മന്‍സൂര്‍ ആശുപത്രിക്ക് മുന്നിലെ റോഡിന് ശാശ്വത പരിഹാരമാകുന്നു
Dec 14, 2011, 15:05 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിക്കു മുമ്പിലെ കുളവാമുന്ന റോഡിന് ശാശ്വത പരിഹാരമാവുന്നു. സ്റ്റേറ്റ് ഹൈവേയില്‍ ഒരു മഴക്ക് തന്നെ തകരുന്ന ഈ റോഡ് പ്രാചീന രീതിയില്‍ നിര്‍മ്മിച്ചതും, കെട്ടി നില്‍ക്കുന്ന വെള്ളം വാര്‍ന്നു പോകാന്‍ സംവിധാനമേര്‍പ്പെടുത്താത്തതുമായിരുന്നു. വെള്ളം വാര്‍ന്നു പോകുന്നതിനായി പ്രത്യകം രൂപ കല്‍പ്പന ചെയ്ത റോഡാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്. ഗ്രാനുവല്‍ സബ് ബേസില്‍ (ജിഎസ്ബി) ചെയ്യുന്ന റോഡ് വെള്ളത്തിനെ പ്രതിരോധിക്കും. ഇതിന്റെ അടിത്തട്ട് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മേല്‍ത്തട്ട് അടുത്ത ദിവസങ്ങളില്‍ പണി ആരംഭിക്കും. താഴ്ന്ന് നില്‍ക്കുന്ന ഇവടുത്തെ വെള്ളം വടക്കോട്ട് ഒഴുക്കി മാണിക്കോത്തു നിന്നും പ്രകൃതിദത്തമായ നിലയില്‍ ഒഴുക്കി കളയാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. താറും വെള്ളവും ഒരിക്കലും ചേരില്ലെന്നതിനാല്‍ വെള്ളം മാറ്റാതെ ഏന്തു സാങ്കേതിക വിദ്യ ഉപയോഗിച്ചാലും റോഡ് നിലനില്‍ക്കില്ല.
റോഡില്‍ പെയ്യുന്ന വെള്ളം ഓവു ചാലുകളിലെത്തണമെങ്കില്‍ മുകള്‍ ഭാഗം ഉയര്‍ന്നും, പാര്‍ശ്വങ്ങളില്‍ താണുമിരിക്കണം. എന്നാല്‍ മന്‍സൂര്‍ ആശുപത്രിക്ക് സമീപത്തുള്ള റോഡുകളുടെ പണി തീരുന്നതിനു മുമ്പേ തന്നെ റോഡിന്റെ കരകളില്‍ മണ്ണ് ലോഡിറക്കി അവരവരുടെ കെട്ടിടത്തിലേക്ക് വാഹനം കയറ്റാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത് റോഡിനെ വിണ്ടും നശിപ്പിക്കുമെന്നതിനാല്‍ അതിന് തുനിയുന്നതിനെതിരെ പൊതുമരാമത്തു വകുപ്പും, പഞ്ചായത്ത് അധികൃതരും ഇടപെടണമെന്ന് റോഡ് യൂസേര്‍സ് ഫോറം ആവശ്യപ്പെട്ടു. റോഡിന്റെ പണി നടക്കുമ്പോള്‍ ജനത്തിനോടൊപ്പവും, സംഘടനയോടൊപ്പവും മോട്ടോര്‍ തൊഴിലാളികളുടെ കരുതല്‍ കൂടിയുണ്ടാവണമെന്ന് റോഡ് യൂസേര്‍സ് ഫോറം സെക്രട്ടറി രാജന്‍ പ്രതിഭ അഭ്യര്‍ത്ഥനയിലൂടെ വ്യക്തമാക്കി.
Keywords: Road Tarring, Kanhangad, Kasaragod