത്. കാഞ്ഞങ്ങാട്ടെ കരിസ്താസ് ഭവനിലും പിന്നീട് ബല്ലാകടപ്പുറത്തെ വാടക വീട്ടിലും താമസിച്ച് പഠനം നടത്തിവരികയായിരുന്ന രേഷ്മ മഡിയനില്‍ താമസിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രത്യക്ഷയായത്. എറണാകുളത്ത് ജോലി കിട്ടിയിട്ടുണ്ടെന്നും അങ്ങോട്ട് പോവുകയാണെന്നും പെണ്‍കുട്ടി കൂട്ടുകാരികളോട് പറഞ്ഞിരുന്നു. ഇതിനുശേഷം രേഷ്മയെ കുറിച്ച് യാതൊരു വിവരവുമില്ല. പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അമ്പലത്തറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും രേഷ്മയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.
രേഷ്മക്ക് കാഞ്ഞങ്ങാട്ട് താമസിക്കാന്‍ മുറി സൗകര്യം ചെയ്തുകൊടുത്തത് പാണത്തൂര്‍ സ്വദേശി ബിജു പൗലോസാണെന്നും മഡിയനില്‍ വാടക വീട്ടില്‍ താമസിക്കുമ്പോള്‍ ബിജുവിന്റെ മാതാവ് രേഷ്‌മേയാടൊപ്പം ഉണ്ടായിരുന്നുവെന്നും തിരിച്ചറിഞ്ഞ പോലീസ് പൗലോസിനെയും മാതാവിനെയും വിശദമായി ചോദ്യം ചെയ്തിരുന്നു.
രേഷ്മയെ തനിക്ക് അറിയാമായിരുന്നുവെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് താമസ സൗകര്യം തരപ്പെടുത്തിക്കൊടുക്കുകയായിരുന്നുവെന്നുമാണ് ബിജു പോലീസിനോട് പറഞ്ഞത്. പോലീസ് സംഘം കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതിനിടയില്‍ ഏറ്റവുമൊടുവില്‍ മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രേഷ്മയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് എഎസ്പി എച്ച് മഞ്ജുനാഥാണ് രേഷ്മ തിരോധാന കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടി കോയമ്പത്തൂരില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസ് സംഘം ഇപ്പോള്‍ അങ്ങോട്ട് പോയിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെങ്കില്‍ അന്വേഷണത്തിന്റെ പൂര്‍ണ വിവരങ്ങളടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് പോലീസ് മാര്‍ച്ച് 9 ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
Keywords: Missing, Girl, court order, Kanhangad