city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൗനിബാബയുടെ രത്‌നക്കല്ല് ഹൊസ്ദുര്‍ഗ് കോടതി ബന്തവസിലെടുത്തു

മൗനിബാബയുടെ രത്‌നക്കല്ല് ഹൊസ്ദുര്‍ഗ് കോടതി ബന്തവസിലെടുത്തു
Mouni Baba
കാഞ്ഞങ്ങാട്: അരനൂറ്റാണ്ട് പഴക്കമുണ്ടെന്ന് കരുതുന്ന അമൂല്യ പുരാവസ്തു ശേഖരമായ രത്‌നക്കല്ല് ഇടപാടുമായി ബന്ധപ്പെട്ട് ചെറുവത്തൂരിനടുത്ത കൊടക്കാട് പ്രശാന്ത് ആശ്രമത്തില്‍ താമസിച്ചിരുന്ന ബാബ എന്ന മൗനിബാബയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സാവിത്രി എന്ന ഭായി സാവിത്രിയും പ്രതിയായ കേസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്(ഒന്ന്)മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണ ഘട്ടത്തിലേക്ക്.

മൗനിബാബയും ഭായി സാവിത്രിയും പടന്നക്കാട്ടെ സെന്റ് മേരീസ് വുഡ് ഇന്‍ഡസ്ട്രീസ് ഉടമ ഫിലിപ്പ് മാമ്പള്ളിയില്‍ എന്നിവരാണ് ഈ കേസിലെ പ്രതികള്‍. തന്റെ വല്യപ്പന്‍ തനിക്ക് സമ്മാനമായി നല്‍കിയ അമൂല്യമായ രത്‌നക്കല്ല് വിറ്റുതരാമെന്ന് വാഗ്ദാനം നല്‍കി കൈവശപ്പെടുത്തി വഞ്ചിച്ചുവെന്ന കണ്ണൂര്‍ ജില്ലയിലെ ആലക്കോട് ശാന്തിപുരത്തെ പറയങ്കുഴിയില്‍ ജോയി ഫ്രാന്‍സിസ് നല്‍കിയ പരാതിയിലാണ് ചീമേനി പോലീസ് മൗനിബാബക്കും മറ്റു രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തത്. 13 വര്‍ഷം മുമ്പാണ് രത്‌നക്കല്ല് ഇടപാട് നടന്നത്. കേസ് കോടതിയില്‍ വിചാരണ ഘട്ടത്തിലാണെങ്കിലും മൗനിബാബ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇദ്ദേഹത്തെ ഒഴിവാക്കി പ്രൈവറ്റ് സെക്രട്ടറി സാവിത്രിക്കും മരമില്ല് ഉടമ ഫിലിപ്പ് മാമ്പള്ളിയിലിനുമെതിരെയാണ് ഇപ്പോള്‍ കേസ് നിലനില്‍ക്കുന്നത്.

കേസിനെ തുടര്‍ന്ന് ചീമേനി പോലീസ് 4.200 കിലോഗ്രാം തൂക്കം വരുന്ന ചുവപ്പും ഇളം നീലനിറവുമുള്ള രത്‌നക്കല്ല് കസ്റ്റഡിയിലെടുത്തിരുന്നു. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഈ രത്‌നക്കല്ല് മൗനിബാബക്ക് കോടതി വിട്ടുകൊടുത്തിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കുന്ന സാഹചര്യത്തില്‍ രത്‌നക്കല്ല് ഹാജരാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിഭാഗം വെള്ളിയാഴ്ച രത്‌നക്കല്ല് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. ഇത് കോടതി ബന്തവസിലെടുത്തിട്ടുണ്ട്. കേസ് ജനുവരി 19 ന് വീണ്ടും പരിഗണിക്കുന്നുണ്ട്.

1960 ല്‍ കോട്ടയത്ത് നിന്ന് കുടിയേറി പാര്‍ത്ത തന്റെ വല്യച്ചന്‍ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്‌നകല്ല് തന്റെ ആലക്കോട് ശാന്തിപുരത്തെ വീട്ടിലാണ് സൂക്ഷിച്ചിരുന്നതെന്ന് ജോയി ഫ്രാന്‍സിസ് നല്‍കിയ പരാതിയില്‍ പറയുന്നു. കേസിലെ പ്രതി ഫിലിപ്പ് മാമ്പള്ളിയുമായി ജോയിഫ്രാന്‍സിസിന് നേരത്തെ ബന്ധമുണ്ട്. ജോയി തന്റെ വീട്ടിലുള്ള രത്‌നകല്ലിനെ കുറിച്ച് ഫിലിപ്പിനോട് പറഞ്ഞിരുന്നു. രത്‌നകല്ലിനെ കുറിച്ചറിഞ്ഞ ഫിലിപ്പ് ചെറുവത്തൂര്‍ കൊടക്കാട് കണ്ണാടിപ്പാറയിലുള്ള മൗനിബാബ രത്‌നവ്യാപാരിയാണെന്നും അദ്ദേഹത്തെ സമീപിച്ചാല്‍ നല്ല വിലക്ക് ഇത് വില്‍ക്കാന്‍ കഴിയുമെന്നും ജോയിയോട് പറഞ്ഞു. ഇതനുസരിച്ച് രത്‌നം കാണാന്‍ മൗനിബാബക്ക് താല്പര്യമുണ്ടെന്നും വില നിശ്ചയിക്കാന്‍ അദ്ദേഹം ജോയിയുടെ ആലക്കോട്ടെ വീട്ടിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഫിലിപ്പ് പിന്നീട് ജോയിയെ അറിയിച്ചു.

1999 സെപ്തംബര്‍ 5ന് മൗനിബാബയും ഭായി സാവിത്രിയും ഫിലിപ്പും ജോയിയുടെ ആലക്കോട്ടെ വീട്ടിലെത്തിയതായി പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്. വീട്ടിലെത്തിയ മൗനിബാബക്ക് ജോയി രത്‌നകല്ലുകള്‍ കാട്ടിക്കൊടുത്തു. ബാബ ആംഗ്യഭാഷയില്‍ പലതും പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറി സാവിത്രി അത് തനിക്ക് തര്‍ജ്ജിമ ചെയ്തുതന്നു. ഇതിനിടയില്‍ ബാബ രത്‌നകല്ലിനെ മൂന്നുതവണ കുമ്പിട്ട് നമസ്‌കരിച്ചുവത്രെ. അപൂര്‍വമായ രത്‌നകല്ലാണിതെന്ന് പറഞ്ഞ ബാബ രത്‌നകല്ലുമായി കണ്ണാടിപ്പാറയിലേക്ക് മടങ്ങി. ഫിലിപ്പിന്റെ ഉത്തരവാദിത്വത്തിലാണ് കല്ല് ബാബയെ ഏല്‍പ്പിച്ചതെന്ന് ജോയി പറയുന്നു. ഈ കല്ലുമായി ധര്‍മ്മസ്ഥല രക്ഷാധികാരി വീരേന്ദ്രഹെഗ്‌ഡെയുടെ അടുത്തേക്ക് പോകണമെന്നും മൂല്യം നിശ്ചയിക്കണമെന്നും ബാബയും സാവിത്രിയും ജോയിയോട് പറഞ്ഞു. താനും കൂടെ വരാമെന്ന് ജോയി പറഞ്ഞപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും ബാബയെ വിശ്വസിക്കാമെന്നും ഫിലിപ്പ് പറഞ്ഞുവത്രെ. ധര്‍മ്മസ്ഥലയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് യാത്ര തിരിച്ച ഫിലിപ്പ് മൂന്നുദിവസം കഴിഞ്ഞ് വന്നു. ഇതൊരു ദൈവം തന്ന രത്‌നകല്ലാണ് എന്നാണ് ഇതേ കുറിച്ച് അഭിപ്രായമെന്ന് ഫിലിപ്പ് ജോയിയെ അറിയിക്കുകയും ചെയ്തു.

കുറച്ചുദിവസം കഴിഞ്ഞ് ബാബയും സാവിത്രിയും കൊടക്കാട്ടെ ആശ്രമത്തിലേക്ക് മടങ്ങിവന്നു. ജോയി അവരെ ചെന്ന് കാണുകയും ചെയ്തു. കല്ല് ബാംഗ്ലൂരില്‍ കൊണ്ടുപോയി വില നിശ്ചയിക്കണമെന്നും അമേരിക്കയില്‍ ചെന്ന് വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണമെന്നും പറഞ്ഞ ബാബ 1999 സെപ്തംബര്‍ 28 ന് ബാംഗ്ലൂര്‍ വഴി കല്ലുമായി അമേരിക്കയിലേക്ക് പോയി. പിന്നീട് ബാബ കുറേനാള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാതെയായി. മൂന്നുവര്‍ഷം കഴിഞ്ഞാണ് ബാബ നാട്ടിലേക്ക് മടങ്ങിയെത്തിയത്. രത്‌നകല്ല് തിരിച്ചുചോദിച്ചപ്പോള്‍ ജോയിക്ക് അത് കിട്ടിയില്ല. താന്‍ വഞ്ചിതനായി എന്ന് മനസിലാക്കിയ ജോയി ബാബക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു മൗനിബാബയുടെ രത്‌നകല്ല്.

Keywords: Mouni Baba, Diamond, Case, Police, Court, Hosdurg, Kanhangad, Kasaragod, Kerala, Malayalam news, Mauni Baba's diamond in police custody 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia